Wednesday, December 25, 2013

സര്‍ക്കാര്‍ ഓഫീസിലെ താല്‍ക്കാലിക നിയമനത്തിനും ഇനി പുറംകരാര്‍

സര്‍ക്കാര്‍ ഓഫീസുകളിലെ താല്‍ക്കാലിക നിയമനത്തിന് പുറംകരാര്‍ സംവിധാനം വരുന്നു. ടെന്‍ഡര്‍ നടപടിയിലൂടെ സ്വകാര്യ ഏജന്‍സികളെ നിയോഗിച്ച് അവ മുഖാന്തിരം താല്‍ക്കാലിക നിയമനം നടത്താനാണ് വിവിധ ഓഫീസുകളില്‍ ലഭിച്ച അറിയിപ്പ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളെ നോക്കുകുത്തിയാക്കിയുള്ള പുതിയ തീരുമാനം വന്‍ ക്രമക്കേടിന് വഴിയൊരുക്കും. ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികള്‍ക്ക് ഇത് തിരിച്ചടിയാകും. സ്വയംഭരണാവകാശമുള്ള സ്ഥാപനങ്ങള്‍ ഈ മാതൃകയില്‍ നിയമന നടപടി ആരംഭിച്ചുകഴിഞ്ഞു.

ചെലവുചുരുക്കലിന്റെ ഭാഗമായി നിയമിക്കപ്പെട്ട ചീഫ് സെക്രട്ടറി ചെയര്‍മാനായ സമിതിയുടെ ശുപാര്‍ശയാണ് നടപ്പാക്കുന്നത്. വിവിധ വകുപ്പുകളിലെ അധിക തസ്തിക സംബന്ധിച്ച് സമിതി പഠനം നടത്തിയിരുന്നു. വിവിധ വകുപ്പുകളിലെ ഒഴിവുകള്‍ പിഎസ്സിക്ക് റിപ്പോര്‍ട്ടു ചെയ്യേണ്ടെന്ന് ഈ സമിതിയാണ് ശുപാര്‍ശ ചെയ്തത്. ഇതോടെ സംസ്ഥാനത്ത് ഫലത്തില്‍ അപ്രഖ്യാപിത നിയമനനിരോധനമാണ്.

പുതിയ മെഡിക്കല്‍ കോളേജ് ആരംഭിക്കുമ്പോള്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തുക. ആര്‍സിസി, മലബാര്‍ ക്യാന്‍സര്‍ സെന്റര്‍, വിവിധ ബോര്‍ഡുകള്‍ എന്നിവയിലാണ് സ്വകാര്യ ഏജന്‍സികള്‍ക്ക് നിയമനച്ചുമതല നല്‍കിയുള്ള സര്‍ക്കാരിന്റെ ആദ്യ പരീക്ഷണം. ഭൂരിഭാഗം സര്‍ക്കാര്‍ വകുപ്പുകളിലും 1961ലെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചാണ് നിയമനം. അരനൂറ്റാണ്ട് പിന്നിട്ടിട്ടും കാലഹരണപ്പെട്ട രീതി പുതുക്കിയിട്ടില്ല. എന്‍ട്രി കേഡറിന് പകരം പ്രമോഷന്‍ തസ്തിക പരിഗണിക്കാന്‍ സര്‍ക്കാര്‍ അടുത്തിടെ തീരുമാനിച്ചിരുന്നു. എന്‍ട്രി കേഡറിന്റെയും പ്രമോഷന്‍ തസ്തികയുടെയും അനുപാതം 1ഃ1 ആക്കണമെന്നാണ് നിര്‍ദേശം. എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ പത്തുശതമാനം ലാസ്റ്റ്ഗ്രേഡ് ജീവനക്കാര്‍ക്ക് മാറ്റിവയ്ക്കാനും നിര്‍ദേശമുണ്ട്. ഇത് തൊഴില്‍ കാത്തിരിക്കുന്ന ആയിരങ്ങള്‍ക്കാണ് ഇടിത്തീയായത്. വിജ്ഞാപനമിറക്കിയ തസ്തികകളില്‍ പരീക്ഷയും തുടര്‍നടപടികളും നടത്താതെ പിഎസ്സിയും വഞ്ചനക്ക് കൂട്ടുനില്‍ക്കുകയാണ്. പല പരീക്ഷകളുടെയും ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. നടപടി പൂര്‍ത്തിയാക്കിയ റാങ്ക്ലിസ്റ്റുകളില്‍ നിയമന ശുപാര്‍ശ അയക്കുകയോ ചെയ്തിട്ടില്ല. മാര്‍ച്ച് 31വരെയുള്ള കാലയളവില്‍ വിജ്ഞാപനമിറങ്ങിയ 1644 തസ്തികകളില്‍ പരീക്ഷ നടത്തിയിട്ടില്ല. പിന്നോക്ക വിഭാഗങ്ങളുടെ തസ്തികകളെയാണ് പരീക്ഷയില്‍നിന്ന് മാറ്റിനിര്‍ത്തിയത്. എല്‍ഡി ക്ലര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് എന്നിവയിലേക്കാണ് പേരിനെങ്കിലും പരീക്ഷയും നിയമനവുമുള്ളത്. വനിതാപൊലീസ്, ജില്ലാ സഹകരണബാങ്ക് ഡ്രൈവര്‍ തുടങ്ങി വിവിധ തസ്തികകളില്‍ പരീക്ഷ നടത്തിയെങ്കിലും ചുരുക്കപ്പട്ടികപോലും പുറത്തിറക്കിയിട്ടില്ല. 500 തസ്തികകളിലെ നിയമനമാണ് ഇതോടെ പ്രതിസന്ധിയിലായത്.
(സതീഷ്ഗോപി)

deshabhimani

No comments:

Post a Comment