സാധാരണക്കാരന്റെ വൈദ്യുതിനിരക്ക് അടിക്കടി ഉയര്‍ത്തുന്നതിനിടെ വന്‍കിട വൈദ്യുതി ഉപയോക്താക്കള്‍ക്ക് വഴിവിട്ട് ആനുകൂല്യം. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്ന വന്‍കിടക്കാര്‍ക്ക് പ്രോത്സാഹനമെന്ന പേരില്‍ നിരക്ക് ഇളവ് അനുവദിക്കാനാണ് റെഗുലേറ്ററി കമീഷന്‍ തലത്തില്‍ നീക്കം നടക്കുന്നത്. ഇതിനായി ബിനാനി സിങ്ക് സമര്‍പ്പിച്ച ഹര്‍ജി റെഗുലേറ്ററി കമീഷന്‍ ഫയലില്‍ സ്വീകരിച്ചു. ലോഡ് ഫാക്ടര്‍ ഇന്‍സന്റീവ് നടപ്പാക്കുന്നതിനുള്ള നടപടികള്‍ അന്തിമഘട്ടത്തിലായിട്ടുണ്ട്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രോത്സാഹനമായി നിരക്കിളവ് അനുവദിക്കുന്ന ലോഡ് ഫാക്ടര്‍ ഇന്‍സന്റീവിനായി വന്‍കിട വ്യവസായികള്‍ കുറച്ചുകാലമായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. കേരളം കടുത്ത വൈദ്യുതിക്ഷാമം നേരിടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ ഉപയോഗിക്കുന്നവരെ നിരക്കിളവ് നല്‍കി പ്രോത്സാഹിപ്പിക്കേണ്ടതില്ല എന്ന നിലപാട് റെഗുലേറ്ററി കമീഷന്‍ നേരത്തേതന്നെ സ്വീകരിച്ചിരുന്നു. കമീഷന്റെ ഈ നിലപാടിനെതിരെ വന്‍കിടക്കാര്‍ കേന്ദ്ര അപ്പലറ്റ് ട്രിബ്യൂണലിനെ സമീപിച്ചു. വിഷയത്തില്‍ ഒരു തീരുമാനമെടുക്കാതിരുന്ന ട്രിബ്യൂണല്‍ വന്‍കിട വ്യവസായികളുടെ ആവശ്യം സമയബന്ധിതമായി പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കാന്‍ സംസ്ഥാന റെഗുലേറ്ററി കമീഷനോട് ആവശ്യപ്പെട്ടു. കമീഷനെ സഹായിക്കുന്ന വിധത്തില്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് വൈദ്യുതി ബോര്‍ഡിനോടും ആവശ്യപ്പെട്ടു.
ലോഡ് ഫാക്ടര്‍ ഇന്‍സന്റീവിനെ എതിര്‍ക്കുന്ന റിപ്പോര്‍ട്ട് നവംബറില്‍ വൈദ്യുതി ബോര്‍ഡ് കമീഷന് കൈമാറി. എന്നാല്‍, ഇതിനിടെ, ബിനാനി സിങ്ക് ഹര്‍ജിയുമായി റെഗുലേറ്ററി കമീഷനു മുന്നിലെത്തി. അപ്പലറ്റ് ട്രിബ്യൂണലിന്റെ മുന്നിലെ കേസില്‍ കക്ഷിയല്ലെങ്കിലും ബിനാനി സിങ്ക് സമാന്തരഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. ഇത്തരത്തിലുള്ള സ്വകാര്യ പെറ്റീഷന്‍ പരിഗണിക്കാന്‍ നിയമപ്രകാരം റെഗുലേറ്ററി കമീഷന് അര്‍ഹതയില്ല. എന്നാല്‍, ബിനാനി സിങ്കിന്റെ ഹര്‍ജി സ്വീകരിച്ച കമീഷന്‍ അതിനൊപ്പം കെഎസ്ഇബിയുടെ റിപ്പോര്‍ട്ട് കൂടി ചേര്‍ത്ത് രണ്ടുംകൂടി ഒരുമിച്ച് പൊതു തെളിവെടുപ്പിന് വിട്ടു. ഉന്നതതലങ്ങളിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് ഈ നടപടിയെന്നും സംശയിക്കുന്നു. ലോഡ് ഫാക്ടര്‍ ഇന്‍സന്റീവ് അനുവദിച്ചാല്‍ ബിനാനി സിങ്ക് പോലെ വിരലിലെണ്ണാവുന്ന സ്ഥാപനങ്ങള്‍ക്കാണ് അതിന്റെ ആനുകൂല്യം ലഭിക്കുക. എന്നാല്‍, ആ ആനുകൂല്യം പ്രതിവര്‍ഷം കോടികള്‍ വരും. വൈദ്യുതിനിരക്ക് കുടിശ്ശികയുടെ പേരില്‍ കെഎസ്ഇബിയുമായി ബിനാനി സിങ്കിന്റെ നിയമപോരാട്ടം ഇപ്പോള്‍ ത്തന്നെ നിലവിലുണ്ട്.
deshabhimani
No comments:
Post a Comment