Friday, December 27, 2013

വംശഹത്യക്ക് ക്ലീന്‍ചിറ്റ്

 ഗുല്‍ബര്‍ഗ സൊസൈറ്റിയില്‍ 69 മുസ്ലിങ്ങളെ കൊന്ന കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിക്ക് ക്ലീന്‍ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷകസംഘത്തിന്റെ (എസ്ഐടി) കണ്ടെത്തലിനെതിരെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വിധവ സാകിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജി അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതി തള്ളി.

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് ഗുല്‍ബര്‍ഗയില്‍ നടന്ന കൂട്ടക്കൊലയില്‍ മോഡിക്കും ഉദ്യോഗസ്ഥരടക്കം 57 സംഘപരിവാര്‍ നേതാക്കള്‍ക്കും പങ്കുണ്ടെന്ന് കാണിച്ച് സാകിയ ജാഫ്രി സമര്‍പ്പിച്ച ഹരജിയാണ് മജിസ്ട്രേട്ട് ബി ജെ ഗനത്ര തള്ളിയത്. ഭര്‍ത്താവിന്റെ യഥാര്‍ഥ കൊലയാളികള്‍ക്ക് ശിക്ഷവാങ്ങികൊടുക്കാന്‍ ഏഴുവര്‍ഷമായി നിരന്തര നിയമപോരാട്ടം നടത്തുന്ന എഴുപത്തിനാലുകാരിയായ സാകിയ ജാഫ്രി വിധിപ്രസ്താവം കേട്ട് കോടതിയില്‍ കുഴഞ്ഞുവീണു. വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സാകിയ ജാഫ്രിയും മകന്‍ തന്‍വിര്‍ ജാഫ്രിയും അഭിഭാഷകന്‍ മിഹിര്‍ ദേശായിയും പറഞ്ഞു. വിധിയില്‍ തൃപ്തരല്ല, മുസ്ലിങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ മോഡിയും സര്‍ക്കാര്‍ സംവിധാനവും ഗൂഢാലോചന നടത്തിയതിന്റെ നിരവധി തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിട്ടും വിധി പ്രതികൂലമായി-സാകിയ നിറകണ്ണുകളോടെ പറഞ്ഞു.

അഹമ്മദാബാദില്‍ 2002 ഫെബുവരി 28ന് മുസ്ലിംകുടുംബങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഗുല്‍ബര്‍ഗ സൊസൈറ്റി അക്രമികള്‍ വളഞ്ഞപ്പോള്‍ അന്തേവാസികള്‍ കൂട്ടത്തോടെ കോണ്‍ഗ്രസ് എംപി എഹ്സാന്‍ ജാഫ്രിയുടെ വീട്ടില്‍ അഭയംതേടി. ജാഫ്രി പൊലീസിനെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. മതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയ അക്രമികള്‍ ആറുമണിക്കൂര്‍ നീണ്ട ആക്രമണത്തില്‍ ജാഫ്രി അടക്കം 35പേരെ ജീവനോടെ കത്തിച്ചു. ബാക്കിയുള്ളവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി. ഭരണസംവിധാനത്തിന്റെ നിഷ്ക്രിയത്വം ചൂണ്ടിക്കാട്ടി 2006ലാണ് സാകിയ ജാഫ്രി മോഡിക്കെതിരെ പരാതി നല്‍കിയത്. ഗുജറാത്ത് പൊലീസ് അന്ന് കേസെടുത്തില്ല. തുടര്‍ന്ന് ഹൈക്കോടതിയിലേക്കും സുപ്രീംകോടതിയിലേക്കും നിയമയുദ്ധം നീണ്ടു. സുപ്രീംകോടതി പ്രത്യേക അന്വേഷകസംഘത്തെ നിയോഗിച്ചു. കഴിഞ്ഞവര്‍ഷം ഫെബ്രുവരി എട്ടിനാണ് എസ്ഐടി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പ്രോസിക്യൂട്ട് ചെയ്യാന്‍ ആവശ്യമായ തെളിവ് ലഭിച്ചില്ലെന്നായിരുന്നു കണ്ടെത്തല്‍.

മോഡിയുടെ പങ്ക് തെളിയിക്കുന്ന ടെലിഫോണ്‍ സംഭാഷണം അടക്കമുള്ള രേഖ ഹാജരാക്കിയാണ് എസ്ഐടിയുടെ കണ്ടെത്തല്‍ ചോദ്യംചെയ്ത് സാകിയ കോടതിയെ സമീപിച്ചത്. ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥരായ ആര്‍ ബി ശ്രീകുമാര്‍, രാഹുല്‍ ശര്‍മ്മ, സഞ്ജീവ് ഭട്ട് എന്നിവര്‍ മോഡിക്കെതിരെ നല്‍കിയ സാക്ഷിമൊഴി പരിഗണിക്കാന്‍ എസ്ഐടി തയ്യാറായില്ല. ഗോദ്ര സംഭവത്തിന്റെ പ്രതികാരം വീട്ടാന്‍ ഹിന്ദുക്കള്‍ക്ക് അവസരം നല്‍കണമെന്ന് മോഡി താനടക്കമുള്ള ഉദ്യോഗസ്ഥരോട് നിര്‍ദേശിച്ചെന്നായിരുന്നു സഞ്ജീവ് ഭട്ടിന്റെ മൊഴി. എസ്ഐടി ഗൗരവപൂര്‍വം അന്വേഷണം നടത്തിയില്ലെന്നും സാകിയ കോടതിയില്‍ ചൂണ്ടിക്കാട്ടി. വര്‍ഗീയവൈരം ആളിക്കത്തിക്കാന്‍ ശ്രമിച്ചതിന് മോഡിയെ പോസിക്യൂട്ട് ചെയ്യാവുന്നതാണെന്ന് കേസില്‍ അമിക്കസ് ക്യൂറി ആയ രാജു രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

മോഡിയെ വാഴ്ത്തുന്നത് കോര്‍പറേറ്റ് മാധ്യമങ്ങള്‍: റെഡ്ഡി

കൊല്ലം: കോര്‍പറേറ്റ് മാധ്യമങ്ങള്‍ ജനവികാരം മറച്ചുവച്ച്നരേന്ദ്രമോഡിയെ വാഴ്ത്തുകയാണെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പറഞ്ഞു. ജനയുഗം കൊല്ലം എഡിഷന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വലതുപക്ഷ ദേശീയമാധ്യമങ്ങള്‍ കോണ്‍ഗ്രസിനെ കൈയൊഴിഞ്ഞു. നരേന്ദ്രമോഡിയുടെ അപദാനങ്ങള്‍ വാഴ്ത്തുകയാണവര്‍. നാലു സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ മാധ്യമങ്ങളുടെ പക്ഷപാതിത്വം പ്രകടമായിരുന്നു. വാണിജ്യവല്‍ക്കരിക്കപ്പെട്ട മാധ്യമങ്ങള്‍ വാര്‍ത്തകളെ പക്ഷപാതിത്വത്തോടെയാണ് ജനങ്ങളിലെത്തിക്കുന്നത്. ജനാധിപത്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണ് ഇത്. രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങളെ മാധ്യമങ്ങള്‍ വെളിച്ചത്തുകൊണ്ടുവരുന്നുണ്ട്. എന്നാല്‍, അതെപ്പോഴും ആവര്‍ത്തിക്കുന്നില്ല. ദളിത്, ആദിവാസി സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളെ മാധ്യമങ്ങള്‍ ബോധപൂര്‍വം തമസ്കരിക്കുന്നു. പാവപ്പെട്ടവന്റെ ജീവിത പ്രശ്നങ്ങളെ പരാമര്‍ശിക്കാന്‍പോലും കുത്തക മാധ്യമങ്ങള്‍ തയ്യാറല്ല- സുധാകര്‍ റെഡ്ഡി പറഞ്ഞു.

deshabhimani

No comments:

Post a Comment