വിപണികേന്ദ്രീകൃതവും സ്വകാര്യവല്‍ക്കരണത്തെ അകമഴിഞ്ഞ് പ്രോത്സാഹിപ്പിക്കുന്നതുമാണ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030 എന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന കേരള വികസന കോണ്‍ഗ്രസിലെ സെമിനാറില്‍ അഭിപ്രായമുയര്‍ന്നു. കേരളം വിവിധ മേഖലകളില്‍ തനതായ രീതിയില്‍ കൈവരിച്ച നേട്ടങ്ങളെ ഇല്ലാതാക്കാന്‍ ലക്ഷ്യമിടുന്ന രേഖ സാമൂഹ്യ, സാമ്പത്തികരംഗങ്ങളില്‍ ഘടനാപരമായ മാറ്റങ്ങള്‍കൂടി ലക്ഷ്യമിടുന്നതാണെന്നും കേരള വികസനവും, വിഷന്‍ 2030ഉം എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു.
ആസൂത്രണബോര്‍ഡ് തയ്യാറാക്കിയ വികസനരേഖ- വിഷന്‍ 2030ല്‍ വികസനത്തിനുള്ള ഒറ്റമൂലിയായി വാണിജ്യവല്‍ക്കരണത്തെയാണ് മുന്നോട്ടുവയ്ക്കുന്നതെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ പറഞ്ഞു. വിപണിയിലും സാങ്കേതികവിദ്യയിലും മാത്രം കേന്ദ്രീകരിച്ചുള്ള വികസനം കേരളത്തിന്റെ തനത് വളര്‍ച്ചാചരിത്രത്തെ പരിഗണിക്കുന്നില്ല. വൈജ്ഞാനിക സമൂഹം കേരള വികസനത്തെക്കുറിച്ചു നടത്തിയ പഠനങ്ങള്‍ മറന്ന് സംസ്ഥാനത്തെക്കുറിച്ച് പ്രാഥമിക ധാരണയില്ലാത്ത ഏജന്‍സിയെക്കൊണ്ടാണ് രേഖ തയ്യാറാക്കിയത്. ഇത് ഇവിടുത്തെ പണ്ഡിതസമൂഹത്തെ അവഹേളിക്കുന്നതാണ്. രേഖയുടെ ഉള്ളടക്കം അത് നടപ്പാക്കുന്നതിലെ അപ്രായോഗികത വ്യക്തമാക്കുന്നതാണ്. കൃഷിയും മൃഗപരിപാലനവുംപോലുള്ള മേഖലകളില്‍ ഉപജീവനമാര്‍ഗങ്ങള്‍ക്കു പകരം സംഘടിത സംരംഭകരുടെ വാണിജ്യലക്ഷ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നതാണ് രേഖ. ഇതിനുള്ള മാര്‍ഗങ്ങള്‍ കേരളത്തിന്റെ സാമൂഹ്യ, സാമ്പത്തിക അവസ്ഥ പരിഗണിക്കാതെ തയ്യാറാക്കിയതാണ്. സാങ്കേതിക വിദ്യയെയും വിപണിയെയും മാത്രം ആശ്രയിച്ചുള്ള വികസനം മുന്നോട്ടുവയ്ക്കുന്ന രേഖ അംഗീകരിക്കാനാവില്ല. ഇതു നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
പത്തുശതമാനം വളര്‍ച്ച ലക്ഷ്യമിട്ട് ആരോഗ്യ, വിദ്യാഭ്യാസ മേഖലകളെ സേവനപാതയില്‍നിന്നു മാറ്റി വാണിജ്യവല്‍ക്കരിക്കുകയാണ് വികസനരേഖ ലക്ഷ്യമിടുന്നതെന്ന് പ്രൊഫ. ടി പി കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ഇതിനായി ആഗോള കമ്പനികളുമായി കൈകോര്‍ത്ത് വിദ്യാഭ്യാസ, ആരോഗ്യ ഹബ്ബുകള്‍ സ്ഥാപിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. വിഷന്‍-2030 അന്തിമരേഖയല്ലെന്നും കരടു മാത്രമാണെന്നും ആസൂത്രണബോര്‍ഡ് അംഗം സി പി ജോണ്‍ പറഞ്ഞു. വിമര്‍ശങ്ങള്‍അംഗീകരിച്ച് തിരുത്തുന്നതിനു തടസ്സമില്ല. ഇതിന് പരിഷത്തുമായി ചര്‍ച്ചയ്ക്ക് ബോര്‍ഡ് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. സിഎസ്ഇഎസ് ചെയര്‍മാന്‍ ഡോ. കെ കെ ജോര്‍ജ് മോഡറേറ്ററായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പി വാസുദേവന്‍, എഐവൈഎഫ് ജില്ലാ സെക്രട്ടറി സന്തോഷ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു.
deshabhimani
No comments:
Post a Comment