Saturday, December 28, 2013

കാര്‍ഷികമേഖല ഗുരുതര പ്രതിസന്ധിയില്‍: സൂര്യകാന്ത് മിശ്ര

കണ്ണൂര്‍: അതിഗുരുതരമായ പ്രതിസന്ധിയിലാണ് ഇന്ത്യന്‍ കാര്‍ഷികമേഖലയെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷ നേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. സമ്പദ്ഘടനയുടെ അടിസ്ഥാനം കാര്‍ഷികമേഖലയായിട്ടും കൃഷിക്കാരുടെ വരുമാനം അനുദിനം കുറയുന്നു. രാജ്യത്തിന്റെ പലഭാഗത്തും ദൃശ്യമാകുന്ന പട്ടിണിയുടെ കാരണവും ഇതാണ്. ജീവിതം വഴിമുട്ടി ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ് കൃഷിക്കാര്‍. ശനിയാഴ്ച കണ്ണൂരിലാരംഭിക്കുന്ന അഖിലേന്ത്യാ കിസാന്‍ സഭാ കൗണ്‍സില്‍ യോഗത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കാര്‍ഷിക സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തരം കാര്‍ഷിക മേഖലയില്‍ വലിയ മാറ്റമുണ്ടായെന്നത് നിഷേധിക്കുന്നില്ല. ഹരിതവിപ്ലവത്തോടെ ഈ മേഖലയില്‍ സര്‍ക്കാരിന്റെ ഇടപെടലുകള്‍ വര്‍ധിച്ചു. ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷമതയും കൂടി. രാജ്യത്തെ മുഴുവന്‍ പട്ടിണി മാറ്റാന്‍ കഴിയുന്ന തരത്തില്‍ ഭക്ഷ്യോല്‍പ്പാദനം വര്‍ധിച്ചു. എന്നാല്‍ നവഉദാരവല്‍ക്കരണ നയങ്ങള്‍ എല്ലാം കീഴ്മേല്‍ മറിച്ചു. രണ്ടാം ഹരിതവിപ്ലവത്തെക്കുറിച്ച് പറയുന്ന സര്‍ക്കാര്‍ എല്ലാം കോര്‍പറേറ്റുകളെ ഏല്‍പ്പിച്ച് കൈയുംകെട്ടി മാറിനില്‍ക്കുകയാണ്. വന്‍കിട കോര്‍പറേറ്റുകളുടെ താല്‍പര്യം മാത്രമാണ് നടപ്പാകുന്നത്.

രാജ്യത്തെ കാര്‍ഷിക വളര്‍ച്ച ഒരിക്കലും സന്തുലിതമായിരുന്നില്ല. സംസ്ഥാനങ്ങള്‍ തമ്മിലും പ്രദേശങ്ങള്‍ തമ്മിലുമെല്ലാം വലിയ രീതിയില്‍ അസമത്വം നിലനിന്നു. കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സ്ഥിതി ഏറെ രൂക്ഷമായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നയസമീപനങ്ങളോടെ ഇത് കൂടുതല്‍ വഷളായി. വിലത്തകര്‍ച്ചയും പെരുകുന്ന ഉല്‍പ്പാദനച്ചെലവുമെല്ലാം കൃഷിക്കാരെ തളര്‍ത്തി. പാവപ്പെട്ട ജനവിഭാഗങ്ങളാണ് ഇതിന്റെ യഥാര്‍ഥ ഇരകള്‍. ഓരോ പ്രദേശത്തിന്റെയും വിളയുടെയും അടിസ്ഥാനത്തില്‍ കര്‍ഷകര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ശരിയായി വിലയിരുത്തുകയും പരിഹാരത്തിനായി ശ്രമിക്കുകയും വേണം. വികലമായ കേന്ദ്രനയങ്ങളുടെ പരിമിതികള്‍ക്കിടയിലും കേരളത്തിലെയും പശ്ചിമ ബംഗാളിലെയും ത്രിപുരയിലെയും ഇടതുപക്ഷ സര്‍ക്കാരുകള്‍ കാര്‍ഷിക മേഖലയിലുണ്ടാക്കിയ മാറ്റം ഗൗരവമായി കാണണം. കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ നയങ്ങളുടെ ആഘാതത്തില്‍നിന്ന് കൃഷിക്കാരെ രക്ഷിക്കുന്നതിനുതകുന്ന ബദല്‍ നയങ്ങളാണ് ഈ സര്‍ക്കാരുകള്‍ നടപ്പാക്കിയത്. അതിശക്തമായ ജനകീയ സമരങ്ങളുടെ അനുഭവമാണ് ഈ സര്‍ക്കാരുകള്‍ക്ക് ബദല്‍ നയങ്ങള്‍ക്കുള്ള ഉള്‍ക്കരുത്ത് നല്‍കിയത്. സാര്‍വദേശീയ ധനമൂലധന ശക്തികള്‍ സമസ്തമേഖലയിലും ആക്രമണോത്സുകമായി ഇടപെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഉജ്വലമായ സമരങ്ങളല്ലാതെ മറ്റു പോംവഴികളില്ലെന്ന് സൂര്യകാന്ത് മിശ്ര പറഞ്ഞു.

കിസാന്‍സഭ സെന്‍ട്രല്‍ കൗണ്‍സിലിന് ഇന്നു തുടക്കം

കണ്ണൂര്‍: അഖിലേന്ത്യ കിസാന്‍ സഭ സെന്‍ട്രല്‍ കൗണ്‍സില്‍ യോഗം ശനിയാഴ്ച കണ്ണൂരില്‍ തുടങ്ങും. സിപിഐ എം കണ്ണൂര്‍ ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടന്‍ സ്മാരക മന്ദിരത്തിലെ എ കെ ജി ഹാളിലാണ് രണ്ടുദിവസത്തെ യോഗം. ആദ്യമായാണ് കിസാന്‍ സഭ കൗണ്‍സില്‍ യോഗത്തിന് കണ്ണൂര്‍ വേദിയാകുന്നത്. പ്രത്യേക ക്ഷണിതാക്കളടക്കം 64 പേര്‍ പങ്കെടുക്കും. നവ ഉദാരവല്‍ക്കരണ നയങ്ങളുടെ ഫലമായി രാജ്യത്തെ കാര്‍ഷികമേഖല അഭിമുഖീകരിക്കുന്ന ഗുരുതരമായ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്ന യോഗം അതിനെതിരായ പ്രക്ഷോഭങ്ങള്‍ക്കും രൂപം നല്‍കും. കൗണ്‍സിലിന്റെ ഭാഗമായി വെള്ളിയാഴ്ച വൈകിട്ട് കണ്ണൂര്‍ സ്റ്റേഡിയം കോര്‍ണറില്‍ ചേര്‍ന്ന കാര്‍ഷിക സെമിനാര്‍ പശ്ചിമബംഗാള്‍ പ്രതിപക്ഷ നേതാവ് സൂര്യകാന്ത് മിശ്ര ഉദ്ഘാടനംചെയ്തു. കിസാന്‍ സഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണന്‍ വിഷയം അവതരിപ്പിച്ചു. കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ അധ്യക്ഷനായി. എം പ്രകാശന്‍ സ്വാഗതം പറഞ്ഞു. കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുക്കുന്നതിന് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ഹനന്‍മുള്ള, മുന്‍ പ്രസിഡന്റ് എസ് രാമചന്ദ്രന്‍ പിള്ള, മുന്‍ ജനറല്‍ സെക്രട്ടറി കെ വരദരാജന്‍ എന്നിവര്‍ കണ്ണൂരിലെത്തി. റെയില്‍വേ സ്റ്റേഷനില്‍ കര്‍ഷകസംഘം പ്രവര്‍ത്തകര്‍ നേതാക്കള്‍ക്ക് ഉജ്വല സ്വീകരണം നല്‍കി. അഖിലേന്ത്യാ പ്രസിഡന്റ് അമ്രാറാം ശനിയാഴ്ചയെത്തും.

deshabhimani

No comments:

Post a Comment