Wednesday, December 25, 2013

കേന്ദ്രമന്ത്രിയുടെ പ്രചാരണം തെറ്റിദ്ധാരണാജനകം

കൊച്ചി കപ്പല്‍ശാലയെ പരാമര്‍ശിച്ച് കേന്ദ്ര ഷിപ്പിങ് സഹമന്ത്രി മിലിങ് ദേവ്റയുടേതായി കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമാണെന്ന് കപ്പല്‍ശാലയിലെ മുഴുവന്‍ തൊഴിലാളികളെയും പ്രതിനിധീകരിക്കുന്ന യൂണിയനുകള്‍ അഭിപ്രായപ്പെട്ടു. കൊച്ചി കപ്പല്‍ശാലയുടെ ശേഷി തീര്‍ന്നതിനാല്‍ വിഴിഞ്ഞത്ത് കപ്പല്‍ശാല സ്ഥാപിക്കേണ്ടതുണ്ടെന്നായിരുന്നു വാര്‍ത്തകള്‍.

ലോകത്തിലെ ഏതൊരു കപ്പല്‍ശാലയോടും കിടപിടിക്കാന്‍തക്ക സാങ്കേതിക പരിജ്ഞാനവും അധ്വാനശേഷിയും അടിസ്ഥാന സൗകര്യങ്ങളും കൊച്ചി കപ്പല്‍ശാലയ്ക്കുണ്ട്. ലോകോത്തര നിലവാരമുള്ള തദ്ദേശീയ നിര്‍മിത വിമാനവാഹിനി നീറ്റിലിറക്കുകയും രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ വിജയകരമായി നിര്‍വഹിക്കുകയുംചെയ്യുന്ന കപ്പല്‍ശാലയെക്കുറിച്ച് തെറ്റിദ്ധാരണയ്ക്കിടയാക്കുന്ന വാര്‍ത്ത വന്നത് മുഴുവന്‍ ജീവനക്കാരിലും അതൃപ്തി ഉളവാക്കി. കപ്പല്‍ശാലയുടെ സ്ഥാപിതശേഷി പൂര്‍ണമായും വിനിയോഗിക്കാന്‍തക്ക രീതിയില്‍ ഓര്‍ഡറുകള്‍ നിലവിലില്ലാ എന്ന പരിമിതി മാത്രമേ ഇപ്പോഴുള്ളൂ. ഇത് പരിഹരിക്കുന്നതിന് നാവികസേനയ്ക്കുവേണ്ടി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡോക്കിന്റേതുള്‍പ്പെടെയുള്ള ജോലികള്‍ കപ്പല്‍ശാലയ്ക്കുകൂടി ലഭ്യമാക്കുന്നതിനുവേണ്ട നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഫെഡറേഷന്‍ (സിഐടിയു) പ്രസിഡന്റ് പി രാജീവ് എംപി, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. തമ്പാന്‍ തോമസ്, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് ഓര്‍ഗനൈസേഷന്‍ (ഐഎന്‍ടിയുസി) പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, കൊച്ചിന്‍ ഷിപ്യാര്‍ഡ് എംപ്ലോയീസ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എ കെ കിഷോര്‍, ഷിപ്യാര്‍ഡ് എംപ്ലോയീസ് സംഘ് ഓര്‍ഗനൈസിങ് സെക്രട്ടറി എസ് മോഹന്‍ എന്നിവര്‍ സംയുക്തമായാണ് ആവശ്യമുന്നയിച്ചത്.

deshabhimani

No comments:

Post a Comment