ആറന്മുള വിമാനത്താവളപദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഓഹരി പങ്കാളിത്തം എടുക്കാന്‍ തീരുമാനിച്ചതിന് പിന്നിലും കള്ളക്കളി. പദ്ധതി റിപ്പോര്‍ട്ട് പോലും ലഭിക്കുന്നതിനുമുമ്പാണ് വിമാനത്താവളപദ്ധതിയില്‍ പത്ത് ശതമാനം ഓഹരി എടുക്കുന്നതിന് സര്‍ക്കാര്‍ തീരുമാനിച്ചത്. വയലും നീര്‍ത്തടവും നികത്തിയത് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തില്‍നിന്ന് മറച്ചുവച്ചതിന് പിന്നാലെയാണ് ഓഹരി പങ്കാളിത്തം സംബന്ധിച്ചും തിരിമറി നടത്തിയത്. യുഡിഎഫ് അധികാരത്തില്‍ വന്നശേഷം വിമാനത്താവള കമ്പനി നിയമലംഘനം നടത്തിയിട്ടില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാദം പച്ചക്കള്ളമാണെന്ന് നിയമസഭാരേഖകളും തെളിയിക്കുന്നു.
ആറന്മുളയില്‍ നിയമവിരുദ്ധമായി വയലും നീര്‍ത്തടവും നികത്തുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കാന്‍ കലക്ടറോട് നിര്‍ദേശിച്ചെന്നും 2012 മാര്‍ച്ച് 20ന് റവന്യൂമന്ത്രിയായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ മറുപടി നല്‍കിയിരുന്നു. കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനത്തെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയെന്നാണ് എ കെ ശശീന്ദ്രന്‍, തോമസ് ചാണ്ടി എന്നിവരെ മന്ത്രി അറിയിച്ചത്. വയലും നീര്‍ത്തടവും നികത്തിയത് മറച്ചുവച്ച് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് അയച്ചത് 2012 ജൂണിലാണ്. തിരുവഞ്ചൂരിന്റെ നിയമസഭയിലെ മറുപടിയില്‍നിന്നുതന്നെ മുഖ്യമന്ത്രിയുടെ വാദം കളവാണെന്ന് തെളിയുന്നു. പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സമര്‍പ്പിച്ച കുറിപ്പില്‍ കെജിഎസ് ഗ്രൂപ്പിന്റെ നിയമലംഘനം വ്യക്തമാക്കിയിരുന്നു. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രിതന്നെ നിര്‍ദേശം നല്‍കി. വ്യവസായമന്ത്രിയും ഈ ഫയല്‍ കണ്ടു. എന്നാല്‍, വയല്‍ നികത്തല്‍ വ്യവസായവകുപ്പിന്റെ അനുമതിയില്‍ വരുന്ന വിഷയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഫയല്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും വ്യവസായമന്ത്രി പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. നെല്‍വയല്‍ നികത്തിയത് സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടതായി റവന്യൂമന്ത്രി നിയമസഭയില്‍ത്തന്നെ വ്യക്തമാക്കിയതായി രേഖ കൈവശമുള്ളപ്പോഴാണ് മുഖ്യമന്ത്രി വിവരം മറച്ചുപിടിക്കുന്നത്. റവന്യൂമന്ത്രിയുടെ നിര്‍ദേശപ്രകാരം പത്തനംതിട്ട കലക്ടര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലും തുടര്‍നടപടി സ്വീകരിച്ചില്ല. വയലും നീര്‍ത്തടവും നികത്തിയത് സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് കിട്ടിയ പരാതിയിലാണ് സംസ്ഥാന പരിസ്ഥിതി വകുപ്പിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 2012 ജൂണ്‍ 22ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള പരിസ്ഥിതി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി. നിയമലംഘനത്തെ കുറിച്ച് പ്രതിപാദിച്ചിരുന്ന ഭാഗം ഒഴിവാക്കി കേന്ദ്രത്തിന് റിപ്പോര്‍ട്ട് അയച്ചു. ഇതേതുടര്‍ന്നാണ് കേന്ദ്ര വനം-പരിസ്ഥിതി വകുപ്പിന്റെ അനുമതി ലഭിച്ചത്. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലുള്ള വിദഗ്ധസമിതി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടില്ലെന്ന മുഖ്യമന്ത്രിയുടെ വാദവും തെറ്റാണെന്ന് പരിസ്ഥിതി സെക്രട്ടറിയുടെ കുറിപ്പ് വ്യക്തമാക്കുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. നിയമലംഘനം നടന്നത് മുന്‍സര്‍ക്കാരിന്റെ കാലത്താണെന്ന വാദമാണ് മുഖ്യമന്ത്രി ഉയര്‍ത്തുന്നത്. ഇതും വസ്തുതാവിരുദ്ധമാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നിയമസഭയിലെ മറുപടി സാക്ഷ്യപ്പെടുത്തുന്നു. ആറന്മുളയില്‍ ഒരിഞ്ചു ഭൂമി പോലും നികത്താന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്. സര്‍ക്കാരിന്റെ അനുമതിയില്ലാതെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങളാണ് കമ്പനി നടത്തുന്നത്. ഇതിന് ഒത്താശ ചെയ്യുന്നതിന് പുറമെ കേന്ദ്ര സര്‍ക്കാരില്‍നിന്ന് വിവരം മറച്ചുവയ്ക്കുകയും ചെയ്യുന്നുവെന്നതാണ് യാഥാര്‍ഥ്യം.
പദ്ധതിയില്‍ പത്തുശതമാനം ഓഹരി എടുക്കുന്നതിന് 2013 ജനുവരിയിലാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. കേന്ദ്ര സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ 2013 ജനുവരി 16ലെ ഒരു കത്തിലെ പരാമര്‍ശമാണ് ഇതിന് ആധാരമാക്കിയത്. വിശദമായ പദ്ധതി റിപ്പോര്‍ട്ട് അപ്പോഴും സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നില്ല. പുറമ്പോക്ക് ഭൂമിയുടെ വിനിയോഗം സംബന്ധിച്ച പരാമര്‍ശമാണ് സിവില്‍ ഏവിയേഷന്‍ വകുപ്പിന്റെ കത്തിലുണ്ടായിരുന്നത്. 800 ഏക്കറില്‍ ടൗണ്‍ഷിപ്പും വിമാനത്താവളവും നിര്‍മിക്കുമെന്നും കെജിഎസ് ഗ്രൂപ്പ് അവകാശപ്പെട്ടതായി ഇതില്‍ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലാണ് പത്ത് ശതമാനം ഓഹരി എടുക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്.
deshabhimani
No comments:
Post a Comment