മുഖ്യമന്ത്രിയുടെ ഗണ്‍മാനായിരുന്ന സലിംരാജ് വേങ്ങേരിക്കടുത്ത് ക്വട്ടേഷന്‍ സംഘത്തോടൊപ്പം പിടിയിലായത് രാഷ്ട്രീയകേരളത്തെ പിടിച്ചുലച്ചു. സ്കൂള്‍ കുട്ടികളെ വലയില്‍വീഴ്ത്തി പീഡിപ്പിച്ച പന്തിരിക്കര സെക്സ് റാക്കറ്റ് കേസും നാടിനെ ഞെട്ടിച്ചു. സാംസ്കാരിക പരിപാടികള്‍ക്കൊണ്ടും ശ്രദ്ധേയമായി പോയ വര്‍ഷം. ദേശാഭിമാനി ജോബ് ഫെസ്റ്റും അക്ഷരമുറ്റം ക്വിസ്സിന്റെ മെഗാഫൈനലും വളരുന്ന തലമുറയ്ക്ക് പുത്തനുണര്‍വേകി. മുഖ്യധാര മാസികയുടെ പ്രസിദ്ധീകരണവും ന്യൂനപക്ഷ സെമിനാറും രാഷ്ട്രീയകേരളത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടു. ഒഞ്ചിയം രക്തസാക്ഷി മണ്ടോടി കണ്ണന്‍ കേന്ദ്ര കഥാപാത്രമായി രണ്ടു നാടകങ്ങളും അരങ്ങിലെത്തി. ഗുരു ചേമഞ്ചേരിയുടെ 98-ാം പിറന്നാളും എംടിയുടെ 80-ാം പിറന്നാളും ജനകീയമായി. സംവിധായകന്‍ ഐവി ശശിയെ കലയുടെ നേതൃത്വത്തില്‍ കോഴിക്കോട് ആദരിച്ചപ്പോള്‍ സൂപ്പര്‍താരങ്ങളായ കമല്‍ഹാസന്‍, മമ്മൂട്ടി, മോഹന്‍ലാല്‍ എന്നീ താരങ്ങള്‍ ഒരേ വേദിയിലെത്തി. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ഗള്‍ഫില്‍നിന്നുള്ളവര്‍ക്ക് വിവാഹം ചെയ്തുകൊടുത്തത് ജില്ലയുടെ സാംസ്കാരിക മഹിമയ്ക്ക് കളങ്കമായി. രണ്ട് അറബിക്കല്യാണങ്ങളാണ് മാധ്യമങ്ങള്‍ പുറത്തുകൊണ്ടുവന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ തീയാളിയ സമരത്തിനാണ് മലയോരം വേദിയായത്. നടക്കാവ് സ്കൂളില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ പ്രിസം പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ വികസന പദ്ധതികള്‍ സംസ്ഥാനത്തിന് മാതൃകയായി. വിദ്യാഭ്യാസരംഗത്തെ ഈ പുതുമാതൃക വര്‍ഷാന്ത്യത്തില്‍ ഉദ്ഘാടനം ചെയ്തു.
ഇവര്‍ ഇനി ഓര്‍മ...
2013നെ കണ്ണീരിലാഴ്ത്തിയ വേര്‍പാടിലൊന്നായിരുന്നു സിപിഐ എം ഒഞ്ചിയം ഏരിയാ സെക്രട്ടറിയും എന്‍ജിഒ യൂണിയന്റെ മുന്‍ നേതാവുമായിരുന്ന സി എച്ച് അശോകന്റേത്. രാഷ്ട്രീയ പകപോക്കലിന്റെ ഇരയായി സി എച്ച് വിടപറഞ്ഞത് ജൂലൈ അഞ്ചിനായിരുന്നു. ചന്ദ്രശേഖരന്‍ വധത്തിന്റെ മറവില്‍ കള്ളക്കേസില്‍ കുടുക്കിയ സഖാവിനെ ക്യാന്‍സറിന്റെ രൂപത്തില്‍ മരണം തട്ടിയെടുത്തു. കള്ളക്കേസില്‍കുടുക്കി യുഡിഎഫ് ഭരണനേതൃത്വം നടത്തിയ പീഡനത്തിന്റെ ഇരയായിരുന്നു അശോകന്‍. മോട്ടോര്‍ വാഹന തൊഴിലാളി യൂണിയന്‍ (സിഐടിയു) നേതാവ് കെ ദേവരാജന്റെ അപകട മരണവും തീരാനഷ്ടമായി. ഐഎന്‍ടിയുസി നേതാവ് കെ സാദിരിക്കോയയുടെ വിയോഗവും ജില്ലയിലെ ട്രേഡ്യൂണിയന്‍ സമൂഹത്തിന് നഷ്ടമായി.
മലയോരത്ത് ഇടതുപക്ഷ രാഷ്ട്രീയപ്രവര്‍ത്തനത്തിന് അജയ്യമായ കരുത്തായിരുന്ന ജോസ് വര്‍ഗീസ്, എന്‍സിപി നേതാവും മുന്‍മന്ത്രിയുമായ എ സി ഷണ്‍മുഖദാസ്, വിഎച്ച്പി നേതാവ് വി കെ ഏറാടി എന്നിവരും രാഷ്ട്രീയരംഗത്തെ നഷ്ടങ്ങളായി. ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ശരത്ചന്ദ്ര മറാഠെ, ഗായകന്‍ നജ്മല്‍ ബാബു, നാടക കലാകാരന്‍ എം വി തവന്നൂര്‍, ശ്രീശന്‍ നടുക്കണ്ടി, സിനിമാനടന്‍ അഗസ്റ്റിന്‍, നാടകനടന്‍ ഷംസു മൈസൂര്‍ എന്നിവരും ഈ വര്‍ഷം നമ്മെ വിട്ടുപിരിഞ്ഞു. അദിതി എസ് നമ്പൂതിരി എന്ന ബാലികയുടെ വിയോഗം നാടിനെ ഒന്നടങ്കം കണ്ണീരിലാക്കിയപ്പോള്‍ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് നടത്തിയ ക്രൂരതകള്‍ ഏവരെയും ഞെട്ടിച്ചു. മെഡിക്കല്‍ കോളേജില്‍ രക്തം മാറി രോഗി മരിച്ചത് ആരോഗ്യ സംവിധാനത്തിന് ഒന്നാകെ നാണക്കേടുണ്ടാക്കി.
deshabhimani
No comments:
Post a Comment