സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ട്രെയ്നി നേഴ്സുമാരെ നിയമിച്ച് സേവന-വേതന വ്യവസ്ഥകള്‍ അട്ടിമറിക്കാന്‍ മാനേജ്മെന്റുകള്‍ക്ക് സര്‍ക്കാര്‍ ഒത്താശ. പുതുക്കിയ മിനിമം വേതനം ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇതിലൂടെ നേഴ്സുമാര്‍ക്ക് നഷ്ടപ്പെടുന്നത്. മിക്ക ആശുപത്രികളിലും ഇപ്പോള്‍ 80 ശതമാനത്തോളം ട്രെയ്നി നേഴ്സുമാരാണ് ജോലി ചെയ്യുന്നത്. മിനിമം വേതനം ആവശ്യപ്പെട്ട് കോതമംഗലത്ത് നേഴ്സുമാര്‍ സമരം നടത്തിയതിനുശേഷമാണ് പുതിയ നേഴ്സുമാര്‍ക്ക് ഒരു വര്‍ഷം പരിശീലന കാലയളവ് നിശ്ചയിച്ച് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. നേഴ്സിങ് കൗണ്‍സിലിന്റെ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നടപടി. കോഴ്സ് വിജയിക്കുന്നവര്‍ ശാരീരികമായും മാനസികമായും രോഗികളെ പരിചരിക്കാന്‍ സജ്ജരായിരിക്കണമെന്നും ഇവര്‍ക്ക് പിന്നീട് പരിശീലനം ആവശ്യമില്ലെന്നുമാണ് കൗണ്‍സില്‍ നിര്‍ദേശം.
എന്നാല്‍ മാനേജ്മെന്റുകളുടെ താല്‍പ്പര്യങ്ങള്‍ക്കു വഴങ്ങി സംസ്ഥാന സര്‍ക്കാര്‍ ഇത് അട്ടിമറിച്ചു. മറ്റ്സംസ്ഥാനങ്ങളില്‍ നിന്ന് പഠിച്ചിറങ്ങുന്നവര്‍ക്ക് കാര്യമായ പരിശീലനം ലഭിക്കുന്നില്ലെന്നതാണ് ഇതിനു കാരണമായി പറഞ്ഞത്. ഇതിനുശേഷം സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളില്‍ ഭൂരിഭാഗവും ട്രെയ്നി നേഴ്സുമാരെയാണ് നിയമിക്കുന്നത്. ആശുപത്രികളില്‍ വര്‍ഷങ്ങളുടെ പരിചയമുള്ളവര്‍പോലും ഇങ്ങനെ ട്രെയ്നികളായി. പരമാവധി 6000 രൂപവരെയാണ് ഇവര്‍ക്ക് നല്‍കുന്നത്. ഒരുവര്‍ഷം പരിശീലനം പൂര്‍ത്തിയാക്കിയാലും സ്റ്റാഫ്നേഴ്സ് തസ്തികയില്‍ നിയമിക്കാതെ ട്രെയ്നിയായിതുടരേണ്ടി വരുന്നു. ചോദ്യംചെയ്യുന്നവരെ ഉടന്‍ ജോലിയില്‍നിന്ന് പുറത്താക്കും. ട്രെയ്നികളുടെ പരിചരണം രോഗികള്‍ ഇഷ്ടപ്പെടാത്തതുകാരണംപല വന്‍കിട ആശുപത്രികളും ഇവര്‍ക്ക് സ്റ്റാഫ്നേഴ്സ് എന്ന പേരിലാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്. നിയമം പാലിക്കാതെയുള്ള ട്രെയ്നിങ് വ്യവസ്ഥ സംസ്ഥാനത്ത് നേഴ്സുമാരുടെ പ്രക്ഷോഭങ്ങള്‍ക്കും കാരണമാകുന്നു. കൊടുങ്ങല്ലൂര്‍ ക്രാഫ്റ്റ് ആശുപത്രിയിലെ നേഴ്സുമാര്‍ ട്രെയ്നിങ് വ്യവസ്ഥയ്ക്കെതിരെ സമരം ആരംഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടു. സര്‍ക്കാര്‍ നടപടിക്കെതിരെ യുണൈറ്റഡ് നേഴ്സസ് അസോസിയേഷന്‍ (യുഎന്‍എ) ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാര്‍, നേഴ്സിങ് കൗണ്‍സില്‍, സ്വകാര്യ ആശുപത്രി മാനേജ്മെന്റുകള്‍, ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലേബര്‍ കമീഷണര്‍ എന്നിവരെ എതിര്‍കക്ഷികളാക്കിയാണ് കേസ് നല്‍കിയിരിക്കുന്നത്. കേസ് ജനുവരി 15ന് കോടതി പരിഗണിക്കും.
deshabhimani
No comments:
Post a Comment