Saturday, December 21, 2013

റോഡരികിലെ മത്സ്യവില്‍പ്പന: വിധി പുനഃപരിശോധിക്കണം- സിഐടിയു

റോഡരികില്‍ മത്സ്യവില്‍പ്പന പാടില്ലെന്ന െഹൈക്കോടതി വിധി, ആയിരക്കണക്കിന് മത്സ്യവില്‍പ്പന തൊഴിലാളികളുടെ ഉപജീവനം മുടക്കുമെന്ന് സിഐടിയു സംസ്ഥാനകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി മത്സ്യം വില്‍പ്പന നടത്തി ഉപജീവനം കഴിക്കുന്ന തൊഴിലാളികളുടെ വയറ്റത്തടിക്കുന്ന വിധി സ്വമേധയാ പുനരവലോകനം ചെയ്യാനും വിലക്ക് പുനഃപരിശോധിക്കാനും കോടതി തയ്യാറാകണം. സംസ്ഥാനത്ത് മത്സ്യവില്‍പ്പനയ്ക്ക് മാര്‍ക്കറ്റുകള്‍ ഏര്‍പ്പെടുത്തിയത് അപൂര്‍വം പ്രദേശങ്ങളില്‍മാത്രമാണ്. ബഹുഭൂരിപക്ഷം പ്രദേശങ്ങളിലും റോഡരികില്‍ വില്‍പ്പന നടത്തുകയാണ് ചെയ്യുന്നത്. ജനങ്ങള്‍ക്ക് ഇതുമൂലം ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് മാത്രമല്ല, ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവര്‍ക്കും മറ്റും സൗകര്യപ്രദമായി മത്സ്യം വാങ്ങാന്‍ സാധിക്കുകയും ചെയ്യുന്നു. ചില തദ്ദേശ സ്ഥാപനങ്ങള്‍ ഏര്‍പ്പെടുത്തിയ മത്സ്യമാര്‍ക്കറ്റുകളില്‍ മൂക്ക് പൊത്തിയല്ലാതെ പ്രവേശിക്കുവാന്‍ സാധ്യമല്ല. ആധുനിക സൗകര്യങ്ങളോടു കൂടിയ മാര്‍ക്കറ്റുകള്‍ ആവശ്യാനുസരണം സ്ഥാപിക്കാന്‍ ഒരു തദ്ദേശ സ്ഥാപനത്തിനും സാമ്പത്തികശേഷിയില്ല.

മത്സ്യക്കച്ചവടംചെയ്ത് ജീവിക്കുന്ന തൊഴിലാളികളെ മുഴുവന്‍ ആട്ടിയോടിച്ച്, വന്‍കിട സ്വകാര്യമൂലധന ശക്തികളെ ഈ രംഗത്ത് കൊണ്ടുവരാന്‍ ഹൈക്കോടതി ഉദ്ദേശിച്ചിട്ടുണ്ടാവില്ലെന്ന് കരുതുന്നു. പക്ഷേ, കോടതിവിധിയുടെ ഫലമായി സംഭവിക്കാന്‍ പോകുന്നത് ഇതാണ്. ഈ സാഹചര്യം മനസിലാക്കി ഹൈക്കോടതിയുടെ ഇടപെടല്‍ ഉണ്ടാവുമെന്ന് കരുതുന്നു. തൊഴില്‍ നഷ്ടപ്പെട്ടാല്‍ പട്ടിണിയിലാവുന്ന മത്സ്യവിപണന തൊഴിലാളികളെ സംരക്ഷിക്കാന്‍ ശക്തമായ പ്രക്ഷോഭമുയര്‍ത്താന്‍ സിഐടിയു സന്നദ്ധമാവും. സാധാരണ തൊഴിലാളികളുടെ ജീവിതം വഴിയാധാരമാക്കുന്ന ഏത് നടപടിയെയും ചെറുക്കാന്‍ തൊഴിലാളികള്‍ സന്നദ്ധരാകണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

deshabhimani

No comments:

Post a Comment