Tuesday, December 24, 2013

അര്‍ജുന്‍ കമ്പനി ഡയറക്ടറായത് തിരുവഞ്ചൂര്‍ മന്ത്രിയായശേഷം

ഗുജറാത്ത് വ്യവസായി അഭിലാഷ് മുരളീധരന്റെ പാം ഇന്‍ഫ്രാടെക് കമ്പനിയുടെ കണ്‍സള്‍ട്ടന്റായി 2009 മുതല്‍ തന്റെ മകന്‍ അര്‍ജുന്‍ രാധാകൃഷ്ണന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വാദം പൊളിയുന്നു. 2009ല്‍ തന്നെ അര്‍ജുന്‍ പാം ഇന്‍ഫ്രാ കമ്പനിയുടെ അസിസ്റ്റന്റ് ഡയറക്ടറായെന്നാണ് തിരുവഞ്ചൂര്‍ കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ അവകാശപ്പെട്ടത്. എന്നാല്‍, 2011ല്‍ മാത്രമാണ് പാം ഇന്‍ഫ്രാടെക് കമ്പനിക്കുവേണ്ടി അര്‍ജുന്‍ രാധാകൃഷ്ണന്‍ അമേരിക്കയിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ പ്രൊഫസറായ ഡോ. സതീഷ് കണ്ടലിക്കറിന്റെ സഹായം തേടിയത്. ഉപ്പ് നീക്കംചെയ്ത കടല്‍ജലം ശുദ്ധീകരിക്കുന്നതിന് മെംബ്രേന്‍ ഫില്‍റ്ററേഷന്‍ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനാണ് അഭിലാഷിന്റെ കമ്പനിക്കുവേണ്ടി അര്‍ജുന്‍ ഡോ. സതീഷ് കണ്ടലിക്കറുമായി ബന്ധപ്പെടുന്നത്. ഈ വിഷയം അറിയിച്ച് ഡോ. സതീഷിന് ആദ്യമായി അര്‍ജുന്‍ ഇമെയില്‍ അയക്കുന്നത് 2011 ജനുവരി 19നാണ്. 2010 സെപ്തംബറില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഹമ്മദാബാദ് സന്ദര്‍ശിച്ചിരുന്നു. ചില മലയാളി സംഘടനകളുടെ പരിപാടികളില്‍ പങ്കെടുക്കുകയുംചെയ്തു. ഈ സന്ദര്‍ശനം കഴിഞ്ഞ് മാസങ്ങള്‍ക്കകമാണ് പാം ഗ്രൂപ്പിനുവേണ്ടി റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ ഡോ. സതീഷുമായി അര്‍ജുന്‍ രാധാകൃഷ്ണന്‍ ബന്ധപ്പെടുന്നത്.

ഡോ. സതീഷിനോട് സാങ്കേതികസഹായം ആവശ്യപ്പെടുന്നുണ്ടെങ്കിലും പദ്ധതിയുമായി മുന്നോട്ടുപോകാന്‍ അഭിലാഷിനും സംഘത്തിനും ഒരു താല്‍പ്പര്യവുമില്ലായിരുന്നുവെന്ന് തുടര്‍ന്നുള്ള മെയില്‍സന്ദേശങ്ങള്‍ തെളിവാണ്. ജനുവരി 19നുള്ള ആദ്യ ഇമെയിലിന് അന്നുതന്നെ ഡോ. സതീഷ് മറുപടി അയച്ചിട്ടുണ്ട്. പദ്ധതിയുമായി സഹകരിക്കുന്നതില്‍ ബുദ്ധിമുട്ടില്ലെന്നായിരുന്നു ഡോ. സതീഷിന്റെ മറുപടി. തങ്ങളുടെ പദ്ധതിക്ക് ഒരു സാങ്കേതികപങ്കാളിയെയാണ് തേടുന്നതെന്നും വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാമെന്നും വ്യക്തമാക്കി അര്‍ജുന്‍ അപ്പോള്‍ത്തന്നെ പ്രതികരിക്കുകയുംചെയ്തു. ഡോ. സതീഷുമായുള്ള ചര്‍ച്ചകളുടെ പുരോഗതി അറിയിച്ച് 2011 ഫെബ്രുവരി 20ന് അര്‍ജുന്‍ അഭിലാഷിന് മെയില്‍സന്ദേശം അയച്ചിട്ടുണ്ട്. പദ്ധതി സംബന്ധിച്ച് വിശദമായ ചര്‍ച്ച നടത്തിയെന്നും ഏതുതരം മെംബ്രേനാണ് വേണ്ടതെന്ന് ചോദിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. ഡോ. സതീഷ് പദ്ധതി തയ്യാറാക്കി വരികയാണെന്നും അര്‍ജുന്‍ അറിയിക്കുന്നുണ്ട്. എന്നാല്‍, ഈ മെയിലിന് അഭിലാഷിന്റെ പ്രതികരണമില്ല. മാര്‍ച്ച് അഞ്ചിന് അര്‍ജുനും ഡോ. സതീഷും വീണ്ടും ഇമെയില്‍ കൈമാറി. താന്‍ തയ്യാറാക്കിയിട്ടുള്ള പദ്ധതിയുടെ ചുരുക്കമാണ് ഡോ. സതീഷിന്റെ സന്ദേശത്തില്‍. തുടര്‍ന്ന് രണ്ടുമാസത്തോളം ഈ വിഷയത്തില്‍ ചര്‍ച്ചകളില്ല. മെയ് നാലിന് ഡോ. സതീഷ് വീണ്ടും അര്‍ജുന് മെയില്‍ സന്ദേശമയക്കുന്നു. താന്‍ സമര്‍പ്പിച്ച പദ്ധതിയുടെ കാര്യത്തില്‍ അഭിപ്രായം അറിയിക്കണമെന്നും എന്തെങ്കിലും മാറ്റങ്ങള്‍ വേണമെങ്കില്‍ നിര്‍ദേശിക്കണമെന്നുമാണ് സന്ദേശത്തിലുള്ളത്. ഈ സന്ദേശം അര്‍ജുന്‍ അഭിലാഷിന് ഫോര്‍വേര്‍ഡ് ചെയ്യുന്നു. തുടര്‍ന്ന് മറുപടി എങ്ങനെ വേണമെന്ന് അറിയിച്ച് കമ്പനിയുടെ മറ്റൊരു ഡയറക്ടറായ ഷിബുപിള്ള അര്‍ജുന് മെയിലയക്കുന്നു. ഷിബു അയച്ച സന്ദേശം മാറ്റമൊന്നും കൂടാതെ അര്‍ജുന്‍ ഡോ. സതീഷിന് ഫോര്‍വേര്‍ഡ് ചെയ്തു. പദ്ധതിയില്‍ ചില കാലതാമസം വന്നിട്ടിട്ടുണ്ടെന്നും ആവശ്യമായ അനുമതികള്‍ കിട്ടിയാലുടന്‍ മുന്നോട്ടുനീങ്ങാമെന്നുമാണ് ഈ സന്ദേശത്തിലുള്ളത്. കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിലാണ് അവസാന സന്ദേശങ്ങള്‍. ഫലം വന്നതിനു തൊട്ടുപിന്നാലെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അര്‍ജുന്‍ അംഗമാവുകയും ചെയ്തു.
(എം പ്രശാന്ത്)

deshabhimani

No comments:

Post a Comment