Sunday, December 22, 2013

ഏത് ഉന്നത പദവിയിലുള്ള സ്ത്രീയും അപമാനിക്കപ്പെടുന്ന അവസ്ഥ: പി കെ സൈനബ

പാലക്കാട്: എത്ര ഉന്നത പദവിയിലുള്ള സ്ത്രീയും അപമാനിക്കപ്പെടുമെന്നാണ് അമേരിക്കയില്‍ ഇന്ത്യന്‍ നയതന്ത്രജ്ഞയ്ക്കുണ്ടായ അനുഭവം നമ്മെ ബോധ്യപ്പെടുത്തുന്നതെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ അഖിലേന്ത്യ വൈസ്പ്രസിഡന്റ് പി കെ സൈനബ പറഞ്ഞു. സ്ത്രീ വിമോചനത്തെക്കുറിച്ച് വീമ്പ് പറയുന്ന അമേരിക്കയിലാണ് ഉന്നത പദവിയിലുള്ള ഇന്ത്യന്‍ സ്ത്രീ അപമാനിക്കപ്പെട്ടിരിക്കുന്നത്. അവരുടെ സമ്മതമില്ലാതെ വിവസ്ത്രയാക്കി പരിശോധിക്കുകയും മയക്കുമരുന്ന് അടിമകള്‍ക്കും ലൈംഗിക കുറ്റവാളികള്‍ക്കൊപ്പം പാര്‍പ്പിക്കുകയും ചെയ്ത നടപടി ഞെട്ടിക്കുന്നതാണ്. സാമ്രാജത്വത്തിന്റെ ഈ ധാര്‍ഷ്ട്യത്തിനെതിരെ പ്രതിഷേധം ഉയരണം. സുശീലാഗോപാലന്‍ അനുസ്മരണത്തിന്റെ ഭാഗമായി "സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ" എന്നവിഷയത്തില്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നടത്തിയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

സ്ത്രീ സുരക്ഷയ്ക്കു വേണ്ടിയുള്ള നിയമങ്ങള്‍ ഏറ്റവും കൂടുതല്‍ ഉള്ളത് ഇന്ത്യയിലാണ്. എന്നാല്‍, ഒന്നും തന്നെ കാര്യക്ഷമമല്ല. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി പൊതുസ്ഥലങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. രാജ്യത്ത് 20 മിനിറ്റില്‍ ഒരു സ്ത്രീ അതിക്രമത്തിന് വിധേയയാകുന്നതായാണ് കണക്ക്. 40 മിനിറ്റില്‍ ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാക്കപ്പെടുന്നു. അമ്പരിപ്പിക്കുന്ന ഈ കണക്ക് നിലനില്‍ക്കുമ്പോഴും സര്‍ക്കാരുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കുന്നില്ല. കേരളത്തില്‍ വനിതാകമീഷന്‍ നോക്കുകുത്തിയായി മാറി. ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് സജീവമായിരുന്ന വനിതാകമീഷന്‍ 32,000 പരാതികളിലാണ് തീര്‍പ്പുണ്ടാക്കിയത്. എന്നാല്‍, ഇപ്പോള്‍ ഫോണ്‍ വിളിച്ചാല്‍ പോലും കിട്ടാത്ത അവസ്ഥയിലേക്ക് വനിതാകമീഷന്‍ മാറിയെന്നും പി കെ സൈനബ പറഞ്ഞു.

deshabhimani

No comments:

Post a Comment