ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ കക്ഷികളും പ്രാദേശിക പാര്‍ടികളും നിര്‍ണായക ശക്തിയാകുമെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെടും. ബിജെപിക്കും ഭൂരിപക്ഷം നേടാന്‍ കഴിയില്ല. നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വിജയിക്കാന്‍ കഴിഞ്ഞെന്നു കരുതി കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. 28 സംസ്ഥാനത്താണ് ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
അതില്‍ ഭൂരിപക്ഷം ഇടങ്ങളിലും ബിജെപിക്ക് സ്വാധീനമില്ല. കോണ്‍ഗ്രസ്-ബിജെപി ഇതര പ്രാദേശിക പാര്‍ടികളും ഇടതുപക്ഷ കക്ഷികളുമാകും അവിടെ വിജയം നേടുക. സിപിഐ എം ഉത്തര 24 പര്‍ഗാനാസ് ജില്ലാ കമ്മിറ്റി ബരക്പുരില്‍ സംഘടിപ്പിച്ച പൊതുയോഗത്തില്‍ കാരാട്ട് പറഞ്ഞു. അഴിമതി, ദുസ്സഹമായ വിലക്കയറ്റം, വര്‍ധിച്ചു വരുന്ന തൊഴിലില്ലായ്മ എന്നിവമൂലം രാജ്യവ്യാപകമായി കോണ്‍ഗ്രസിനെതിരെ ജനവികാരം ആളിപ്പടരുകയാണ്. നാല് സംസ്ഥാനത്ത് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടത് വ്യക്തമായ സൂചനയാണ്. ശക്തമായ ബദല്‍ ഇല്ലാത്തതിനാലാണ് അവിടങ്ങളില്‍ ബിജെപിക്ക് കടന്നുകയറാന്‍ കഴിഞ്ഞത്.
ഡല്‍ഹിയില്‍ ശക്തമായ ഒരു മൂന്നാം ബദല്‍ ഉയര്‍ന്നു വന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രാദേശിക കക്ഷികളുടെയും ഇടതുപക്ഷത്തിന്റെയും നേതൃത്വത്തില്‍ ശക്തമായ ബദല്‍ ഉയരുമെന്നതില്‍ സംശയമില്ല. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും സാമ്പത്തികനയങ്ങളില്‍ വ്യത്യാസമില്ല. പെന്‍ഷന്‍ ഫണ്ട് സ്വകാര്യവല്‍ക്കരണം ഏഴുവര്‍ഷത്തോളം തടഞ്ഞുവയ്ക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞു. ബിജെപിയുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ആ ബില്‍ പാസാക്കിയെടുത്തത്. നരേന്ദ്ര മോഡിയെ പിന്തുണയ്ക്കുന്നത് വന്‍കിട വ്യവസായികളും മുതലാളിമാരുമാണ്. തങ്ങളുടെ താല്‍പ്പര്യം സംരക്ഷിക്കുമെന്ന് ഉറപ്പുള്ളതിനാലാണ് ഇത്. സ്വാതന്ത്ര്യത്തിനു ശേഷം രാജ്യത്ത് ഏറ്റവും വലിയ മനുഷ്യക്കുരുതി നടത്തിയത് മോഡിയാണെന്നത് ആര്‍ക്കും മറക്കാനാവില്ല.
പശ്ചിമ ബംഗാളില്‍ സിപിഐ എമ്മിനെയും ഇടതുമുന്നണിയെയും തകര്‍ക്കുകയെന്ന ഒറ്റ അജന്‍ഡയാണ് മമതയ്ക്കും തൃണമൂലിനുമുള്ളത്. രണ്ടുവര്‍ഷമായി ബംഗാള്‍ എല്ലാ രംഗത്തും പിന്നോട്ടു പോയി. കര്‍ഷക ആത്മഹത്യയും പട്ടിണിമരണങ്ങളും പെരുകുന്നു. സ്ത്രീപീഡനവും അഴിമതിയും വര്‍ധിച്ചു. ജീവിതച്ചെലവ് ഏറ്റവും കൂടുതലായി. വര്‍ഗീയവിദ്വേഷമുണ്ടാക്കുന്ന ബിജെപിക്കെതിരെ മമത മിണ്ടാത്തത് തെരഞ്ഞെടുപ്പിനുശേഷം അവസരംപോലെ കരുനീക്കാന്‍ വേണ്ടിയാണെന്നും കാരാട്ട് പറഞ്ഞു.
(ഗോപി)
deshabhimani
No comments:
Post a Comment