Monday, December 30, 2013

അംഗീകരിക്കപ്പെടുന്നത് ഒഴുക്കിനെതിരായ രാഷ്ട്രീയപ്രവര്‍ത്തനം: പിണറായി

ഒഴുക്കിനെതിരെ നീന്തുന്ന രാഷ്ട്രീയപ്രവര്‍ത്തനം അവഗണിക്കപ്പെടാത്ത ശക്തിയായി മാറുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയുടെ ജനനായക പുരസ്കാരം ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പിണറായി.

ഞാന്‍ അവാര്‍ഡ് അലങ്കാരമാണെന്ന് കരുതുന്നയാളല്ല. അത് എന്നെ പ്രലോഭിപ്പിക്കാറുമില്ല. എന്നാല്‍, സാമൂഹ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ആള്‍ എന്ന നിലയില്‍ ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുന്നതിന്റെ അനൗചിത്യം കണക്കിലെടുത്തു. പൊതുപ്രവര്‍ത്തകരെ വിലയിരുത്താനുള്ള ആത്യന്തിക മാനദണ്ഡം പുരസ്കാരമാണെന്ന് കരുതുന്നില്ല. എന്നാല്‍, ജനങ്ങളുടെ അഭിപ്രായങ്ങള്‍ പരിഗണിച്ചാണ് പുരസ്കാരം നിര്‍ണയിച്ചതെന്നത് ഇതിന്റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. ജനങ്ങളെ പൊതുപ്രവര്‍ത്തകര്‍ ആദരിക്കേണ്ടതുണ്ട്. ഇടതുപക്ഷത്തിനെതിരെ വ്യാജപ്രചാരണങ്ങളുടെ മലവെള്ളപ്പാച്ചില്‍ നടക്കുന്ന കാലമാണിത്. പല മാധ്യമങ്ങളും അതില്‍ മത്സരിക്കുന്നു. അതിന്റെ നടുവില്‍ നില്‍ക്കുമ്പോഴും അത്തരം പ്രചാരണങ്ങളെ വകഞ്ഞുമാറ്റി സമൂഹത്തിലെ വലിയൊരു വിഭാഗം സത്യം കണ്ടെത്തുന്നു. അതിന്റെ പ്രതിഫലനമാണ് ജനങ്ങളില്‍ നിന്നുളള ഈ അംഗീകാരം. ജനങ്ങളുടെ മനസ്സാണ് ഇതിലൂടെ ആദരിക്കപ്പെടുന്നത്. ജനങ്ങളുടെ നായകനായല്ല, മറിച്ച് ജനസേവകനായാണ് ഞാന്‍ സ്വയം കരുതുന്നത്. പക്ഷേ, ചില ഘട്ടങ്ങളില്‍ ജനങ്ങളുടെ മുന്നില്‍ നില്‍ക്കേണ്ടിവരും. ആക്രമണം ജനങ്ങളുടെമേല്‍ പതിക്കാതിരിക്കാനാണ് അത്. ആ ഘട്ടത്തില്‍ മുന്നില്‍ നില്‍ക്കുമ്പോള്‍ ആക്രമണം ഏറ്റുവാങ്ങേണ്ടിവരുന്നു. പൂമാലയും കല്ലേറും കിട്ടും. രണ്ടിനെയും ഒരേ മനസ്സോടെ സ്വീകരിക്കും. പൂമാല കിട്ടുമ്പോള്‍ സ്വയം മറന്ന് ഭ്രമിച്ചുനിന്നാല്‍ കാലിടറി വീഴും. തുടര്‍ച്ചയായി കല്ലേറുകളുണ്ടായിട്ടും തളര്‍ന്നുവീഴാതിരുന്നത് മനസ്സിന്റെ ശുദ്ധിയും പ്രസ്ഥാനം തന്ന പിന്തുണയുംമൂലമാണ്. മൂല്യങ്ങളോടുള്ള പ്രതിബദ്ധതയ്ക്ക് അംഗീകാരമാണ് ഈ പുരസ്കാരം. അവാര്‍ഡുകള്‍ക്ക് വേണ്ടിയുള്ളതല്ല രാഷ്ട്രീയപ്രവര്‍ത്തനം. ബുളളറ്റോ കഴുമരമോ ലോക്കപ്പ് മര്‍ദനത്തെ തുടര്‍ന്നുള്ള കഠിനമായ രോഗമോ പ്രതിഫലമായി ഏറ്റുവാങ്ങിയവരെ പിന്തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തകനായ ആളാണ് ഞാന്‍. മഹത്തായ മൂല്യങ്ങളോടുള്ള പ്രതിബദ്ധത കൂടുതല്‍ ശക്തമാക്കാന്‍ അവാര്‍ഡ് സഹായകമാകുമെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment