ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി സംസ്ഥാന പൊലീസിനെ ഉപയോഗിച്ച് ബംഗളൂരു സ്വദേശിയായ യുവതിയെ നിരീക്ഷിച്ച കേസില്‍ അന്വേഷണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. കമ്മീഷനെ നിയമിക്കാനാണ് തീരുമാനം.
വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് തീരുമാനമെടുത്തത്. ആര്‍ക്കിടെക്ടായ യുവതിക്ക് മോഡിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുടെ നീക്കങ്ങളും സുഹൃദ് ബന്ധങ്ങളും നിരീക്ഷിക്കാനും ഇവരെ പിന്തുടരാനുമാണ് മോഡിയുടെ ആവശ്യപ്രകാരം ഗുജറാത്ത് പൊലീസ് നടപടി സ്വീകരിച്ചത്. നിരീക്ഷണം സംബന്ധിച്ച് തെളിവുകള്‍ ഒരു വാര്‍ത്താ പോര്‍ട്ടല്‍ പുറത്തുവിട്ടിരുന്നു.
യുവതിയുടെ പ്രതിശ്രുതവരനെയും മോഡിയുടെ താല്‍പ്പര്യാര്‍ഥം പൊലീസ് നിരീക്ഷിച്ചു. യുവതിയെ രഹസ്യനിരീക്ഷണത്തില്‍ നിര്‍ത്തിയെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്ന് ഇതന്വേഷിക്കുന്നതിന് ഗുജറാത്ത് സര്‍ക്കാര്‍ രണ്ടംഗ കമീഷനെ നിയമിച്ചിരുന്നു. മോഡിക്ക് വേണ്ടപ്പെട്ടവരാണ് കമീഷനിലുള്ളതെന്ന് ആക്ഷേപം വന്നിരുന്നു. എന്നാല്‍, ഒന്നിലേറെ സംസ്ഥാനങ്ങളിലേക്ക് നിരീക്ഷണം വ്യാപിച്ചിരുന്നുവെന്ന് വ്യക്തമായതോടെ സിബിഐ പോലുള്ള കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വേണമെന്ന് ആവശ്യമുയർന്നിരുന്നു.
പെണ്‍കുട്ടിക്ക് സുരക്ഷയൊരുക്കുന്നതിനാണ് നിരീക്ഷണത്തില്‍ നിര്‍ത്തിയതെന്ന ബിജെപിയുടെ വാദം ഇതോടെ പൊളിഞ്ഞു. യുവതിയുടെ അറിവോടെയായിരുന്നു നിരീക്ഷണമെന്ന ബിജെപി വാദവും ശരിയല്ലെന്ന് വ്യക്തമായി. ബംഗളൂരു യുവതിക്ക് മോഡിയുമായി വളരെ അടുപ്പമുണ്ടായിരുന്നെന്നും അഹമ്മദാബാദിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ യുവതി കഴിഞ്ഞിട്ടുണ്ടെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. യുവതി പിന്നീട് മറ്റൊരു യുവാവുമായി അടുപ്പത്തിലായ ശേഷമാണ് മോഡിയുടെ താല്‍പ്പര്യാര്‍ഥം രഹസ്യനിരീക്ഷണം തുടങ്ങിയത്.
deshabhimani
No comments:
Post a Comment