ചൊവ്വാഴ്ചക്കുള്ളില്‍ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പര്‍ കൈമാറിയില്ലെങ്കില്‍ പാചകവാതക സബ്സിഡി നല്‍കില്ലെന്ന് പെട്രോളിയം മന്ത്രാലയത്തിന്റെ അന്ത്യശാസനം. സുപ്രീംകോടതി ഉത്തരവും ജനങ്ങളുടെ ആശങ്കകളും അവഗണിച്ചാണ് പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. ഡിസംബര്‍ 31നകം ആധാര്‍ ലിങ്ക്ചെയ്യാത്തവര്‍ക്ക് സബ്സിഡിയുണ്ടാകില്ലെന്നും വിപണിവില നല്‍കേണ്ടിവരുമെന്നും കാണിച്ച് രാജ്യത്തെ പ്രാദേശിക പത്രങ്ങളില്‍ ഞായറാഴ്ച കേന്ദ്രസര്‍ക്കാര്‍ പരസ്യവും നല്‍കി.
ആധാര്‍ കാര്‍ഡ് സര്‍ക്കാരിന്റെ ഒരു പദ്ധതിക്കും നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവും നിലവിലുണ്ട്. ബാങ്ക് അക്കൗണ്ട് ആധാര്‍ കാര്‍ഡുമായി ബന്ധപ്പെടുത്തിയ പ്രദേശങ്ങളില്‍ വ്യാപകമായ പരാതിയാണ് ഉയരുന്നത്. കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും പാചകവാതക സബ്സിഡി പണം അക്കൗണ്ടില്‍ ലഭിക്കുന്നുണ്ടെങ്കിലും തുക വ്യത്യസ്തമാണ്. സിലിണ്ടറിന് 1060 മുതല്‍ 1080 വരെ മുന്‍കൂര്‍ അടയ്ക്കണം. നികുതികളുടെയും മറ്റും പേരില്‍ സിലിണ്ടറിന് മുപ്പതുമുതല്‍ അമ്പതുരൂപ വരെ എണ്ണ കമ്പനികള്‍ ഈടാക്കുന്നുമുണ്ട്. നിലവില്‍ എല്‍പിജി സിലിണ്ടറിന് എണ്ണകമ്പനികള്‍ നിശ്ചയിച്ചിട്ടുള്ള വിലയാണ് 1080 രൂപ. ഭാവിയില്‍ ക്രൂഡോയില്‍ വില മാറുന്നതനുസരിച്ച് ഈ വിലയില്‍ മാറ്റമുണ്ടാകും. അത്തരം ഘട്ടങ്ങളില്‍ അക്കൗണ്ടിലേക്ക് വരുന്ന സബ്സിഡി തുക മാറുമോയെന്നും വ്യക്തമല്ല.
ആധാര്‍ കാര്‍ഡ് ഇനിയും കിട്ടാത്തവര്‍ക്ക് ജനുവരി ഒന്നു മുതല്‍ വിപണിവില നല്‍കി എല്‍പിജി സിലിണ്ടര്‍ വാങ്ങേണ്ടിവരുമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ആധാര്‍ കാര്‍ഡ് പിന്നീട് എപ്പോഴെങ്കിലും ലഭിച്ചാല്‍ അതുവരെയുള്ള കാലയളവില്‍ വാങ്ങിയ സിലിണ്ടറുകളുടെ സബ്സിഡി പണം ഒറ്റയടിക്ക് അക്കൗണ്ടിലേക്ക് വരുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി പെട്രോളിയം മന്ത്രാലയമോ എണ്ണകമ്പനികളോ നല്‍കുന്നില്ല. ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ആധാര്‍ കാര്‍ഡിന് നിയമപിന്‍ബലം നല്‍കിയുള്ള ബില്‍ പാര്‍ലമെന്റിന്റെ ശീതകാലസമ്മേളനത്തില്‍ കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇനി പൊതുതെരഞ്ഞെടുപ്പിന് മുമ്പായി വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കുന്നതിനുള്ള പാര്‍ലമെന്റിന്റെ ഹ്രസ്വസമ്മേളനം മാത്രമാണുണ്ടാകുക. ഈ സമ്മേളനത്തില്‍ നിയമനിര്‍മാണങ്ങളൊന്നും സാധ്യമല്ല. ചുരുക്കത്തില്‍ യുപിഎ സര്‍ക്കാരിന് ആധാര്‍ കാര്‍ഡ് നിയമവിധേയമാക്കിയുള്ള ബില്‍ പാസാക്കാന്‍ കഴിയില്ല. ഈ വസ്തുതകളെല്ലാം അവഗണിച്ചാണ് എല്‍പിജി സബ്സിഡി പണം ബാങ്ക് അക്കൗണ്ടിലേക്ക് പദ്ധതിയുമായി പെട്രോളിയം മന്ത്രാലയം മുന്നോട്ടുപോകുന്നത്.
ആധാര്‍ ഒരു പദ്ധതിക്കും നിര്‍ബന്ധമാക്കിയിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിന് ഉറപ്പുനല്‍കിയിരുന്നതാണ്. എല്‍പിജി സബ്സിഡിയുടെ കാര്യത്തില്‍ ഈ ഉറപ്പുകളെല്ലാം ലംഘിക്കപ്പെട്ടു. ആധാര്‍ കാര്‍ഡ് ഇനിയും കിട്ടാത്തവരെ സബ്സിഡി പട്ടികയില്‍നിന്ന് പുറത്താക്കുക വഴി സബ്സിഡി ചെലവില്‍ കോടികളാണ് കേന്ദ്രസര്‍ക്കാര്‍ ലാഭിക്കുക.
എം പ്രശാന്ത് deshabhimani
No comments:
Post a Comment