Friday, December 27, 2013

കിയോസ്ക് വഴി ബാങ്കിടപാട് സുരക്ഷിതമല്ലെന്ന് ആശങ്ക

അക്ഷയകേന്ദ്രങ്ങള്‍വഴി ബാങ്കിടപാടുകള്‍ തുടങ്ങാനുള്ള കിയോസ്ക് സംവിധാനം സുരക്ഷിതമാകില്ലെന്ന് ആശങ്ക. ഇതുവഴിയുള്ള പണമിടപാടുകള്‍ക്ക് ഒരു ഉത്തരവാദിത്തവും ഉണ്ടാകില്ലെന്ന് നടത്തിപ്പുകാരായ കനറ ബാങ്ക്തന്നെ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നത് ആശങ്ക തുറന്നുകാട്ടുന്നു. ബാങ്കുമായി കരാറുണ്ടാക്കുന്ന ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കാകും ഉത്തരവാദിത്തം. ബാങ്കിന് ബാധ്യതയില്ലെങ്കില്‍ എങ്ങനെ ഇടപാട് നടത്തുമെന്നാണ് പ്രധാന ആശങ്ക. ഓണ്‍ലൈന്‍വഴിയുള്ള ഇടപാടുകളില്‍ നിരന്തരം തട്ടിപ്പുകള്‍ റിപ്പോര്‍ട്ട്ചെയ്യുന്ന സാഹചര്യത്തില്‍ പുതിയ സംവിധാനത്തിനും വിശ്വാസ്യത ഉറപ്പു നല്‍കാനാവില്ല.

സംസ്ഥാന ലീഡ് ബാങ്കായ കനറ ബാങ്കിന്റെ കീഴിലാണ് അക്ഷയകേന്ദ്രങ്ങളില്‍ ബാങ്കിങ് സംവിധാനം ഏര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ (646/2013) ഡിസംബര്‍ 16ന് പുറപ്പെടുവിക്കുകയും ധൃതിപിടിച്ച് കഴിഞ്ഞ തിങ്കളാഴ്ച തിരുവനന്തപുരത്ത് ആദ്യ കിയോസ്ക് ആരംഭിക്കുകയും ചെയ്തില്‍ ദുരൂഹതയുണ്ടെന്ന് ജീവനക്കാര്‍ പറയുന്നു. പുതിയ സംവിധാനത്തെക്കുറിച്ച് കനറ ബാങ്ക് ഉദ്യോഗസ്ഥരെയോ ജീവനക്കാരെയും മുന്‍കൂട്ടി അറിയിച്ചിരുന്നില്ല. നേരത്തെ എസ്ബിഐ 600 ബിസിനസ് കറസ്പോണ്ടന്റുമാരെ നിയമിച്ചിരുന്നെങ്കിലും പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് പിരിച്ചുവിട്ടു. നിക്ഷേപകരില്‍നിന്ന് പണം സ്വീകരിക്കാതെയും കൃത്യമായ ഇടപാട് നടത്താത്തതിനെത്തുടര്‍ന്നുമായിരുന്നു പിരിച്ചുവിടല്‍. പുറംകരാര്‍ നല്‍കുന്നതോടെ തട്ടിപ്പിനുള്ള സാധ്യതയും വര്‍ധിക്കും. ഉത്തരവാദിത്തം ബിസിനസ് കറസ്പോണ്ടന്റുമാര്‍ക്കായതിനാല്‍ ബാങ്കിന് കൈയൊഴിയുകയും ചെയ്യാം. ബാങ്കുകളുടെ വിശ്വാസ്യത തകര്‍ക്കുന്ന കിയോസ്ക് സ്ഥാപിക്കുന്നതിനും പുറംകരാര്‍ വല്‍ക്കരണത്തിനുമെതിരെ കനറ ബാങ്ക് ജീവനക്കാര്‍ വെള്ളിയാഴ്ച രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കും. കേരളത്തില്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രകടനങ്ങള്‍ നടത്തും.

deshabhimani

No comments:

Post a Comment