Friday, December 27, 2013

ക്രിസ്മസിനും റേഷന്‍കട കാലി; മന്ത്രി വിനോദയാത്രയില്‍

ക്രിസ്മസ് ആഘോഷത്തിനായി കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 30,000 ടണ്‍ അരി ക്രിസ്മസ് കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചില്ല. ചരിത്രത്തിലാദ്യമായി ഈ ക്രിസ്മസിന് സ്പെഷ്യല്‍ പഞ്ചസാരയും നല്‍കിയില്ല. എപിഎല്‍ വിഭാഗങ്ങള്‍ക്കുള്ള ഗോതമ്പുവിതരണം നിര്‍ത്തലാക്കി സ്വകാര്യമില്ലുടമകള്‍ക്ക് കൊയ്ത്തൊരുക്കിയ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നിഷേധിക്കുന്ന ഭക്ഷ്യധാന്യം കയറ്റുമതിചെയ്ത് വരുമാനം നേടാനുള്ള തിരക്കിട്ട നീക്കത്തിലാണ്.

ക്രിസ്മസ് കണക്കിലെടുത്താണ് പ്രത്യേകമായി 30,000 ടണ്‍ അരിഅനുവദിച്ചത്. റേഷന്‍വിലയെക്കാള്‍ ഉയര്‍ന്ന വിലയ്ക്ക് (21 രൂപ)റേഷന്‍ വിതരണ കേന്ദ്രങ്ങള്‍വഴി നല്‍കാനാണ് ഇത് അനുവദിച്ചത്. എന്നാല്‍ സ്വകാര്യവിപണിയെ സഹായിക്കാനായി ഈ അരി ഇനിയും ലഭ്യമാക്കിയില്ല. പൊതുവിപണിയില്‍ 35 മുതല്‍ 40 രൂപവരെ വില ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തില്‍ ഇത് ജനങ്ങള്‍ക്ക് ആശ്വാസമാകുമായിരുന്നു. അരി എന്നു ലഭ്യമാക്കുമെന്നുപോലും അധികൃതര്‍ വ്യക്തമാക്കുന്നില്ല. സംസ്ഥാനത്തെ റേഷന്‍കടകള്‍ തകര്‍ച്ച നേരിടുമ്പോഴും ഭക്ഷ്യമന്ത്രി സകുടുംബം വിനോദയാത്രയിലാണ്.
സംസ്ഥാനത്തെ 82 ലക്ഷം കാര്‍ഡുടമകളില്‍ 15 ലക്ഷത്തോളം ബിപിഎല്‍ കാര്‍ഡുടമകള്‍ക്കു മാത്രമായി നവംബര്‍ ഒന്നുമുതല്‍ ഗോതമ്പുവിതരണം പരിമിതപ്പെടുത്തിയ സര്‍ക്കാര്‍ ഇതുവഴി സ്വകാര്യ മില്ലുടമകള്‍ക്കും കുത്തകകള്‍ക്കും വന്‍ ലാഭമൊരുക്കി. ഗോഡൗണുകളില്‍ ഡിസംബറിലേക്ക് അനുവദിച്ചത് ഉള്‍പ്പെടെ 1,10,000 ടണ്‍ ഗോതമ്പ് കെട്ടിക്കിടക്കുമ്പോഴും റേഷന്‍കടകള്‍വഴി അനുവദിക്കുന്നത് പരമാവധി 13,000 ടണ്‍ മാത്രം. ശേഷിക്കുന്നത് 18 രൂപ തറവില നിശ്ചയിച്ച് അതിനു മുകളില്‍ ടെന്‍ഡര്‍ സമര്‍പ്പിക്കുന്ന കച്ചവടക്കാര്‍ക്കു വിറ്റഴിക്കുന്നു. പ്രമേഹരോഗികളില്‍ രാജ്യത്തുതന്നെ ഒന്നാം സ്ഥാനമുള്ള കേരളത്തില്‍ അനിവാര്യമായ ഗോതമ്പ് കിട്ടാനില്ലാതായതോടെ ബ്രാന്‍ഡഡ് കമ്പനിയുടെയും മറ്റും ആട്ട വന്‍ വിലയ്ക്ക് വാങ്ങേണ്ട സ്ഥിതിയാണ്. ഒരുകിലോ ഗോതമ്പുപൊടിക്ക് ഏറിയാല്‍ 10 രൂപവരെയാണ് വേണ്ടിയിരുന്നതെങ്കില്‍ ഇപ്പോള്‍ ബ്രാന്‍ഡഡ് ആട്ടയ്ക്ക് 45 മുതല്‍ 55 രൂപവരെ നല്‍കേണ്ടിവരുന്നു. ചെറുകിട കച്ചവടക്കാരുടെ ആട്ടയ്ക്കുപോലും കിലോയ്ക്ക്് 35 രൂപമുതല്‍ 40 രൂപവരെയാണ് വില.

ഭക്ഷ്യപര്യാപ്തതയ്ക്ക് ഇന്ത്യക്കു വേണ്ടത് രണ്ടുകോടി ടണ്‍ ഭക്ഷ്യധാന്യമാണെങ്കില്‍ അരിയും ഗോതമ്പും ഉള്‍പ്പെടെ ഇപ്പോള്‍ സ്റ്റോക്കുള്ളത് ആറരക്കോടി ടണ്‍ ആണെന്നാണ് കണക്ക്. ഇത് ജനങ്ങള്‍ക്കു നിഷേധിച്ച് കയറ്റുമതിയിലൂടെ വരുമാനം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍. അരി കയറ്റുമതിയില്‍ ലോകത്ത് ഒന്നാം സ്ഥാനം ഇപ്പോള്‍ ഇന്ത്യക്കാണ്. മണ്ണെണ്ണവിഹിതവും ഗണ്യമായി വെട്ടിക്കുറച്ചു. വൈദ്യുതീകരിക്കാത്ത വീടുകള്‍ക്ക് പ്രതിമാസം നല്‍കിയ അഞ്ചു ലിറ്റര്‍ മണ്ണെണ്ണ നാലു ലിറ്ററായും വൈദ്യുതീകരിച്ച വീടുകള്‍ക്ക് രണ്ടു ലിറ്റര്‍ അര ലിറ്ററായുമാണ് വെട്ടിക്കുറച്ചത്. പാചകവാതകത്തിന് നിയന്ത്രണം വന്നതോടെ പാചകത്തിന് മണ്ണെണ്ണയ്ക്കു പകരം ഡീസല്‍ ഉപയോഗിക്കുന്ന പ്രവണതയും ആരംഭിച്ചു. റേഷന്‍കടയില്‍ ഒരുലിറ്റര്‍ മണ്ണെണ്ണയ്ക്ക് 17 രൂപയാണെങ്കില്‍ ഡീസലിന് നല്‍കേണ്ടിവരുന്നത് 50 രൂപയോളമാണ്. അക്ഷരാര്‍ഥത്തില്‍ ജനജീവിതം കടുത്ത പ്രതിസന്ധിയിലേക്കാണ് നാള്‍ക്കുനാള്‍ നീങ്ങുന്നത്.
(ഷഫീഖ് അമരാവതി)

deshabhimani

No comments:

Post a Comment