Saturday, December 28, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണം: സെമിനാര്‍

പാനൂര്‍: മലയോരജനതയുടെ ജീവിതംതകര്‍ക്കുന്ന കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തള്ളണമെന്ന് പാട്യം പഠനഗവേഷണകേന്ദ്രം "കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും ജനങ്ങളുടെ ആശങ്കകളും" എന്ന വിഷയത്തില്‍ പാനൂരില്‍ സംഘടിപ്പിച്ച സെമിനാര്‍ അഭിപ്രായപ്പെട്ടു. റിപ്പോര്‍ട്ട് മരവിപ്പിച്ച് പശ്ചിമഘട്ടസംരക്ഷണം പഠിക്കാന്‍ പുതിയ കമ്മിറ്റി രൂപീകരിക്കണം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള സര്‍ക്കുലര്‍മാത്രമാണ് ഓഫീസ് മെമ്മോറാണ്ടമെന്നും ഇതുകൊണ്ട് പ്രശ്നം പരിഹരിക്കപ്പെടുകയില്ലെന്നും വിവിധ രാഷ്ട്രീയപാര്‍ടി പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. പാനൂര്‍ ബസ്സ്റ്റാന്‍ഡ് പരിസരത്ത് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്തു. സിപിഐ എം ജില്ലസെക്രട്ടറി പി ജയരാജന്‍ മോഡറേറ്ററായി.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ ജനങ്ങളുടെ രോഷപ്രകടനമാണ് കൊട്ടിയൂരിലും താമരശേരിയിലും കണ്ടതെന്ന് പി ജയരാജന്‍ പറഞ്ഞു. റിപ്പോര്‍ട്ടില്‍ ജനങ്ങള്‍ക്ക് ആശങ്കയും അമര്‍ഷവും പ്രതിഷേധവുമുണ്ട്. പ്രകൃതിക്കൊപ്പം മനുഷ്യനും സംരക്ഷിക്കപ്പെടണം. പരിസ്ഥിതിമൗലികവാദത്തിലൂടെ ജനജീവിതത്തിന് ഭീഷണിഉയര്‍ത്തുകയാണ്. പ്രശ്നത്തില്‍ ബിജെപി നേതൃത്വത്തില്‍നിന്ന് വ്യത്യസ്ത നിലപാടാണ് ഒ കെ വാസു ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കുന്നതെന്നും ഇത് സ്വാഗതാര്‍ഹമാണെന്നും പി ജയരാജന്‍ പറഞ്ഞു. ചര്‍ച്ചയിലൂടെയാണ് ഏത് റിപ്പോര്‍ട്ടും സമ്പൂര്‍ണമാകുന്നതെന്നും യഥാര്‍ഥപഠനമല്ല ഇക്കാര്യത്തിലുണ്ടായതെന്നും സിപിഐ സംസ്ഥാനകമ്മിറ്റി അംഗം സി പി മുരളി പറഞ്ഞു. തിരുവനന്തപുരത്തെ സുഖവാസകേന്ദ്രത്തിലിരുന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് തട്ടിക്കൂട്ടിയതെന്ന് ഒ കെ വാസു പറഞ്ഞു. വില്ലേജ്നിശ്ചയിച്ചതിലടക്കം കള്ളക്കളിയുണ്ട്. ഇതിനെതിരെ എല്ലാവരും രംഗത്തിറങ്ങണം. കെ കെ രാമചന്ദ്രന്‍, എന്‍ കെ അബ്ദുള്‍അസീസ്, കെ കെ ജയപ്രകാശ്, വി വി കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. പി ഹരീന്ദ്രന്‍ സ്വാഗതവും കെ കെ പവിത്രന്‍ നന്ദിയും പറഞ്ഞു.

deshabhimani

No comments:

Post a Comment