Wednesday, December 25, 2013

കടലാടിപ്പാറയില്‍ ഖനനം അനുവദിക്കില്ല: പിണറായി

കടലാടിപ്പാറ(നീലേശ്വരം): ജനവികാരം മാനിക്കാതെ കള്ളക്കളിയിലൂടെ കടലാടിപ്പാറയില്‍ ബോക്സൈറ്റ് ഖനനത്തിന് യുഡിഎഫ് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ചെറുക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. പാര്‍ടി ജനങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കും. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഖനനം അനുവദിക്കില്ലെന്നാണ് പാര്‍ടിയും എല്‍ഡിഎഫും മുമ്പും എടുത്ത നിലപാട്. കടലാടിപ്പാറ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു പിണറായി.

കടലാടിപ്പാറയില്‍ ഖനനം സംബന്ധിച്ച് ആദ്യ പ്രഖ്യാപനം വന്നത് 2005-ല്‍ യുഡിഎഫ് സര്‍ക്കാരിലെ വ്യവസായമന്ത്രിയായിരുന്ന ഇബ്രാഹിംകുഞ്ഞില്‍നിന്നാണ്. ബോക്സൈറ്റ് ഖനനംചെയ്ത് കാല്‍സിനേഷ്യം പ്ലാന്റ് സ്ഥാപിക്കുമെന്നാണ് അന്ന് പറഞ്ഞത്. പ്രഖ്യാപനം മാത്രമല്ല ഖനനത്തിനുള്ള നടപടി നീക്കിയതും ആ സര്‍ക്കാരാണ്. ആഷാപുര കമ്പനിയെ കൊണ്ടുവന്ന് ഖനനത്തിന് തത്ത്വത്തില്‍ അംഗീകാരം നല്‍കിയത് യുഡിഎഫാണ്. ഭൂമി പാട്ടത്തിനു നല്‍കാനുള്ള നടപടിയും സ്വീകരിച്ചു. ആ വര്‍ഷംതന്നെ റവന്യു സെക്രട്ടറി കലക്ടറോട് ഭഭൂമിയുടെ ലഭ്യത സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. കലക്ടര്‍ രണ്ട് തവണ ജനപ്രതിനിധികളുടെ യോഗം വിളിച്ചു. പരിസ്ഥിതി ആഘാതപഠനം നത്തിയിട്ട് മതി ഖനനാനുമതി നല്‍കലെന്നാണ് അന്ന് യോഗത്തിലുണ്ടായ അഭിപ്രായം. ഇതിനുപുറമെ, ആഷാപുര കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റും മുംബൈയിലെ ഓഫീസും സന്ദര്‍ശിക്കാന്‍ 11 അംഗ പ്രതിനിധിസംഘത്തെ അയച്ചതും യുഡിഎഫ് സര്‍ക്കാരാണ്.

2006-ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഖനനം ഒരു വിഷയമായി സര്‍ക്കാരിന്റെ മുമ്പിലുണ്ടായിരുന്നില്ല. 2007-ല്‍ പള്ളിപ്രം ബാലന്‍ എംഎല്‍എ ഉന്നയിച്ച സബ്മിഷനോടെയാണ് ഈ പ്രശ്നം എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഗണിച്ചത്. ഇതിനെതുടര്‍ന്ന് വ്യവസായമന്ത്രി കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിച്ചു. പ്രശ്നം പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചു. 2010-ല്‍ ഈ സമിതി റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഖനനത്തിന് ഈ പ്രദേശത്തെ ജനങ്ങള്‍ എതിരാണെന്ന് മനസിലാക്കി റിപ്പോര്‍ട്ടിന്മേല്‍ ഒരു നടപടിയും സ്വീകരിച്ചില്ല. ജനവികാരത്തോടൊപ്പം നില്‍ക്കണമെന്ന എല്‍ഡിഎഫ് നിലപാടിന്റെ ഭഭാഗമായാണ്സര്‍ക്കാര്‍ നടപടി സ്വീകരിക്കാതിരുന്നത്. യുഡിഎഫാണ് ജനവികാരം മാനിക്കാതെ സ്വകാര്യ കമ്പനിയെ കൊണ്ടുവന്നതും ഖനനത്തിനു നടപടി സ്വീകരിച്ചതും. ഇപ്പോഴും കള്ളക്കളി നടത്തി വന്‍കിട കമ്പനിക്ക് അനുമതി വാങ്ങിക്കൊടുക്കാനാണ് യുഡിഎഫും കോണ്‍ഗ്രസും ശ്രമിക്കുന്നത്. ജന വികാരം മാനിക്കാതെ ഖനനം നടത്താമെന്ന് ആരും ധരിക്കേണ്ടതില്ല. അത്തരം നീക്കത്തെ എതിര്‍ത്തുതോല്‍പ്പിക്കാനുള്ള ശേഷി ഈ പ്രദേശത്ത് പാര്‍ടിക്കുണ്ടെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment