ചടങ്ങില്‍ മേയര്‍ എ കെ പ്രേമജം, മന്ത്രി എം കെ മുനീര്‍, എ പ്രദീപ് കുമാര്‍ എംഎല്‍എ, ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, വൈസ് ചെയര്‍മാന്‍ ഷബാന ഫൈസല്‍ എന്നിവര്‍ സംസാരിച്ചു. കലക്ടര്‍ സി എ ലത, കൗണ്‍സിലര്‍ അരങ്ങില്‍ കമല രഘുനാഥ് എന്നിവര്‍ പങ്കെടുത്തു. സോഫിയ ഫൈസല്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് വിവിധ കായികയിനങ്ങളുടെ പ്രദര്‍ശനമത്സരവും നടന്നു.
കെട്ടിലും മട്ടിലും അഭൂതപൂര്‍വമായ മുഖമാറ്റമാണ് ഈ സ്കൂളിനുള്ളത്. എ പ്രദീപ്കുമാര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നടപ്പാക്കുന്ന പ്രമോട്ടിങ് റീജിയണല്‍ സ്കൂള്‍ ടു ഇന്റനാഷണല്‍ സ്റ്റാന്‍ഡേര്‍ഡ്സ് ത്രൂമള്‍ട്ടിപ്പ്ള്‍ ഇന്റര്‍വെന്‍ഷന്‍സ്(പ്രിസം) ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ സഹായത്തോടെയാണ് നവീകരണപദ്ധതികള്‍ നടപ്പാക്കിയത്. നിര്‍മാണസമയത്തിലും ചെലവിലും വന്‍ലാഭം നല്‍കുന്ന പ്രീകാസ്റ്റ് നിര്‍മാണ രീതിയിലാണ് നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നവീകരണം നടപ്പാക്കിയത്.
1,32,000 ചതുരശ്രയടി വിസ്തൃതി വരുന്ന ആദ്യഘട്ടം 95 ദിവസംകൊണ്ട് പൂര്‍ത്തീകരിച്ചു. ആകെ പ്രവൃത്തികള്‍ പത്ത് മാസത്തിനകവും. 15 കോടി രൂപയാണ് നിര്‍മാണ ചെലവ്. കോഴിക്കോട് ഐഐഎമ്മിന്റെ സോഷ്യല്‍ സര്‍വീസ് ഗ്രൂപ്പിന്റെ സഹായത്തോടെയാണ് പ്രിസം പദ്ധതി വികസിപ്പിച്ചെടുത്തത്. ശാസ്ത്ര-സാങ്കേതിക മ്യൂസിയം, ഇന്‍ഫോസിസ്, ഐഎസ്ആര്‍ഒ എന്നീ സ്ഥാപനങ്ങളുടെ അക്കാദമിക് സഹകരണവുമുണ്ട്. യുഎഇ ആസ്ഥാനമായ കെഇഎഫ് ഹോള്‍ഡിങ്സിന്റെ പ്രമോട്ടര്‍മാരായ ഫൈസല്‍ കൊട്ടിക്കോളനും ഷബാന ഫൈസലും ചേര്‍ന്നാണ് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ രൂപീകരിച്ചത്.
സ്വപ്നതുല്യമായ നേട്ടം: എ പ്രദീപ് കുമാര്‍ എംഎല്‍എ
കോഴിക്കോട്: ഇത് സ്വപ്നതുല്യ നേട്ടമാണെന്ന് എ പ്രദീപ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ പിന്തുണയോടെ നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മുഖച്ഛായ മാറ്റാന്‍ സാധിച്ചത് പുതിയ പരീക്ഷണമാണ്. പൊതുവിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് ഇവിടെ തുടക്കമാകുന്നത്.
ഫൗണ്ടേഷനെ മാതൃകയാക്കി കൂടുതല്‍ പേര്‍ മുന്നോട്ടുവന്നാല്‍ നമ്മുടെ പൊതുവിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും. 2008ല്‍ ഈ പദ്ധതിയെ കുറിച്ച് ചിന്തിക്കുമ്പോള്‍ ലോകനിലവാരത്തിലുള്ള സൗന്ദര്യവും സൗകര്യവും സാങ്കേതിക വികസനവും അക്കാദമിക് സൗകര്യവും ഈ സ്കൂളില്‍ എത്തിക്കണമെന്നതായിരുന്നു സ്വപ്നം. അഞ്ച് വര്‍ഷംകൊണ്ട് അത് സഫലീകരിക്കാന്‍ കഴിഞ്ഞു. ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്റെ ഇടപെടലാണ് ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സഹായിച്ചത്. കൂട്ടായ്മയുടെ വിജയമാണിത്. അതിനാലാണ് പത്ത് മാസംകൊണ്ട് സ്കൂളിനെ രാഷ്ട്രാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ കഴിഞ്ഞത്. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിനെ ഇന്ത്യയിലെ പത്ത് മുന്‍നിര സ്കൂളുകളില്‍ ഒന്നാക്കിമാറ്റാനാണ് ശ്രമിക്കുന്നത്. സാധാരണക്കാരുടെ മക്കള്‍ക്കും മികച്ച വിദ്യാഭ്യാസം ലഭിക്കണം.
ഉന്നത എയ്ഡഡ് സ്കൂളുകളില്‍ ലഭിക്കുന്ന അടിസ്ഥാന സൗകര്യങ്ങള്‍ ലഭിച്ചാല്‍ താഴെക്കിടയിലുള്ള കുട്ടികളുടെ പഠനനിലവാരവും മെച്ചപ്പെടും. വികസിതരാജ്യങ്ങളിലെ മികച്ച വിദ്യാലയങ്ങളെല്ലാം സര്‍ക്കാര്‍ മേഖലയിലാണ്. അത് നമുക്ക് സാധ്യമാണെന്ന് തെളിഞ്ഞിരിക്കുന്നു. ഇതൊരു പുതിയ പരീക്ഷണമായിരുന്നു. ഫൗണ്ടേഷനുമായി ചേര്‍ന്ന് കാരപ്പറമ്പ് ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലും മെഡിക്കല്‍ കോളേജ് ക്യാമ്പസ് സ്കൂളിലും നടക്കാവ് മാതൃകയില്‍ അടിസ്ഥാന സൗകര്യവികസനം സാധ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗവ. സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്തണം
കോഴിക്കോട്: ഗവ. സ്കൂളുകളുടെ ഗുണനിലവാരം മെച്ചപ്പെടാതെ ഇന്ത്യ പുരോഗതി കൈവരിക്കില്ലെന്ന് ഫൈസല്‍ ആന്‍ഡ് ഷബാന ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കൊള്ളന്‍ പറഞ്ഞു. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ നവീകരിച്ച അടിസ്ഥാന സൗകര്യങ്ങളുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ 90 ശതമാനം വിദ്യാര്‍ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസമല്ല ലഭിക്കുന്നത്. ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭിക്കാത്ത കാലത്തോളം ദരിദ്രനും സമ്പന്നനും തമ്മിലുള്ള അന്തരം മാറില്ല. ഇത് മാറണം. നടക്കാവ് ഗവ. ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫൗണ്ടേഷന്റെ സഹായത്തോടെ നടപ്പാക്കിയ അടിസ്ഥാന സൗകര്യ വികസനം കൂട്ടായ്മയുടെ വിജയമാണ്. ഇത് ഒരു തുടക്കം മാത്രമാണ്. ഇത് ഒരു ക്യാമ്പയിനായി മാറണം. എ പ്രദീപ് കുമാര്‍ എംഎല്‍എയുമായി ചേര്‍ന്ന് നടത്തിയ വികസനപ്രവര്‍ത്തനം പുതിയ അനുഭവവും സംതൃപ്തിയുമാണ് തരുന്നത്. ഈ മാതൃക തീപോലെ പടരണം. പൊതുവിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തണം. അറിവിനും ഇച്ഛാശക്തിക്കുമൊപ്പം പണവും കൂടിവന്നാല്‍ സര്‍ക്കാര്‍ സ്കൂളുകളുടെ മുഖച്ഛായ മാറും. താന്‍ ജോലി ചെയ്തു കുറെ നേടി. ഇനി അത് സമൂഹത്തിന് തിരിച്ചുകൊടുക്കണം. മറ്റൊന്നും ആഗ്രഹിക്കുന്നില്ല. ഭാര്യ ഷബാനയുടെ പൂര്‍ണ പിന്തുണയാണ് എല്ലാത്തിനുമുള്ളത്. ലോകം ഇന്ത്യയെ കാത്തിരിക്കുകയാണ്. എല്ലാവര്‍ക്കും തൊഴില്‍ നല്‍കാന്‍ നമുക്ക് കഴിയില്ല. എന്നാല്‍ എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ, വൈസ് ചെയര്‍മാന്‍ ഷബാന ഫൈസല്‍, ഡോ. ജോസഫ് സെബാസ്റ്റ്യന്‍ എന്നിവരും പങ്കെടുത്തു.
deshabhimani
No comments:
Post a Comment