കണ്ണൂര്‍: ബംഗാളില്‍ 34 വര്‍ഷത്തെ ഇടതുപക്ഷ ഭരണം ഉണ്ടാക്കിയ മുഴുവന്‍ നേട്ടങ്ങളും രണ്ടര വര്‍ഷത്തെ തൃണമൂല്‍ ഭരണത്തില്‍ ഇല്ലാതായെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗവും പശ്ചിമ ബംഗാള്‍ പ്രതിപക്ഷനേതാവുമായ സൂര്യകാന്ത് മിശ്ര പറഞ്ഞു. കാര്‍ഷിക പരിഷ്കാരങ്ങള്‍ അട്ടിമറിക്കുകയും വ്യവസായരംഗം പൂര്‍ണമായി തകര്‍ക്കുകയും ചെയ്തു. 74 കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. മറ്റ് മേഖലകളിലേക്കും ആത്മഹത്യ പടരുകയാണ്. ജനാധിപത്യത്തിനും ജനജീവിതത്തിനും നേരെയുമുള്ള ആക്രമണമാണ് ബംഗാളില്‍- കണ്ണൂര്‍ പ്രസ് ക്ലബ്ബിന്റെ "മീറ്റ് ദ പ്രസി"ല്‍ സംസാരിക്കുകയായിരുന്നു മിശ്ര.
ഒരു വ്യവസായവും ആരംഭിക്കാന്‍ മമതക്ക് കഴിഞ്ഞില്ല. തൊഴിലുറപ്പ് പദ്ധതിപോലും നടപ്പാക്കാനായില്ല. ചെറുകിട സ്ഥാപനങ്ങളെല്ലാം പൂട്ടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കയാണ് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള തൃണമൂല്‍ മന്ത്രിമാര്‍. ബംഗാളില്‍ നടമാടുന്നത് അരാജകത്വമാണ്. 70 മുതല്‍ 77 വരെയുള്ള അര്‍ധഫാസിസ്റ്റ് ഭീകരതയെ ചെറുത്തുതോല്‍പ്പിച്ച ബംഗാളിലെ ജനത തൃണമൂല്‍ കോണ്‍ഗ്രസിന്റെ കിരാത വാഴ്ചയെയും അതിജീവിക്കും.
ബംഗാളില്‍ ഇടതുപക്ഷം തകര്‍ന്നുവെന്ന പ്രചാരണം ശരിയല്ലെന്ന് ചോദ്യത്തിന് മറുപടിയായി സൂര്യകാന്ത് മിശ്ര പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 ശതമാനം വോട്ട് നേടിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഞ്ചിലൊന്ന് സീറ്റില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥികളെ നാമനിര്‍ദേശപത്രിക നല്‍കാന്‍ അനുവദിച്ചില്ല. പത്രിക നല്‍കിയ നൂറുകണക്കിന് സ്ഥാനാര്‍ഥികളെ ഭീഷണിപ്പെടുത്തി പിന്‍വലിപ്പിച്ചു. മൂന്നിലൊന്ന് തദ്ദേശസ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്താനായില്ല. എന്നിട്ടും ഇടതുപക്ഷത്തിന് 39 ശതമാനം വോട്ടുലഭിച്ചു. നന്ദിഗ്രാമില്‍ 90 ശതമാനം ജനങ്ങളും ഭൂമി നല്‍കാന്‍ സമ്മതിച്ചിട്ടും ഒരിഞ്ച് ഭൂമിപോലും ഇടതുപക്ഷ സര്‍ക്കാര്‍ ഏറ്റെടുത്തില്ല. എന്നാല്‍, കര്‍ഷകരെ കുടിയിറക്കുന്നുവെന്ന കള്ളപ്രചാരണമാണ് ഉണ്ടായത്. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗം എം പ്രകാശന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. പ്രസ് ക്ലബ് പ്രസിഡന്റ് കെ എന്‍ ബാബു അധ്യക്ഷനായി.
deshabhimani
No comments:
Post a Comment