കൊച്ചി: തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന് ആളെക്കൂട്ടാന്‍ കൊണ്ടുവന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് പണംകൊടുക്കാതെ സംഘാടകര്‍ മുങ്ങി. തുടര്‍ന്ന് ആര്‍ട്ടിസ്റ്റുകള്‍ സ്ഥലത്തുണ്ടായിരുന്ന നേതാക്കളെയും പരിപാടിക്ക് വിളിച്ച സ്ത്രീയെയും തടഞ്ഞുവച്ചു. ശനിയാഴ്ച ഭാരതീയ വിദ്യാഭവന്‍ ഹാളിലാണ് സംഭവം. പരിപാടി ഉദ്ഘാടനംചെയ്ത ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ റെയില്‍വേമന്ത്രിയുമായ മുകുള്‍ റോയ് കേരളത്തില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പാര്‍ടി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് മടങ്ങിയ ഉടനാണ് സംഘര്‍ഷമുണ്ടായത്.
പരിപാടിക്ക് ആളെക്കൂട്ടാന്‍ 500 രൂപ കൂലിക്ക് 200 പേരെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളെ ഏര്‍പ്പാടാക്കുന്ന ഏജന്റ് ഗീതമുഖേന സംഘാടകര്‍ ബുക്ക്ചെയ്തത്. ദിലീപിന്റെ സിനിമയുടെ ചിത്രീകരണമെന്നു പറഞ്ഞാണ് തങ്ങളെ കൊണ്ടുവന്നതെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ പറഞ്ഞു. പകല്‍ രണ്ടിന് തുടങ്ങുന്ന പരിപാടിക്ക് രാവിലെ സ്ഥലത്തെത്തിയ ഇവരില്‍ 58 പേര്‍ക്കാണ് പണം നല്‍കാതിരുന്നത്. ഉദ്ഘാടനശേഷം വേദിവിട്ട മുകള്‍ റോയിയെ വിമാനത്താവളംവരെ അനുഗമിക്കാന്‍ നേതാക്കള്‍ കൂട്ടത്തോടെ യാത്രയായി. അതോടെ പണം കിട്ടാത്തവര്‍ സംഘാടകരെ തടഞ്ഞുവയ്ക്കുകയായിരുന്നു. ഗീതയുമായി ഇവര്‍ വാഗ്വാദത്തിലേര്‍പ്പെട്ടതോടെ സംഘര്‍ഷാവസ്ഥയായി. സെന്‍ട്രല്‍ പൊലീസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെവന്നതോടെ മുപ്പതോളം പേര്‍ ബഹളംവച്ച് പിരിഞ്ഞുപോയി. ബാക്കിയുള്ളവരെ സ്റ്റേഷനിലെത്തിച്ച് ഇവരെ ബുക്ക്ചെയ്ത പാര്‍ടി നേതാവിനെ പൊലീസ് ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. രാവിലെമുതല്‍ ഭക്ഷണവും വെള്ളവും തരാതിരുന്ന സംഘാടകര്‍ പണംതരാതെ മടങ്ങില്ലെന്നുപറഞ്ഞ് ഇരുപത്തഞ്ചോളംപേര്‍ സ്റ്റേഷനിലും സംഘടിച്ചു. തുടര്‍ന്ന് വണ്ടിക്കൂലിക്കുള്ള പണമെങ്കിലും നല്‍കിയാല്‍ മതിയെന്ന് ഇവര്‍ കേണപേക്ഷിച്ചതോടെ നേതാക്കളിലൊരാള്‍ വന്ന് കുറച്ചുപേര്‍ക്ക് പണം നല്‍കി.
deshabhimani
No comments:
Post a Comment