Wednesday, December 25, 2013

കെജ്രിവാളിനെതിരെ ആം ആദ്മിയില്‍ എതിര്‍പ്പ്

ഡല്‍ഹിയില്‍ കോണ്‍ഗ്രസ് പിന്തുണയോടെ ആംആദ്മി സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങിയിരിക്കെ ഇരുപാര്‍ടിയിലും ഉള്‍പ്പോര് രൂക്ഷമായി. മന്ത്രിസ്ഥാനം കിട്ടാത്തതില്‍ പരിഭവിച്ച് ആംആദ്മി എംഎല്‍എ വിനോദ്കുമാര്‍ ബിന്നി പാര്‍ടി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. ബുധനാഴ്ച മാധ്യമങ്ങളെ കാണുമെന്ന് അരവിന്ദ് കെജ്രിവാളിനെ ബിന്നി അറിയിച്ചു. അതേസമയം, എഎപിയെ പിന്തുണക്കാനുള്ള തീരുമാനം പുനപരിശോധിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ശക്തമാകുന്നതായും റിപ്പോര്‍ട്ടുണ്ട്. പിന്തുണ നല്‍കാനുള്ള തീരുമാനം ശരിയായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജനാര്‍ദന്‍ ദ്വിവേദി തുറന്നടിച്ചു. പ്രതിപക്ഷത്തിനിരിക്കാനാണ് ജനങ്ങള്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്. ജനവികാരത്തിന് എതിരായ തീരുമാനം തെറ്റാണെന്ന് ദ്വിവേദി പറഞ്ഞു.

ഇതിനിടെ, സര്‍ക്കാര്‍ രൂപീകരിക്കാന്‍ എഎപിക്ക് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചു. ഡല്‍ഹി ചീഫ് സെക്രട്ടറി എം സപോലിയ ഇക്കാര്യം നിയുക്ത മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറിയിച്ചു. ആറുപേരെക്കൂടി മന്ത്രിമാരാക്കാനാണ് എഎപി തീരുമാനം. മനീഷ് സിസോദിയ, സോംനാഥ് ഭാരതി, സത്യേന്ദ്ര ജയിന്‍, ഗിരീഷ് സോണി, സൗരവ് ഭരദ്വാജ്, രാഖി ബിര്‍ള എന്നിവരെക്കൂടി ഉള്‍പ്പെടുത്തും. വകുപ്പ് ധാരണയില്‍ എത്തിയിട്ടില്ല. അധികാരത്തിലേറി 15 ദിവസത്തിനകം ജനലോക്പാല്‍ ബില്‍ നടപ്പാക്കുമെന്നാണ് ആം ആദ്മി പാര്‍ടിയുടെ പ്രഖ്യാപനം. കോണ്‍ഗ്രസ് പിന്തുണയോടെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതോടെ ആം ആദ്മി പാര്‍ടിക്കും അരവിന്ദ് കെജ്രിവാളിനുമെതിരെ ആക്ഷേപങ്ങളും ശക്തമായിട്ടുണ്ട്. കെജ്രിവാളിന്റെ തീരുമാനങ്ങളോട് സോഷ്യല്‍ നെറ്റ്വര്‍ക്കുകളിലൂടെ പിന്തുണ നല്‍കിയിരുന്ന നിരവധിയാളുകള്‍ സര്‍ക്കാര്‍ രൂപീകരണത്തിനെതിരെ പ്രതികരിച്ചു. കോണ്‍ഗ്രസില്‍ ഒരുവിഭാഗത്തിനുള്ള എതിര്‍പ്പ് പ്രകടമാക്കുന്നതായിരുന്നു ജനാര്‍ദനന്‍ ദ്വിവേദിയുടെ വാര്‍ത്താസമ്മേളനം. നിരുപാധിക പിന്തുണ കോണ്‍ഗ്രസ് വാഗ്ദാനംചെയ്തിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഷീലാ ദീക്ഷിതും പ്രതികരിച്ചിരുന്നു. ഇതിനിടെയാണ് എഎപി സ്വന്തം എംഎല്‍എയുടെ എതിര്‍പ്പ് നേരിടുന്നത്. കോണ്‍ഗ്രസില്‍നിന്ന് എഎപിയില്‍ എത്തിയ നേതാവാണ് ബിന്നി.


deshabhimani

No comments:

Post a Comment