Monday, December 23, 2013

മകന്‍ കള്ളമണ്ണുകാരനല്ല: തിരുവഞ്ചൂര്‍

കോട്ടയം: ഗുജറാത്തിലെ വിവാദ വ്യവസായി അഭിലാഷ് മുരളീധരനുമായി 12 വര്‍ഷത്തെ ബന്ധമുണ്ടെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. അഭിലാഷിന്റെ കമ്പനി നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതല്ല. തന്റെ മകന്‍ അര്‍ജുന്‍ കണ്‍സള്‍ട്ടന്റ് മാത്രമാണ്. കള്ളമണ്ണ് കടത്തും ക്വാറിയും പാറയുമുള്ള ആളെപ്പോലെ തന്റെ മകനെ കരുതരുതെന്നും പി സി ജോര്‍ജിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയായി തിരുവഞ്ചൂര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തന്റെ മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം കിട്ടി. മക്കള്‍ക്ക് വിദ്യാഭ്യാസം കൊടുക്കാത്ത ചില അസൂയാലുക്കളാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. "പണ്ടൊരു കൊച്ചിന്റെ മൂക്കും നാക്കും".... അതൊന്നും എന്നെക്കൊണ്ട് പറയിക്കരുതെന്ന് ജോര്‍ജിനെതിരെ മുമ്പുയര്‍ന്ന അവിഹിതബന്ധ ആരോപണം ഓര്‍മിപ്പിച്ച് തിരുവഞ്ചൂര്‍ പറഞ്ഞു. ബ്ലേഡുകാരന്‍ മാലം സുരേഷുമായുള്ള ബന്ധമൊന്നും തനിക്കില്ല. മൂന്നോ നാലോ അടിച്ചിട്ട് പി സി ജോര്‍ജ് ഓരോന്നു പറയുന്നത് എഴുതിയെടുക്കുകയാണ് പത്രക്കാര്‍. അല്ലാതെ കാര്യങ്ങളൊന്നും ചോദിക്കുന്നില്ല. അഭിലാഷിന്റെയും സഹോദരന്റെയും വിവാഹത്തില്‍ പങ്കെടുത്തിട്ടുണ്ട്.

പാത്താമുട്ടം സെന്റ്ഗിറ്റ്സ് കോളേജില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനിയറിങ്ങില്‍ രണ്ടാം റാങ്കോടെയാണ് മകന്‍ അര്‍ജുന്‍ പാസായത്. അമേരിക്കയിലെ റോച്ചസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ടെക്നോളജിയില്‍ ഉപരിപഠനം. അവിടത്തെ പ്രൊഫസര്‍ ഡോ. സതീഷ് കണ്ടലിക്കറിന്റെ നിര്‍ദേശപ്രകാരമാണ് മകന്‍ 2009ല്‍ അഭിലാഷ് മുരളീധരന്റെ കമ്പനിയില്‍ കണ്‍സള്‍ട്ടന്റായത്. തൊഴില്‍ വൈദഗ്ധ്യം കണക്കിലെടുത്ത് അഡീഷണല്‍ ഡയറക്ടറാക്കി. മകന് ഈ കമ്പനിയില്‍ നയാപൈസയുടെ നിക്ഷേപമില്ല. അഭിലാഷിന്റെ ബിസിനസ് കുഴപ്പമുള്ളതല്ല. കമ്പനി ബ്ലാക്ക്ലിസ്റ്റില്‍ പെട്ടതോ തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്നതോ അല്ല. ഏത് തരത്തിലുള്ള അന്വേഷണവും നേരിടാന്‍ ഒരുക്കമാണ്.

ഗുജറാത്ത് സംഘം മസ്കറ്റ് ഹോട്ടലില്‍ തന്നെ കാണണമെന്നു പറഞ്ഞതുകൊണ്ടാണ് പോയത്. അവിടെ അഭിലാഷുമുണ്ടായിരുന്നു. പി സി ജോര്‍ജ് നരേന്ദ്രമോഡിയുടെ പ്രചാരകനായത് വിവാദമായപ്പോഴാണ് ഈ ആരോപണങ്ങളുയര്‍ന്നത്. ജോര്‍ജിനെ കെ എം മാണി അനുകൂലിച്ചതായി അറിയില്ല. ജോര്‍ജിനെതിരെ വന്ന കോട്ടയം ഡിസിസിയുടെ പ്രമേയം മാണിസാറിനെ കരുതിയാണ് ഉപേക്ഷിച്ചത്- തിരുവഞ്ചൂര്‍ പറഞ്ഞു.

ഗുജറാത്തിലെ കുപ്പിവെള്ള കമ്പനി ആരുടേത്: ജോര്‍ജ്

കോട്ടയം: ഗുജറാത്തിലെ കുപ്പിവെള്ള കമ്പനി അഭിലാഷ് മുരളീധരന്റേതാണോ അതോ സ്വന്തമാണോയെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വ്യക്തമാക്കണമെന്ന് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. അഭിലാഷുമായുള്ള ബന്ധം എന്താണ്? തിരുവഞ്ചൂര്‍ പറഞ്ഞില്ലെങ്കില്‍ താന്‍ പറയും. "രണ്ടെണ്ണമടിച്ചിട്ട് വിളിച്ചുപറയുന്നതൊന്നും വിവാദമാക്കേണ്ടെ"ന്ന തിരുവഞ്ചൂരിന്റെ പ്രതികരണത്തിന് താന്‍ മദ്യപിക്കാറില്ലെന്ന് തിരുവഞ്ചൂരിനറിയാം എന്നായിരുന്നു ജോര്‍ജിന്റെ മറുപടി.

താനും മക്കളെ പഠിപ്പിച്ചിട്ടുണ്ട്, ഒരാള്‍ അഭിഭാഷകനാണ്, മറ്റൊരാള്‍ പ്ലസ്ടുവിനും പഠിക്കുന്നു. അവര്‍ ഗോള്‍ഡ് മെഡലിസ്റ്റല്ലെങ്കിലും പിടിച്ചുപറിക്കാനോ കൊള്ളയടിക്കാനോ അല്ല പഠിപ്പിക്കുന്നത്. തന്റെ മക്കള്‍ പിടിച്ചുപറിക്കാറില്ല. തനിക്ക് ക്വാറിയുമില്ല, മണലുമില്ല. അത് പറഞ്ഞവന്റെ തന്തക്കാണ് ക്വാറി. തിരുവഞ്ചൂരിന്റെ മകന്‍ 2009ലെ ഗോള്‍ഡ് മെഡലിസ്റ്റാണെങ്കില്‍ അഭിലാഷ് മുരളീധരന്‍ എത്ര രൂപ മകന് ശമ്പളം നല്‍കിയെന്ന് തിരുവഞ്ചൂര്‍ പറയട്ടെ.

തിരുവഞ്ചൂരിന്റെ വാഹനം എത്രതവണ അഭിലാഷിന്റെ വീട്ടില്‍ പോയിട്ടുണ്ട്. "ഫാന്‍സി നമ്പര്‍ 4444" എന്നതുള്‍പ്പെടെ ഇയാളുടെ ഇരുപതോളം ആഡംബര വാഹനങ്ങള്‍ കേരളത്തിലുണ്ട്. ഗോകുലം ചിറ്റ്സിന്റെ കായംകുളം ശാഖയില്‍ അഭിലാഷ്് മൂന്നുകോടി രൂപ നല്‍കാനുണ്ട്. ഇതും തിരുവഞ്ചൂരിനറിയാം- പി സി ജോര്‍ജ് പറഞ്ഞു.

deshabhimani

No comments:

Post a Comment