Sunday, December 22, 2013

കോടികള്‍ തുലച്ച് ദേശീയപത്രങ്ങളില്‍ ഉമ്മന്‍ചാണ്ടിയുടെ "പരസ്യ"ധൂര്‍ത്ത്

ഹൈക്കമാന്‍ഡിനുമുന്നില്‍ പ്രതിച്ഛായ മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രാജ്യത്തെ പ്രമുഖ ദേശീയ ദിനപത്രങ്ങളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മുഴുപേജ് വര്‍ണപ്പരസ്യം. കോടികള്‍ ധൂര്‍ത്തടിച്ച് സംസ്ഥാനത്തെ 14 ജില്ലയിലും സംഘടിപ്പിച്ച ജനസമ്പര്‍ക്കപരിപാടി വന്‍വിജയമെന്ന അവകാശവാദത്തോടെയാണ് ദ ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ് എന്നീ പത്രങ്ങളില്‍ മുഴുപേജ് വര്‍ണപ്പരസ്യം നല്‍കിയത്. ജനസമ്പര്‍ക്കത്തിനെന്നപോലെ പരസ്യത്തിനും സര്‍ക്കാര്‍ ഖജനാവില്‍നിന്ന് കോടികള്‍ ചെലവഴിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹി എഡിഷനില്‍മാത്രം മുഴുപേജ് വര്‍ണപ്പരസ്യം നല്‍കുന്നതിന് 63.50 ലക്ഷം രൂപയാണ് നിരക്ക്. ഹിന്ദുസ്ഥാന്‍ ടൈംസിലും ഹിന്ദുവിലും ഏറെക്കുറെ ഇതുതന്നെയാണ് നിരക്ക്.

ആള്‍ക്കൂട്ടത്തിന് നടുവില്‍ നിന്ന് ഉമ്മന്‍ചാണ്ടി നിവേദനം സ്വീകരിക്കുന്ന ചിത്രമാണ് പരസ്യത്തിനൊപ്പം നല്‍കിയിട്ടുള്ളത്. ദശലക്ഷക്കണക്കിനാളുകളുടെ ജീവിതപ്രശ്നങ്ങള്‍ക്ക് പരിഹാരമെന്ന തലവാചകത്തോടൊപ്പം ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കപരിപാടി എല്ലാ ജില്ലകളിലുമെന്ന് ചേര്‍ത്തിട്ടുണ്ട്. 14 ജില്ലയിലും സ്വീകരിച്ച പരാതികളുടെ എണ്ണവും വിതരണംചെയ്ത തുകയും മുഖ്യമന്ത്രി ചെലവഴിച്ച സമയവും പട്ടിക തിരിച്ച് കൊടുത്തിട്ടുണ്ട്. മൂന്നുലക്ഷം പരാതി സ്വീകരിച്ച് 43 കോടി വിതരണംചെയ്തെന്ന് പരസ്യത്തില്‍ അവകാശപ്പെടുന്നു. 2012ല്‍ മുഖ്യമന്ത്രിക്ക് യുഎന്‍ അവാര്‍ഡ് കിട്ടിയെന്നും പറയുന്നു. ആക്ഷേപങ്ങളും പരാതികളും തുടര്‍ച്ചയായി വന്നതിനെതുടര്‍ന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പരിസ്ഥിതിമന്ത്രി ജയന്തി നടരാജനെ നീക്കംചെയ്തതിനുപിന്നാലെയാണ് മുഖ്യമന്ത്രിയുടെ "പരസ്യ" ധൂര്‍ത്തെന്നത് ശ്രദ്ധേയം. സോളാര്‍ അഴിമതിയുടെയും മറ്റും പശ്ചാത്തലത്തില്‍ ഒട്ടേറെ പരാതികള്‍ ഉമ്മന്‍ചാണ്ടിക്കെതിരായി ഹൈക്കമാന്‍ഡില്‍ എത്തിയിട്ടുണ്ട്. പൊതുതെരഞ്ഞെടുപ്പിനുമുമ്പായി പ്രതിച്ഛായ മെച്ചപ്പെടുത്തല്‍ ലക്ഷ്യമിട്ട് മോശം മുഖ്യമന്ത്രിമാരെ നീക്കിയേക്കുമെന്ന പ്രചാരണം സജീവമാണ്. ഈ ഘട്ടത്തിലാണ് താന്‍ വലിയ ചില കാര്യങ്ങള്‍ ചെയ്തുവെന്ന് ബോധ്യപ്പെടുത്താന്‍ ഉമ്മന്‍ചാണ്ടിയുടെ വര്‍ണപ്പരസ്യം.

ജനസമ്പര്‍ക്കംകൊണ്ട് പ്രയോജനം തനിക്കെന്ന് മുഖ്യമന്ത്രി

ജനസമ്പര്‍ക്കപരിപാടികൊണ്ട് ഒരുപാടുപേര്‍ക്ക് കിട്ടിയതിനേക്കാള്‍ കൂടുതല്‍ പ്രയോജനം ലഭിച്ചത് തനിക്കാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഒക്ടോബര്‍ 18ന് തുടങ്ങി നവംബര്‍ 17ന് അവസാനിച്ച ജനസമ്പര്‍ക്കപരിപാടിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് നല്‍കിയ ലേഖനത്തിലാണ് മുഖ്യമന്ത്രി ഇങ്ങനെ അവകാശപ്പെട്ടത്.

സോളാര്‍ തട്ടിപ്പുകേസിന്റെ പ്രഭവകേന്ദ്രമാണ് മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസുമെന്ന എല്‍ഡിഎഫ് ആരോപണത്തില്‍ മുഖം നഷ്ടപ്പെട്ട മുഖ്യമന്ത്രിക്ക് പിടിച്ചുനില്‍ക്കാനായാണ് രണ്ടാംഘട്ട ജനസമ്പര്‍ക്കപരിപാടിക്ക് തുടക്കമിട്ടതെന്ന നിരീക്ഷണത്തിന് ബലം നല്‍കുന്നതാണ് ഈ അവകാശവാദം. ജനസമ്പര്‍ക്കപരിപാടിയുടെ ക്രെഡിറ്റ് മറ്റാരുമായും പങ്കുവയ്ക്കാനും മുഖ്യമന്ത്രി തയ്യാറായില്ല. "ജനസമ്പര്‍ക്കം പരിപാടിയല്ല; എന്റെ ദൗത്യമാണ്" എന്നാണ് മുഖ്യമന്ത്രി പറയുന്നത്. പാര്‍ടിയുടെയോ മുന്നണിയുടെയോ പരിപാടിയല്ല, തന്റെമാത്രം ദൗത്യമാണിതെന്നാണ് ഉമ്മന്‍ചാണ്ടി അടിവരയിടുന്നത്. 31 വര്‍ഷത്തെ സര്‍വീസിനിടയില്‍ ഏറ്റവും സംതൃപ്തി തോന്നിയത് ജനസമ്പര്‍ക്കത്തില്‍ പങ്കെടുത്തപ്പോഴാണെന്ന് സ്വന്തം ജില്ലയിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞത് വിവരിച്ചാണ് ലേഖനം തുടങ്ങുന്നത്. എന്നാല്‍,2011ല്‍ തഹസില്‍ദാര്‍ പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടും അത് ലഭിക്കാത്ത സ്ത്രീ ജനസമ്പര്‍ക്കപരിപാടിയില്‍ എത്തിയതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടിതന്നെ വിവരിക്കുന്നു. ഒന്നാം ജനസമ്പര്‍ക്കപരിപാടിയിലെ അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ 45 ഉത്തരവുകള്‍ പ്രഖ്യാപിച്ചതിനെക്കുറിച്ചും ഉമ്മന്‍ചാണ്ടി വാചാലനാകുന്നു. എന്നാല്‍, ജനസമ്പര്‍ക്കവുമായി ബന്ധമില്ലാത്തതാണ് 35 ഉത്തരവുകളും.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ ജനനീസുരക്ഷ പദ്ധതിയും പിന്നോക്കമേഖലയില്‍ ദശാബ്ദങ്ങളായി തുടരുന്ന ജനറിക് മരുന്നിന്റെ സൗജന്യവിതരണവും മറ്റും ഉത്തരവുകളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുടുംബാംഗങ്ങള്‍ തമ്മിലെ സ്വത്തുകൈമാറ്റത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറച്ചുള്ള ഉത്തരവാകട്ടെ രജിസ്ട്രേഷന്‍വകുപ്പ് റദ്ദാക്കി. ഭൂരഹിതര്‍ക്ക് സ്ഥലം നല്‍കാനും വീടുവയ്ക്കാനും പുതിയ പദ്ധതികളില്ലെന്ന് സര്‍ക്കാര്‍ സര്‍ക്കുലര്‍ പ്രഖ്യാപിച്ചത് ഭൂരഹിതര്‍ക്ക് സ്ഥലവും വീടും നല്‍കുന്നതിനുള്ള ജനസമ്പര്‍ക്കപദ്ധതിയെത്തന്നെ അട്ടിമറിച്ചു. ജനസമ്പര്‍ക്കത്തില്‍ എത്ര തുകയാണ് ജനങ്ങള്‍ക്ക് വിതരണം ചെയ്തതെന്ന് പറയാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായിട്ടില്ല. രണ്ടാം ജനസമ്പര്‍ക്കപരിപാടിയുടെ അവസാനദിവസം നല്‍കിയ പത്രപ്പരസ്യത്തില്‍ നേരത്തെ പല ജില്ലയിലും വിതരണംചെയ്തെന്ന് പ്രഖ്യാപിച്ച തുകയേക്കാള്‍ കുറഞ്ഞ തുകയാണ് നല്‍കിയതെന്ന് വെളിപ്പെടുത്തിയിരുന്നു. കോഴിക്കോട് ജില്ലയില്‍ 2.4 കോടി രൂപ ചെലവാക്കിയെന്നാണ് ആദ്യം പറഞ്ഞത്. എന്നാല്‍, പരസ്യത്തില്‍ പറയുന്ന തുക 21.95 ലക്ഷം രൂപമാത്രം. ജനസമ്പര്‍ക്കത്തിലൂടെ സര്‍ക്കാരിനെ ജനമധ്യത്തിലേക്ക് കൊണ്ടുപോകാനായെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. എന്നാല്‍, കനത്ത പൊലീസ് വലയത്തിലാണ് ഈ ജനസമ്പര്‍ക്കം നടന്നതെന്ന് വ്യക്തമാണ്. മുഖ്യമന്ത്രിയെ കാണാന്‍ കഴിയാതെ നിരാശനായ ആള്‍ ആത്മഹത്യചെയ്യുന്നിടംവരെ കാര്യങ്ങളെത്തി.

deshabhimani

No comments:

Post a Comment