ലോക്സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായി കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയെ ആഭ്യന്തരമന്ത്രിയാക്കി സര്‍ക്കാരിന്റെ മുഖംമിനുക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചയില്‍ ധാരണ. ചെന്നിത്തലയെ മന്ത്രിയാക്കി കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് ശമനമുണ്ടാക്കണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം നടപ്പാക്കാനുള്ള ചര്‍ച്ചയ്ക്കും കൂടിയാലോചനയ്ക്കും കേന്ദ്രപ്രതിരോധമന്ത്രി എ കെ ആന്റണി നേതൃത്വം നല്‍കി.
യുഡിഎഫ് സീറ്റുതര്‍ക്കത്തിലോ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലോ നേരിട്ട് ഇടപെടാതെ ഒഴിഞ്ഞുമാറിയ ആന്റണി ചെന്നിത്തലയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ഉറച്ച നിലപാടെടുത്തു. ചെന്നിത്തലയ്ക്ക് ആഭ്യന്തരം നല്‍കുന്നതിനെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കം ശേഷിക്കുന്നു. ആഭ്യന്തരം തന്നില്‍ നിന്നെടുത്ത് ചെന്നിത്തലയ്ക്ക് നല്‍കിയാല്‍ മന്ത്രിയായി തുടരില്ലെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതിഷേധത്തോടെ അറിയിച്ചു. ആഭ്യന്തരവകുപ്പോടെ മന്ത്രിസഭയിലേക്ക് വരാമെന്ന് ചെന്നിത്തല കഴിഞ്ഞയാഴ്ച ഡല്‍ഹി ചര്‍ച്ചയില്‍ ഹൈക്കമാന്‍ഡ് പ്രതിനിധികളോട് സമ്മതിച്ചിരുന്നു.
ഇതേതുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് അവര്‍ അക്കാര്യം ധരിപ്പിക്കുകയും ചെയ്തു. അതിന് തുടര്‍ച്ചയായി ഹൈക്കമാന്‍ഡ് തീരുമാനം നടപ്പാക്കാനുള്ള ദൗത്യമാണ് മാസങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരളത്തിലെത്തിയ ആന്റണി മാരത്തണ്‍ ചര്‍ച്ചകളിലൂടെ നിര്‍വഹിക്കുന്നത്. നിയമസഭാ സമ്മേളനം ചേരുന്ന ജനുവരി 3നു മുമ്പായി മന്ത്രിസഭ അഴിച്ചുപണി നടത്തും. ബുധനാഴ്ച മന്ത്രിസഭായോഗത്തിനു മുമ്പ് രാജ്ഭവനില്‍ സത്യപ്രതിജ്ഞ നടക്കും. ഇതിനിടെ, പുതിയ തര്‍ക്കങ്ങളും തലപൊക്കുന്നുണ്ട്. തിരുവഞ്ചൂര്‍ രാധാകൃഷ്ണനില്‍ നിന്ന് ആഭ്യന്തരം മാറ്റുന്നതിനോട് യോജിപ്പാണെങ്കിലും അത് ചെന്നിത്തലയ്ക്ക് നല്‍കുന്നതിനോട് എ ഗ്രൂപ്പുനേതാക്കള്‍ വിയോജിപ്പിലാണ്.
മുഖ്യമന്ത്രി ആഭ്യന്തരം ഏറ്റെടുത്ത് ചെന്നിത്തലയ്ക്ക് വേറെ വകുപ്പ് നല്‍കണമെന്ന് എ ഗ്രൂപ്പിലെ തീവ്രവാദികള്‍ ശക്തിയായി ആവശ്യപ്പെടുന്നുണ്ട്. അതിന്റെ ആശയക്കുഴപ്പത്തിലാണ് ഉമ്മന്‍ചാണ്ടി. പക്ഷേ, ചെന്നിത്തലയ്ക്ക് മാന്യമായ സ്ഥാനം നല്‍കി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തണമെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ആന്റണി ആവര്‍ത്തിച്ചതിനാല്‍ ഉമ്മന്‍ചാണ്ടി നിസ്സഹായതയിലാണ്. ചെന്നിത്തല മന്ത്രിയായാല്‍ കെപിസിസി പ്രസിഡന്റ് ആരാകണമെന്നതും തര്‍ക്കത്തിലാണ്. സ്പീക്കര്‍ ജി കാര്‍ത്തികേയന്‍, വി എം സുധീരന്‍, വി ഡി സതീശന്‍ തുടങ്ങിയ പേരുകള്‍ ഉയരുന്നുണ്ട്. സുധീരന്‍ വരുന്നതിനോട് ഉമ്മന്‍ചാണ്ടി എതിര്‍പ്പ് അറിയിച്ചു.
കാര്‍ത്തികേയന്‍ മാറിയാല്‍ സ്പീക്കറായി തിരുവഞ്ചൂരിനെ കൊണ്ടുവന്ന് അനുനയിപ്പിക്കാന്‍ ഉമ്മന്‍ചാണ്ടിക്ക്ആഗ്രഹമുണ്ടെങ്കിലും തിരുവഞ്ചൂരിന് താല്‍പര്യമില്ല. തിരുവഞ്ചൂരിന് റവന്യൂവകുപ്പ് നല്‍കാനും ഉമ്മന്‍ചാണ്ടി ഉദ്ദേശിക്കുന്നു. തര്‍ക്കം തീരാത്തതിനാല്‍ നിയമസഭാ സമ്മേളനം കഴിയുംവരെ കെപിസിസി പ്രസിഡന്റായി ചെന്നിത്തല തുടരും. ഗണേശ്കുമാറിനെ വീണ്ടും മന്ത്രിയാക്കണമെന്ന് കേരള കോണ്‍ഗ്രസ് ബി ആവശ്യപ്പെടുന്നുണ്ടെങ്കിലും ഇപ്പോള്‍ ചെവി കൊടുക്കേണ്ടെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ധാരണ. നിയമസഭാ സമ്മേളനത്തിനുശേഷം മന്ത്രിമാരുടെ വകുപ്പുകളില്‍ അഴിച്ചുപണി വന്നേക്കും.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പ്രതിച്ഛായ നഷ്ടവും കോണ്‍ഗ്രസിലെ ഐക്യമില്ലായ്മയും മുന്നണിയില്‍ കൂട്ടുത്തരവാദിത്തം തകര്‍ന്നതും ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍തിരിച്ചടിയാകുമെന്ന് കോണ്‍ഗ്രസ് നിയോഗിച്ച സര്‍വേ റിപ്പോര്‍ട്ടുകള്‍ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. ഇതു മറികടക്കാനാണ് ചെന്നിത്തലയെ മന്ത്രിയാക്കുന്നത്. എന്നാല്‍, ഈ പരിഹാരക്രിയ അപഹാസ്യമാണെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭാ പുനഃസംഘടന കാര്യം ആന്റണി പ്രധാന ഘടകകക്ഷി നേതാക്കളോട് തിങ്കളാഴ്ച സൂചിപ്പിച്ചിരുന്നു. ഇന്ദിരാഭവനില്‍ ആന്റണിയുമായി നടന്ന ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടി, ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍, മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ആര്‍ എസ് ബാബു
deshabhimani
No comments:
Post a Comment