കോലഞ്ചേരി: കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള വീഗാലാന്‍ഡ് ഹോളിഡെയ്സ് വിനോദ നികുതിയിനത്തില്‍ ഒരുകോടിയോളം രൂപയുടെ വെട്ടിപ്പു നടത്തിയതായി ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗത്തിന്റെ സൂചനാ റിപ്പോര്‍ട്ട്. കുന്നത്തുനാട് പഞ്ചായത്തില്‍ ഒടുക്കേണ്ട തുക ഭൂമിയുടെ വിസ്തീര്‍ണം കുറച്ചുകാണിച്ച് തട്ടിച്ചതായാണ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്. ഇതുസംബന്ധിച്ച വീഴ്ചയ്ക്ക് പഞ്ചായത്തില്‍നിന്ന് വിശദമായ മറുപടിയും കഴിഞ്ഞദിവസം ഓഡിറ്റ് സമിതി തേടി. സംസ്ഥാന സര്‍ക്കാരിനു കീഴിലാണ് ലോക്കല്‍ ഫണ്ട് ഓഡിറ്റ് വിഭാഗം. നികുതിയുടെ സ്ലാബ് നിരക്ക് കുറച്ചുകാട്ടിയതുമൂലം 2007-08 മുതല്‍ 2011-12 വരെ പ്രതിവര്‍ഷം കുറഞ്ഞത് 20 ലക്ഷം രൂപയുടെ നികുതിനഷ്ടം പഞ്ചായത്തിന് ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
ഇത്തരത്തില്‍ ആകെ വന്നത് ഒരുകോടി രൂപയുടെ നഷ്ടമാണ്. 2012-13 സാമ്പത്തികവര്‍ഷത്തെ സ്ഥിതി സമിതി വിലയിരുത്തിയിട്ടില്ലാത്തതിനാല്‍ നികുതിനഷ്ടം കൂടുമെന്നാണ് സൂചന. 2005ലെ കേരള തദ്ദേശ സ്വയംഭരണ വിനോദനികുതി നിയമം അനുസരിച്ച് അമ്യൂസ്മെന്റ് പാര്‍ക്കുകളെ അഞ്ചു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇതനുസരിച്ച് ഇരുപതു കോടിമുതല്‍ 50 കോടിവരെ നിക്ഷേപവും ആറ് ഹെക്ടര്‍മുതല്‍ 10 ഹെക്ടര്‍വരെ വിസ്തീര്‍ണവുമുള്ള പാര്‍ക്കിന് 50-60 ലക്ഷംവരെയും 50 കോടിക്കു മുകളില്‍ നിക്ഷേപവും 10 ഹെക്ടറിനു മുകളില്‍ വിസ്തീര്‍ണവുമുള്ള പാര്‍ക്കിന് 80 ലക്ഷംമുതല്‍ ഒരുകോടി രൂപവരെയും വാര്‍ഷിക വിനോദനികുതിയായി ഈടാക്കാമെന്നാണ് ചട്ടം. വീഗാലാന്‍ഡ് അധികൃതര്‍ സമര്‍പ്പിച്ച രേഖകള്‍പ്രകാരം നിക്ഷേപം 26.6 കോടി രൂപയും വിസ്തീര്‍ണം 17.5 ഏക്കറുമാണ്. ഇതിനെത്തുടര്‍ന്ന് പഞ്ചായത്ത് കമ്മിറ്റി 2006 ഒക്ടോബര്‍ 30ന് വീഗാലാന്‍ഡിനെ നാലാം വിഭാഗത്തില്‍പ്പെടുത്തി മുന്‍കാല പ്രാബല്യത്തോടെ 2000-2001 സാമ്പത്തികവര്‍ഷംമുതല്‍ 50 ലക്ഷം രൂപ പ്രതിവര്‍ഷനിരക്കില്‍ 2005-2006 വരെയുള്ള നികുതികുടിശ്ശിക 2.35 കോടി രൂപയാണെന്നു കണക്കാക്കി. കൂടാതെ 2006-2007 മുതല്‍ 55 ലക്ഷം രൂപയും 2007-2008 മുതല്‍ 60 ലക്ഷം രൂപയും വാര്‍ഷികനികുതിയായും നിശ്ചയിച്ചു. എന്നാല്‍, വിനോദ നികുതിയിനത്തില്‍ വെട്ടിപ്പു നടത്തുന്നതിന് യഥാര്‍ഥ വിവരങ്ങള്‍ വീഗാലാന്‍ഡ് അധികൃതര്‍ മറച്ചുവച്ചതായാണ് ഓഡിറ്റ്സമിതി സംശയിക്കുന്നത്.
വീഗാഡിന്റെതന്നെ വെബ്സൈറ്റുകളും ഇതര രേഖകളുമാണ് ഇതിനായി സമിതി പരിശോധിച്ചത്. ഇതനുസരിച്ച് വീഗാലാന്‍ഡിന്റെ വിസ്തൃതി 30 ഏക്കറിലായി (12.14 ഹെക്ടര്‍) വ്യാപിച്ചുകിടക്കുന്നുവെന്നും 60 കോടിയുടെ നിക്ഷേപം നടത്തിയിട്ടുണ്ടെന്നുമാണ് സമിതിയുടെ വിലയിരുത്തല്‍. വീഗാലാന്‍ഡിന്റേതിനു പുറമെ ഇതുസംബന്ധിച്ച ഇതര വെബ്സൈറ്റുകളിലെ വിവരങ്ങളും കെ രാമചന്ദ്രന്റെ "എന്റര്‍പ്രണര്‍ഷിപ് ഡെവലപ്മെന്റ്-ഇന്ത്യന്‍ കേസസ് ഓണ്‍ ചെയ്ഞ്ച് ഏജന്റസ്" എന്ന പുസ്കതത്തിലെ കണക്കുകളുമാണ് വീഗാലാന്‍ഡ് നികുതിവെട്ടിച്ചതായുള്ള സംശയത്തിലേക്ക് അധികൃതരെ എത്തിച്ചത്. വീഗാലാന്‍ഡിന്റെ യഥാര്‍ഥ സ്ഥലവിസ്തൃതി, കാലാകാലങ്ങളില്‍ കമ്പനി നടത്തുന്ന നിക്ഷേപം എന്നിവ വിനോദനികുതി നിര്‍ണയത്തില്‍ പഞ്ചായത്ത് പരിഗണിച്ചിട്ടില്ലെന്ന്് സമിതി ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ ഇതിന് വിശദമായ മറുപടി സമര്‍പ്പിക്കണമെന്നാണ് പഞ്ചായത്തിനു നല്‍കിയ നിര്‍ദേശം.
(എന്‍ കെ ജിബി)
deshabhimani
No comments:
Post a Comment