ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ അന്വേഷണ സംഘം അവതരിപ്പിച്ച രണ്ട് സാക്ഷികള്‍ക്കൂടി കോടതിയില്‍ മൊഴി തിരുത്തി. 36, 37 സാക്ഷികളായി വിസ്തരിച്ച വള്ളൂര്‍ ചെമ്പ്ര പുതുക്കുടി വീട്ടില്‍ പി സജിത്ത്, എരുപെട്ടി കുഞ്ഞിക്കണ്ണന്‍ പറമ്പിച്ചാല്‍ വീട്ടില്‍ എം ചന്ദ്രന്‍ എന്നിവരാണ് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ പ്രോസിക്യൂഷനെതിരെ മൊഴിനല്‍കിയത്. കേസ് ഡയറിയിലെ മഹസര്‍ സാക്ഷികളാണ് ഇരുവരും. ഇതോടെ കേസില്‍ മൊഴിതിരുത്തിയവരുടെ എണ്ണം 11 ആയി. സജിത്തിനെയാണ് ആദ്യം വിസ്തരിച്ചത്. കേസിലെ പ്രതി കൊടി സുനിയെ ഇതുവരെ കണ്ടിട്ടില്ലെന്നും ഇയാളുടെ അച്ഛന്റെയും അമ്മയുടെയും പേര് തനിക്കറിയില്ലെന്നും സജിത്ത് മൊഴിനല്‍കി. താന്‍ സിപിഐ എം അനുഭാവിയോ മത്സ്യത്തൊഴിലാളി യൂണിയന്‍ (സിഐടിയു) അംഗമോ അല്ലെന്നും കോടതിയെ ബോധിപ്പിച്ചു. കേസിലെ മറ്റൊരു സാക്ഷിയായ ബാബുവിന്റെ വീട്ടില്‍ 2012 മെയ് 19ന് വടകര ഡിവൈഎസ്പിയും സംഘവും പരിശോധന നടത്തുന്നത് കണ്ടിട്ടില്ലെന്നും മത്സ്യക്കച്ചവടം നടത്തുന്ന സ്ഥലത്തുവച്ചാണ് പൊലീസ് മഹസറില്‍ ഒപ്പിടുവിച്ചതെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു. കേസില്‍ പ്രതിചേര്‍ത്ത സനീഷിനെ അറിയില്ലെന്നും ബാബുവിന്റെ വീടും പരിസരവും സനീഷ് ചൂണ്ടിക്കാണിക്കുന്നത് കണ്ടില്ലെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ സാക്ഷി മൊഴിനല്‍കി. ഒപ്പിടുന്നതിന് മുമ്പ് പൊലീസ് എന്താണ് എഴുതിയതെന്ന് താന്‍ വായിച്ചുനോക്കിയിട്ടില്ലെന്ന് ക്രോസ് വിസ്താരത്തില്‍ സജിത്ത് പറഞ്ഞു.
ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി ഓഫീസില്‍ എത്തിയിരുന്നുവെന്നത് പൊലീസ് കെട്ടിച്ചമച്ച കഥയാണെന്ന് രണ്ടാമതായി വിസ്തരിച്ച എം ചന്ദ്രന്റെ മൊഴിയില്‍ വ്യക്തമായി. 2012 മെയ് 19ന് വടകര ഡിവൈഎസ്പിക്കും സംഘത്തിനുമൊപ്പം പൊലീസ് വാഹനത്തിലെത്തിയ ചെറുപ്പക്കാരന്‍ ഏരിയാ കമ്മിറ്റി ഓഫീസ് ചൂണ്ടിക്കാണിക്കുന്നത് കണ്ടില്ലെന്ന് പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ ചന്ദ്രന്‍ പറഞ്ഞു. ഏരിയാ കമ്മിറ്റി ഓഫീസിന് 150 മീറ്റര്‍ അകലെയുള്ള തന്റെ ലോട്ടറിക്കടയില്‍ ഇരിക്കുമ്പോള്‍ വടകര ഡിവൈഎസ്പിയോടൊപ്പം പൊലീസ് വാഹനത്തില്‍ എത്തിയ ചെറുപ്പക്കാരന്‍ പാര്‍ടി ഓഫീസിലേക്കും റോഡിലേക്കും ചൂണ്ടി ഇവിടെയാണ് അവരെ ഇറക്കിയതെന്ന് പറയുന്നത് താന്‍ കേട്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടില്ല. പൊലീസ് മഹസറില്‍ ഇപ്രകാരം എഴുതിയതിനെക്കുറിച്ച് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. കേസിലെ 41-ാം പ്രതി സനീഷിനെ ഇതുവരെ കണ്ടിട്ടില്ല. സിപിഐ എം പിണറായി ഏരിയാ കമ്മിറ്റിയംഗം വി എം പവിത്രനും സി എച്ച് അശോകനും പരിചയക്കാരാണോ എന്നറിയില്ല. സി എച്ച് അശോകനെ അറിയില്ല. സിപിഐ എമ്മിനെ ഭയന്നിട്ടോ ആരുടെയെങ്കിലും സമ്മര്‍ദംമൂലമോ അല്ല കോടതി മുമ്പാകെ മൊഴി തിരുത്തുന്നതെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ ചന്ദ്രന്‍ പറഞ്ഞു. പൊലീസ് സിപിഐ എം ഏരിയാ കമ്മിറ്റി ഓഫീസിനടുത്ത് എന്തെങ്കിലും നിരീക്ഷണം നടത്തുന്നതായി കണ്ടിട്ടില്ലെന്ന് ക്രോസ് വിസ്താരത്തില്‍ സാക്ഷി പറഞ്ഞു. പ്രോസിക്യൂട്ടര്‍ വായിച്ചപ്പോഴാണ് പൊലീസിന് ഒപ്പിട്ടുനല്‍കിയ കടലാസില്‍ എന്താണ് എഴുതിയതെന്ന് അറിയുന്നതെന്നും ഇയാള്‍ മൊഴിനല്‍കി.
deshabhimani 030413
No comments:
Post a Comment