Saturday, April 20, 2013

2ജി പ്രധാനമന്ത്രിയെ എല്ലാം അറിയിച്ചിരുന്നു: രാജ


 ഖജനാവിന് 1.76 ലക്ഷം കോടി നഷ്ടം വരുത്തിയ 2ജി സ്പെക്ട്രം ഇടപാടില്‍ പ്രധാനമന്ത്രി കുറ്റക്കാരനല്ലെന്ന ജെപിസി കണ്ടെത്തലിനെതിരെ മുന്‍ ടെലികോം മന്ത്രി എ രാജ രംഗത്ത്. പ്രധാനമന്ത്രിയുമായി കൂടിയാലോചിച്ചാണ് 2ജി ലൈസന്‍സ് വിതരണത്തിന്റെ കാര്യത്തില്‍ താന്‍ തുടക്കംമുതല്‍ പ്രവര്‍ത്തിച്ചതെന്ന് രാജ പ്രതികരിച്ചു. കരട്റിപ്പോര്‍ട്ട് ജെപിസി അംഗങ്ങള്‍ക്ക് കിട്ടുന്നതിനു മുമ്പേ ചോര്‍ന്നത് അവകാശലംഘനമാണെന്ന് സമിതിയംഗവും സിപിഐ എം രാജ്യസഭാ നേതാവുമായ സീതാറാം യെച്ചൂരി പറഞ്ഞു.

കരട് ജെപിസി റിപ്പോര്‍ട്ട് പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും സംരക്ഷിക്കുന്ന കോണ്‍ഗ്രസ് രേഖ മാത്രമാണെന്ന് ബിജെപി കുറ്റപ്പെടുത്തി. റിപ്പോര്‍ട്ട് നിഷ്പക്ഷവും വസ്തുതകളെ ആധാരമാക്കിയുള്ളതുമാണെന്ന് ജെപിസി അധ്യക്ഷന്‍ പി സി ചാക്കോ അവകാശപ്പെട്ടു. റിപ്പോര്‍ട്ടിന് അന്തിമരൂപം നല്‍കാന്‍ 25ന് ജെപിസി വീണ്ടും യോഗം ചേരും- ചാക്കോ അറിയിച്ചു. തനിക്ക് പറയാനുള്ളത് ജെപിസി കേട്ടിട്ടില്ലെന്ന് രാജ പറഞ്ഞു. തന്റെ ഭാഗം കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ജെപിസിക്ക് വീണ്ടും കത്തയക്കും. അവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ. നൂറോളം പേജ് വരുന്ന റിപ്പോര്‍ട്ട് താന്‍ ഈ വിഷയത്തില്‍ അയക്കും. തന്റെ റിപ്പോര്‍ട്ട് കണ്ടശേഷം അവര്‍ വിളിക്കുമെന്നാണ് പ്രതീക്ഷ. തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്താനാകുമെന്ന ഉറച്ച പ്രതീക്ഷയുണ്ട്- രാജ പറഞ്ഞു.

എങ്ങനെയാണ് ഒരു മന്ത്രിക്ക് പ്രധാനമന്ത്രിയെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുകയെന്ന് ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി ചോദിച്ചു. പ്രധാനമന്ത്രിയെയും ധനമന്ത്രിയെയും കുറ്റവിമുക്തരാക്കിയുള്ള റിപ്പോര്‍ട്ടിനെ എങ്ങനെ വിശ്വാസത്തിലെടുക്കും? കരുണാനിധി ആരാഞ്ഞു. വെള്ളിയാഴ്ച രാവിലെമാത്രമാണ് തനിക്ക് കരട്റിപ്പോര്‍ട്ട് ലഭിച്ചതെന്ന് യെച്ചൂരി പറഞ്ഞു. അതിനു മുമ്പേ റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വായിച്ചു. ഇത് അവകാശലംഘനമാണ്. ഈ വിഷയത്തില്‍ എങ്ങനെ മുന്നോട്ടു നീങ്ങണമെന്നത് മറ്റുള്ളവരുമായി ആലോചിച്ച് തീരുമാനിക്കും. റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പൂര്‍ണമായും പഠിച്ചശേഷമേ കൂടുതല്‍ പ്രതികരിക്കൂ- യെച്ചൂരി പറഞ്ഞു. സത്യം വളച്ചൊടിക്കാനുള്ള ഉപകരണമാക്കി കോണ്‍ഗ്രസ് ജെപിസിയെ മാറ്റിയെന്ന് ബിജെപി നേതാവ് അരുണ്‍ ജെയ്റ്റ്ലി കുറ്റപ്പെടുത്തി.

ബൊഫോഴ്സ് അഴിമതി അന്വേഷിച്ച ജെപിസിക്ക് സംഭവിച്ച അതേ ദുരന്തംതന്നെയാകും സ്പെക്ട്രം ജെപിസിക്കും സംഭവിക്കുക. ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് സത്യത്തെ വളച്ചൊടിക്കാന്‍ കോണ്‍ഗ്രസ് ജെപിസിയെ ഉപയോഗപ്പെടുത്തുന്നത്- ജെയ്റ്റ്ലി പറഞ്ഞു. റിപ്പോര്‍ട്ട് പക്ഷപാതപരമല്ലെന്ന് പി സി ചാക്കോ പറഞ്ഞു. വസ്തുതകളുടെയും രേഖകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. എല്ലാ ജെപിസി അംഗങ്ങളും റിപ്പോര്‍ട്ട് അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. രാജയെ സമിതി മുമ്പാകെ വിളിക്കാനാവില്ല. അങ്ങനെ ചെയ്താല്‍ മറ്റ് മുന്‍ ടെലികോം മന്ത്രിമാരെയും വിളിക്കേണ്ടി വരും- ചാക്കോ പറഞ്ഞു.

ടെലികോം മന്ത്രിയായിരുന്ന രാജ പ്രധാനമന്ത്രിയെ പൂര്‍ണമായും തെറ്റിദ്ധരിപ്പിച്ചുവെന്ന കണ്ടെത്തലാണ് ജെപിസി നടത്തുന്നത്. പ്രധാനമന്ത്രിയും ധനമന്ത്രാലയവും സ്പെക്ട്രം ഇടപാടുകള്‍ സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സുതാര്യത ഉറപ്പുനല്‍കിയ ടെലികോം മന്ത്രി എന്നാല്‍ സ്വന്തം ഇഷ്ടപ്രകാരം നീങ്ങുകയാണ് ചെയ്തത്. ഇടപാടില്‍ എല്ലാ തീരുമാനങ്ങളും ടെലികോം മന്ത്രിയുടേതു തന്നെയായിരുന്നു- കരട് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.

deshabhimani 200413

No comments:

Post a Comment