Saturday, April 20, 2013

മമതയുടെ സ്വന്തം ചിട്ടിക്കാരന്‍ മുങ്ങി


തൃണമൂല്‍ കോണ്‍ഗ്രസുമായി അടുത്ത ബന്ധമുള്ള വന്‍കിട ചിട്ടിക്കമ്പനി ഉടമ നിക്ഷേപകരെ പറ്റിച്ച് മുങ്ങി. ചിട്ടിക്കമ്പനിക്കൊപ്പം നിക്ഷേപവ്യവസായ സ്ഥാപനങ്ങളും മാധ്യമ ശൃംഖലയുമുള്ള ശാരദാ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ സുദീപ്ത സെന്‍ ആണ് മുങ്ങിയത്. ഗ്രാമങ്ങളിലെ ഇടത്തരം ചെറുകിട നിക്ഷേപകരെ കബളിപ്പിച്ച് കോടികളാണ് സെന്‍ വെട്ടിച്ചത്. ഇയാള്‍ക്കെതിരെ നിക്ഷേപകര്‍ പൊലീസില്‍ പരാതി നല്‍കി. പണം നഷ്ടമായ നിക്ഷേപകര്‍ വിവിധ തൃണമൂല്‍ ഓഫീസുകളിലേക്ക് മാര്‍ച്ച് നടത്തി. ഇയാളെക്കുറിച്ച് അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചെങ്കിലും ഒരാഴ്ചയായി ഒരു വിവരവുമില്ല.

ശാരദാഗ്രൂപ്പിനു കീഴില്‍ താരാ ന്യൂസ്, താരാ മ്യൂസിക്, ചാനല്‍ 10 എന്നീ ടിവി ചാനലുകളും ബംഗാളി, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ നാലു പത്രവുമുണ്ട്. മാസങ്ങളായി ഇവ സാമ്പത്തിക പ്രതിസന്ധിയിലാണ്. ഈ മാധ്യമസ്ഥാപനങ്ങളുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും തൃണമൂല്‍ രാജ്യസഭാംഗവും മമത ബാനര്‍ജിയുടെ മാധ്യമ ഉപദേശകനുമായ കുനാല്‍ ഘോഷ് ഒരാഴ്ചയായി മുങ്ങിനടക്കുകയാണ്. തൃണമൂലിന്റെ ജിഹ്വകളായി അറിയപ്പെടുന്ന ഈ മാധ്യമങ്ങള്‍ക്ക് മമത അധികാരത്തില്‍ വന്നശേഷം സര്‍ക്കാര്‍ പരസ്യങ്ങള്‍ കൈയയച്ച് നല്‍കിയിരുന്നു. തൃണമൂലിന്റെയും സര്‍ക്കാരിന്റെ പല പരിപാടികള്‍ക്കും ധനസഹായം ചെയ്യുന്നതും ഈ ഗ്രൂപ്പാണ്. ചാനലുകളിലും പത്രങ്ങളിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ശമ്പളം മുടങ്ങിയിട്ട് നാലുമാസമായി. ബംഗാളി പുതുവര്‍ഷദിനമായ ഏപ്രില്‍ 14ന് ഈ ഗ്രൂപ്പിന്റെ പ്രസിദ്ധീകരണ കമ്പനിയായ ശാരദാ പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് പ്രൈവറ്റ് ലിമിറ്റഡ് പൂട്ടിയതായി പ്രഖ്യാപിച്ചതോടെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകര്‍ അടക്കം ആയിരക്കണക്കിനു തൊഴിലാളികള്‍ വഴിയാധാരമായി. ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളും നല്‍കാതെയാണ് കമ്പനി പൂട്ടിയത്. അതിലെ ജീവനക്കാര്‍ തൃണമൂല്‍ ഓഫീസിലേക്ക് മാര്‍ച്ചു നടത്തി ടിഎംസി ജനറല്‍ സെക്രട്ടറി മുകുള്‍ റോയ്ക്കും വ്യവസായമന്ത്രി പാര്‍ഥാ ചാര്‍റ്റജിക്കും പരാതി നല്‍കി.

മമത ബാനര്‍ജി അധികാരത്തില്‍ വന്നതിനുശേഷം തൃണമൂല്‍ നേതാക്കളും അവരുമായി അടുപ്പമുള്ളവരും നടത്തുന്ന ചിട്ടിക്കമ്പനികള്‍ തഴച്ചുവളരുകയാണ്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെയും സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും നിബന്ധനകള്‍ കാറ്റില്‍പറത്തിയാണ് ഈ ചിട്ടിവ്യവസായം. ഉയര്‍ന്ന പലിശയും വരുമാനവും വാഗ്ദാനംചെയ്താണ് ഇവര്‍ ആളുകളെ ആകര്‍ഷിക്കുന്നത്. തൃണമൂലിന്റെ സാമ്പത്തിക സ്രോതസ്സുകളായ ചിട്ടിക്കമ്പനികള്‍ ഗ്രാമീണമേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. ഇത്തരം തട്ടിപ്പുകമ്പനികളുടെ പ്രവേശനത്തോടെ പോസ്റ്റ് ഓഫീസുകളിലും ഗ്രാമീണ്‍ ബാങ്കുകളിലുമുള്ള നിക്ഷേപം വന്‍ തോതില്‍ ഇടിഞ്ഞു. സംസ്ഥാനത്തിന്റെ സമ്പദ്ഘടന തകര്‍ക്കുന്ന ഇവയെ നിയന്ത്രിക്കണമെന്ന് ഇടതുമുന്നണി നേതാക്കളും സാമ്പത്തിക വിദഗ്ധരും നിരന്തരം മുന്നറിയിപ്പ് നല്‍കിയിരുന്നു.
(ഗോപി)

deshabhimani 200413

No comments:

Post a Comment