കല്യാണം കഴിഞ്ഞതുമുതല്‍ യാമിനി തന്നെ ക്രൂരമായി പീഡിപ്പിക്കാറുണ്ടെന്നും വളരെ മോശമായാണ് പെരുമാറുന്നതെന്നും മന്ത്രി കെ ബി ഗണേശ്കുമാര്‍ കുടുംബകോടതിയില്‍ തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞു. തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഭക്ഷണത്തിനുള്ള വകയൊരുക്കുകയാണ് യാമിനിയുടെ തൊഴിലെന്നും ഗണേശ് പറഞ്ഞു. സിനിമയില്‍ അഭിനയിക്കാതിരിക്കാന്‍ തന്റെ മുഖത്ത് നിരന്തരം നഖംകൊണ്ട് മുറിവേല്‍പ്പിച്ച് വികൃതമാക്കാറുണ്ട്. വീട്ടില്‍നിന്ന് ഇറക്കിവിട്ടിട്ടുണ്ടെന്നും പൊലീസില്‍ പരാതി നല്‍കുമെന്നും മന്ത്രിസ്ഥാനം തെറിപ്പിച്ച് പാപ്പരാക്കുമെന്നും ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പരാതിയിലുണ്ട്. ഫെബ്രുവരി 22ന് രാത്രി ഏഴിന് മുറിയില്‍ ചായ കുടിച്ചുകൊണ്ടിരിക്കെയാണ് ക്രൂരമായി മര്‍ദിച്ചത്. അടിയുടെ ആഘാതത്തില്‍ താഴെ വീണ് കസേരയില്‍ മുഖമടിക്കുകയും മൂക്കില്‍നിന്നു രക്തംവരികയുംചെയ്തു. തുടര്‍ന്ന്, വലത്തെ കാലിലും നെഞ്ചിലും മുഖത്തും നഖങ്ങള്‍കൊണ്ട് മാരകമായി മുറിവേല്‍പ്പിച്ചു. തിരിച്ചടിച്ചാല്‍ പൊലീസില്‍ പരാതി കൊടുക്കുമെന്നും കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി. മന്ത്രിയെന്ന നിലയില്‍ പൊതുസമൂഹത്തെ അറിയിക്കാതിരിക്കാന്‍ മൗനം അവലംബിക്കുകയായിരുന്നു. ശാസ്തമംഗലത്തെ ഡോ. ശ്രീകുമാറിന്റെ അടുത്ത് ചികിത്സ തേടി. തന്റെ ജീവനക്കാരനായ റിജോ, ഡ്രൈവര്‍ ശാന്തന്‍, ഗണ്‍മാന്‍ ഷാനവാസ്, വീട്ടിലുള്ള ജീവനക്കാരി എന്നിവര്‍ സാക്ഷികളാണ്.
മാര്‍ച്ച് ഏഴിന് രാത്രി ഒമ്പതിന് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യാമിനി വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ യാമിനിയെ ആക്രമിച്ചുവെന്ന് പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞു. ഇതുകേട്ട് കണ്ണീരോടെ താന്‍ ഔദ്യോഗികവസതിയിലേക്കു പോയി. അതിനുശേഷം ഔദ്യോഗികവസതിയില്‍തന്നെ കഴിയുകയായിരുന്നു. രാഷ്ട്രീയക്കാരനും നടനുമെന്ന നിലയില്‍ മിക്ക സമയവും യാത്രയിലായിരിക്കും. ഇതിനോട് യാമിനിക്ക് യോജിപ്പുണ്ടായിരുന്നില്ല. തീരെ പൊരുത്തപ്പെടാനാവാത്ത സ്ഥിതിയിലാണ് തനിക്ക് മാനഹാനി ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2001ല്‍ വിവാഹമോചനക്കേസ് നല്‍കിയത്. രാഷ്ട്രീയ എതിരാളികളുടെ ചട്ടുകമായാണ് യാമിനി പ്രവര്‍ത്തിച്ചത്. പിന്നീട് ഒരുമിച്ചെങ്കിലും യാമിനി തുടര്‍ന്നും പീഡിപ്പിച്ചിരുന്നു. മക്കളെ ഓര്‍ത്തുമാത്രമാണ് ബന്ധം തുടര്‍ന്നത്. തന്നെ യാമിനി എപ്പോഴും സംശയദൃഷ്ടിയോടെയാണ് കണ്ടത്. ചലച്ചിത്ര നടികളുമായി ബന്ധപ്പെടുത്തി കള്ളക്കഥകള്‍ മെനഞ്ഞു. പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളുടെ മുന്നില്‍വച്ച് തന്നെ മര്‍ദിക്കാറുണ്ട്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴെല്ലാം കള്ളക്കഥകള്‍ പ്രചരിപ്പിച്ച് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു.
യാമിനിയും അമ്മയും റിയല്‍എസ്റ്റേറ്റ് കച്ചവടത്തിനായി പലപ്പോഴും വന്‍ തുക ആവശ്യപ്പെട്ടിട്ടുണ്ട്. തനിക്കെതിരെ മക്കളുടെ മനസ്സില്‍ വിദ്വേഷം നിറയ്ക്കുന്ന രീതിയില്‍ കള്ളക്കഥ പറയുന്നതും പതിവാണ്. മധ്യസ്ഥ ചര്‍ച്ചകള്‍ നടന്നെങ്കിലും ഇനി ഒരുമിച്ചു താമസിച്ചാല്‍ തന്റെ ജീവനുതന്നെ ഭീഷണി ഉണ്ടാകുമെന്നതിനാലാണ് വിവാഹമോചനത്തിനു തീരുമാനിച്ചത്. മധ്യസ്ഥചര്‍ച്ചയില്‍ ന്യായമായ നഷ്ടപരിഹാരം നല്‍കാമെന്ന് പറഞ്ഞെങ്കിലും യാമിനി വഴങ്ങിയില്ല. ഭാര്യക്കും മക്കള്‍ക്കും തുല്യമായി നഷ്ടപരിഹാരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും യാമിനി തയ്യാറായില്ല. അതിനാലാണ് കേസ് നല്‍കിയതെന്നും ഹര്‍ജിയില്‍ പറയുന്നു. വഴുതയ്ക്കാട്ട് 11 സെന്റിലുള്ള വീടും ചെന്നൈയിലെ ഫ്ളാറ്റും ഇഷ്ടദാനമായി നല്‍കാമെന്നും 75 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നുമായിരുന്നു ഒത്തുതീര്‍പ്പ് വ്യവസ്ഥ. മാര്‍ച്ച് 19ന് ഇതുപ്രകാരം കരാര്‍ വയ്ക്കുകയും മുപ്പതിനകം ഇത് നടപ്പാക്കുമെന്നുമായിരുന്നു ധാരണ. തൊട്ടടുത്ത ദിവസംതന്നെ പരസ്പരധാരണപ്രകാരം ഇരുവരും ചേര്‍ന്ന് വിവാഹമോചനക്കേസ് ഫയല്‍ ചെയ്യാമെന്നും ധാരണ ഉണ്ടായിരുന്നു. ഇതുപ്രകാരം സബ്രജിസ്ട്രാര്‍ വീട്ടിലെത്തി വസ്തുക്കള്‍ രജിസ്ട്രേഷന്‍ നടത്തുമെന്നും യാമിനിക്കും മക്കള്‍ക്കുമായി 25 ലക്ഷം രൂപ വീതം നല്‍കുമെന്നും തന്റെ അഭിഭാഷകന്‍ നിര്‍ദേശംവച്ചിരുന്നു. എന്നാല്‍, ഇഷ്ടദാനത്തിനു പകരമായി വിലയാധാരം നല്‍കണമെന്നും 75 ലക്ഷം രൂപ മുഴുവനായും ലഭിക്കണമെന്നും യാമിനി ആവശ്യപ്പെട്ടു. ഈ കരാര്‍ നടക്കാത്തതിനാലാണ് കേസ് ഫയല്‍ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
എല്ലാം സഹിച്ചത് മക്കളെയോര്‍ത്ത്...
""എനിക്ക് അച്ഛനില്ല, സഹോദരങ്ങളില്ല. എല്ലാം ഞാന്‍ മക്കള്‍ക്കുവേണ്ടിയാണ് സഹിച്ചത്. എപ്പോഴേ അദ്ദേഹത്തെ വിട്ടിട്ട് പോകാമായിരുന്നു. എന്നാല്‍, രണ്ട് ആണ്‍മക്കള്‍ അച്ഛനില്ലാതെ വളരരുതെന്ന് കരുതിയാണ് എല്ലാം സഹിച്ചത്. അച്ഛന്‍ ജീവിച്ചിരുപ്പുണ്ടായിരുന്നെങ്കില്‍ സംഭവം നടന്ന അതേ ആഴ്ചതന്നെ ഞാന്‍ എന്റെ വീട്ടിലെത്തിയേനെ. വീട്ടില്‍ അമ്മ തനിച്ചാണ്. അമ്മയെ അറിയിക്കാതിരിക്കാന്‍ എല്ലാം ഉള്ളിലൊതുക്കുകയായിരുന്നു. അച്ഛന്റെ സ്ഥാനത്ത് കണ്ട മുഖ്യമന്ത്രിയും എന്നെ ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല...""- വഴുതക്കാട്ടെ വീട്ടില്‍ പൊട്ടിക്കരഞ്ഞ് മന്ത്രി ഗണേശ്കുമാറിന്റെ ഭാര്യ ഡോ. യാമിനി തങ്കച്ചി പറഞ്ഞു. ഞാന്‍ പറയുന്നതില്‍ എന്തെങ്കിലും അസത്യമുണ്ടോ എന്ന് എന്റെ മോനോട് നിങ്ങള്‍ ചോദിക്കൂ. അവന്‍ പറയും എല്ലാം. അവനിപ്പോ എല്ലാം തിരിച്ചറിയാവുന്ന പ്രായമായി. പിന്നില്‍ സങ്കടത്തോടെ നിന്ന മകന്‍ ആദിത്യയുടെ കൈപിടിച്ച് യാമിനി പറഞ്ഞു. ഇടയ്ക്കിടെ വിങ്ങിക്കരഞ്ഞ അമ്മയെ മകന്‍ പുറത്തുതട്ടി ആശ്വസിപ്പിച്ചുകൊണ്ടിരുന്നു.
16 വര്‍ഷമായി അനുഭവിക്കുന്ന കടുത്ത പീഡനവും മുഖ്യമന്ത്രിയുടെ ചതിയും വിവരിക്കുന്നതിനിടയില്‍ പലപ്പോഴും വാക്കുകള്‍ മുറിഞ്ഞു. മറ്റൊരു സ്ത്രീയുടെ ഭര്‍ത്താവിന്റെ കാല്‍ക്കല്‍ വീണ് തെറ്റുപറ്റിയെന്നു പറഞ്ഞ് കേണപേക്ഷിക്കുന്ന ഭര്‍ത്താവിന്റെ ദൃശ്യം ഞാന്‍ ഒരിക്കലും മറക്കില്ല. വലിയൊരു ഷോക്കായിരുന്നു അത്. പരസ്ത്രീബന്ധം ചോദ്യംചെയ്യുമ്പോഴാണ് എപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാകാറ്. ഇതിനുമുമ്പ് വിവാഹമോചനത്തിന്റെ വക്കിലെത്തിയതും അദ്ദേഹത്തിന്റെ പരസ്ത്രീബന്ധംമൂലമായിരുന്നു. കുട്ടന് പത്താംക്ലാസിലെ പരീക്ഷ നടക്കുന്ന സമയത്താണ് വീട്ടില്‍ പ്രശ്നങ്ങളെല്ലാം നടക്കുന്നത്. പ്രശ്നങ്ങള്‍ അവനെ അറിയിക്കാതെ എല്ലാം ഉള്ളിലൊതുക്കിയാണ് ഞാന്‍ കഴിഞ്ഞത്. എന്നാല്‍, അവന്റെ പരീക്ഷ കുളമായി. ഇനിയും ഒന്നും ഒളിച്ചുവയ്ക്കാന്‍ വയ്യ. ഈ ബന്ധം തുടരാന്‍ ആഗ്രഹിക്കുന്നുമില്ല. മക്കളുടെ ഭാവി സുരക്ഷിതമാക്കേണ്ടത് തന്റെ കടമയാണ്. അങ്ങനെയാണ് ഒത്തുതീര്‍പ്പുകരാറിന് സമ്മതിച്ചത്.
മുമ്പ് ഇതേ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിവാഹമോചനത്തിന് അപേക്ഷ നല്‍കിയിരുന്നത്. അന്ന് ജസ്റ്റിസ് ഡി ശ്രീദേവിയടക്കമുള്ളവരുടെ മധ്യസ്ഥതയിലാണ് ഒരുമിച്ചുപോകാന്‍ തീരുമാനിച്ചത്. ഞാന്‍ ഒപ്പം വേണമെന്ന് അന്ന് ഗണേശ് പറഞ്ഞു. മകന്റെ ഭാവിയോര്‍ത്താണ് അന്ന് ഒരുമിച്ചുപോകാന്‍ തീരുമാനിച്ചത്. അത് തെറ്റായിപ്പോയെന്ന് ഇപ്പോള്‍ മനസ്സിലായി. എനിക്ക് നീതി വേണം. ഗാര്‍ഹികപീഡനവും പരസ്ത്രീബന്ധവും അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്ത് ഗണേശിനെതിരെ പൊലീസിനും വനിതാ കമീഷനും രേഖാമൂലം പരാതി നല്‍കും. മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് സ്വീകരിക്കാത്തതും പരാതിയില്‍ പറയും. മന്ത്രിക്കെതിരെ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും പരാതി നല്‍കുമെന്നും യാമിനി പറഞ്ഞു. യാമിനി വാര്‍ത്താസമ്മേളനത്തിന് എത്തിയപ്പോള്‍ കൈയില്‍ ബാന്‍ഡേജ് കെട്ടിയിരുന്നു. മന്ത്രിയുടെ മര്‍ദനത്തിലാണ് കൈക്ക് പരിക്കേറ്റതെന്നും മര്‍ദനത്തില്‍ കാലിന്റെ കുഴ തെറ്റിയെന്നും അവര്‍ പറഞ്ഞു. പരിക്കേറ്റ തന്നെ ഗണേശിന്റെ സഹോദരീഭര്‍ത്താവ് ടി ബാലകൃഷ്ണനാണ് ആശുപത്രിയില്‍ കൊണ്ടുപോയതെന്നും അവര്‍ പറഞ്ഞു.
(സുമേഷ് കെ ബാലന്‍)
deshabhimani 020413
No comments:
Post a Comment