Tuesday, April 2, 2013

കൊറിയന്‍ സംഘര്‍ഷം മുതലെടുക്കാന്‍ പ്രകോപനവുമായി യുഎസ്


വാഷിങ്ടണ്‍: കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാക്കുന്ന പ്രസ്താവനയുമായി അമേരിക്ക വീണ്ടും രംഗത്തെത്തി. ഉത്തരകൊറിയയെ നേരിടാന്‍ എല്ലാ അര്‍ഥത്തിലും തങ്ങള്‍ തയ്യാറാണെന്ന് അമേരിക്കന്‍ ദേശീയ സുരക്ഷാ കൗണ്‍സില്‍ വക്താവ് കെയ്റ്റ്ലിന്‍ ഹെയ്ഡന്‍ പറഞ്ഞു. നിരന്തരമായ പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയുമായി യുദ്ധാവസ്ഥയിലേക്ക് കടന്നെന്ന് ഉത്തരകൊറിയ കഴിഞ്ഞദിവസം വ്യക്തമാക്കിയതിനു പിന്നാലെയാണ് ഏറ്റുമുട്ടലിന് സന്നദ്ധരാണെന്ന് അമേരിക്ക പ്രഖ്യാപിച്ചത്. ദക്ഷിണ കൊറിയന്‍ സര്‍ക്കാരുമായും സൈനിക നേതൃത്വവുമായും അമേരിക്ക ആശയവിനിമയം നടത്തി. സഖ്യകക്ഷിയായ ദക്ഷിണകൊറിയക്ക് ഉത്തരകൊറിയയുടെ "ഭീഷണി" നേരിടാന്‍ എല്ലാ സഹായവും നല്‍കുമെന്ന് കെയ്റ്റ്ലിന്‍ പറഞ്ഞു. ഉത്തരകൊറിയയുടെ ശുഭകരമല്ലാത്ത പ്രസ്താവന സംബന്ധിച്ച് റിപ്പോര്‍ട്ടുകള്‍ കണ്ടു. ഇത്തരം വീരവാദം അവര്‍ മുമ്പും മുഴക്കിയിട്ടുണ്ട്. ഇപ്പോഴത്തെ പ്രസ്താവനയും ഇത്തരത്തിലുള്ളതാണ്. സഖ്യരാജ്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്ക പൂര്‍ണമായും തയ്യാറാണ്- അവര്‍ പറഞ്ഞു.

ഉത്തരകൊറിയക്കെതിരെ കൂടുതല്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി മേഖലയില്‍ സൈനിക വിന്യാസം ശക്തമാക്കുമെന്നും അമേരിക്ക വ്യക്തമാക്കി. കൂടുതല്‍ പോര്‍വിമാനങ്ങള്‍ മേഖലയില്‍ വിന്യസിക്കും. റഡാര്‍ സംവിധാനവും പ്രതിരോധ സംവിധാനവും ശക്തമാക്കുമെന്നും അവര്‍ വിശദീകരിച്ചു. അതേസമയം, ഉത്തരകൊറിയയുമായുള്ള പ്രശ്നം വഷളാക്കാനുള്ള അമേരിക്കന്‍ ചേരിയുടെ നീക്കത്തില്‍ റഷ്യ അതൃപ്തി പ്രകടിപ്പിച്ചു. എല്ലാവരും പരമാവധി സംയമനം പാലിക്കണമെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തി സ്ഥിതിഗതി മോശമാക്കരുതെന്നും റഷ്യ നിര്‍ദേശിച്ചു. അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്ന് മേഖലയില്‍ നടത്തുന്ന സൈനികാഭ്യാസമാണ് യുദ്ധസമാനമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിച്ചത്. തങ്ങളുടെ പരമാധികാരം ചോദ്യംചെയ്യുംവിധം പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ ദക്ഷിണകൊറിയയുമായുള്ള ബന്ധം യുദ്ധാവസ്ഥയിലേക്ക് കടന്നിരിക്കയാണെന്ന് ശനിയാഴ്ച ഉത്തരകൊറിയ വ്യക്തമാക്കിയിരുന്നു. ഇനിയും പ്രകോപനം തുടര്‍ന്നാല്‍ അതിര്‍ത്തിയില്‍ ഇരു കൊറിയകളുടെയും സംയുക്ത സംരംഭമായ വ്യാവസായിക മേഖല അടച്ചുപൂട്ടുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി. യുദ്ധത്തിലേക്ക് നീങ്ങുന്ന പക്ഷം ദക്ഷിണ കൊറിയയിലെയും ശാന്തസമുദ്രത്തിലെയും ഗ്വാം, ഹവായ് എന്നിവിടങ്ങളിലെയും അമേരിക്കന്‍ സൈനിക താവളങ്ങള്‍ ആക്രമിക്കാന്‍ പാകത്തില്‍ മിസൈല്‍ സംവിധാനം സജ്ജമാക്കാന്‍ ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്‍ സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊറിയന്‍ സംഘര്‍ഷം: യുഎസ് പോര്‍വിമാനങ്ങള്‍ വിന്യസിച്ചു

സോള്‍: അമേരിക്കന്‍ ഇടപെടലോടെ കൊറിയന്‍ ഉപദ്വീപായ മേഖലയില്‍ സംഘര്‍ഷം രൂക്ഷമായി. ഉത്തര- ദക്ഷിണ കൊറിയകള്‍ തമ്മിലുള്ള സംഘര്‍ഷം യുദ്ധത്തിലേക്ക് നീങ്ങുമെന്ന ആശങ്കയിലാണ് മേഖല. ഉത്തരകൊറിയക്കെതിരെ ശക്തമായ തിരിച്ചടിക്ക് തയ്യാറെടുക്കാന്‍ ദക്ഷിണകൊറിയ സൈന്യത്തിന് നിര്‍ദേശം നല്‍കി. മേഖലയിലെ സൈനികതാവളങ്ങളില്‍ അമേരിക്ക കൂടുതല്‍ രഹസ്യ പോര്‍വിമാനങ്ങള്‍ സജ്ജമാക്കി. വാര്‍ഷിക യുദ്ധാഭ്യാസത്തിനെന്ന പേരിലാണ് എഫ്-22 പോര്‍വിമാനങ്ങള്‍ എത്തിച്ചത്. ദക്ഷിണകൊറിയക്ക് എല്ലാ സഹായവും നല്‍കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന് ദക്ഷിണകൊറിയന്‍ പ്രസിഡന്റ് പാര്‍ക് ജുന്‍ ഹി പറഞ്ഞു. തിങ്കളാഴ്ച പ്രതിരോധമന്ത്രിയുമായും ഉന്നതോദ്യോഗസ്ഥരുമായും അവര്‍ കൂടിക്കാഴ്ച നടത്തി. യുദ്ധമുണ്ടാകുന്നപക്ഷം ഉടന്‍ തിരിച്ചടിക്കാന്‍ പ്രാദേശിക സൈനികയൂണിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉനിനെ ലക്ഷ്യമിട്ടാകും തങ്ങളുടെ ആക്രമണമെന്നും മുന്‍ നേതാക്കളുടെ പ്രതിമകളും സ്മാരകങ്ങളുമടക്കം തകര്‍ക്കുമെന്നുമാണ് ദക്ഷിണകൊറിയയുടെ ഭീഷണി.

അമേരിക്കയും ദക്ഷിണകൊറിയയും ചേര്‍ന്ന് നടത്തുന്ന പ്രകോപനങ്ങള്‍ക്കിടെ ഉത്തരകൊറിയന്‍ പാര്‍ലമെന്റ് തിങ്കളാഴ്ച സമ്മേളനം തുടങ്ങി. സ്വയംപ്രതിരോധത്തിന് അണുബോംബുനിര്‍മാണവും ശക്തമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കലുമാണ് മുഖ്യ പരിപാടികളെന്ന് ഭരണകക്ഷി വ്യക്തമാക്കി. ദക്ഷിണകൊറിയയുമായി യുദ്ധാവസ്ഥ രൂപപ്പെട്ടിരിക്കയാണെന്ന് ശനിയാഴ്ച ഉത്തരകൊറിയ പ്രഖ്യാപിച്ചിരുന്നു. അതിര്‍ത്തിയില്‍ ദക്ഷിണകൊറിയയുമായി സംയുക്തമായി പ്രവര്‍ത്തിക്കുന്ന വ്യാവസായികമേഖല അടച്ചുപൂട്ടുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കെസിഎന്‍എ പ്രസ്താവനയില്‍ പറഞ്ഞു. ദക്ഷിണകൊറിയയുമായി ചേര്‍ന്ന് അമേരിക്ക സൈനികാഭ്യാസം തുടങ്ങിയതോടെയാണ് കൊറിയകള്‍ തമ്മിലുള്ള പ്രശ്നം വഷളായത്. ഇത്തവണത്തെ സൈനികാഭ്യാസത്തിന് കൂടുതല്‍ മാരകമായ യുദ്ധസന്നാഹങ്ങളാണ് അമേരിക്ക എത്തിച്ചത്. വ്യോമാഭ്യാസമടക്കം നടത്തിയത് ഉത്തരകൊറിയയെ പ്രകോപിപ്പിച്ചു.

deshabhimani 020413

No comments:

Post a Comment