Wednesday, April 24, 2013

ആര്‍എംപി ബന്ധം മറയ്ക്കാന്‍ അന്വേഷണം അട്ടിമറിക്കുന്നു: കോടിയേരി

തലശേരി: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ ആര്‍എംപി നേതാക്കളിലേക്ക് അന്വേഷണം എത്തുന്നത് തടയാന്‍ ശ്രമം നടക്കുന്നതായി പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പിണറായി വധോദ്യമ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ എം ഏരിയാകമ്മിറ്റി തലശേരിയില്‍ നടത്തിയ പ്രകടനവും പൊതുയോഗവും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

വധോദ്യമത്തിലുള്ള ആര്‍എംപി ബന്ധം പുറത്തുവരാതിരിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍ അന്വേഷണം അട്ടിമറിക്കുകയാണ്. അന്വേഷണ ഉദ്യോഗസ്ഥരെ സ്വതന്ത്രമായി വിടുന്നില്ല. അവരെ കെട്ടിയിട്ടിരിക്കുകയാണ്. ചിലരെ രക്ഷിക്കാനുള്ള അന്വേഷണമാണിപ്പോള്‍ ക്രൈംബ്രാഞ്ച് നടത്തുന്നത്. വധോദ്യമത്തിന് പിന്നില്‍ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ട്. ശരിയായ ആസൂത്രണത്തോടെ തീരുമാനിച്ചുറച്ച് വധിക്കാനെത്തിയപ്പോഴാണ് അക്രമി പിടിയിലായത്. ഇയാളുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചാല്‍തന്നെ ആര്‍എംപിക്കാരുടെ ബന്ധം പുറത്തുവരും. എന്നാല്‍ ഒരു ആര്‍എംപി നേതാവിനെയും ഇതുവരെ ചോദ്യംചെയ്തില്ല. പിണറായിയെന്ന വ്യക്തിയെയല്ല, കേരളത്തില്‍ ഏറ്റവും കൂടുതല്‍ ജനപിന്തുണയുള്ള പാര്‍ടിയുടെ സംസ്ഥാനസെക്രട്ടറിയെയാണ് ആക്രമിക്കാന്‍ ശ്രമിച്ചത്. മറ്റേതെങ്കിലും രാഷ്ട്രീയനേതാവിനെതിരെയാണ് വധോദ്യമമെങ്കില്‍ പൊലീസിന്റെ നിലപാട് ഇതായിരിക്കുമോ. കേസുമായി ബന്ധപ്പെട്ട മുഴുവന്‍ വസ്തുതയും പുറത്തുകൊണ്ടുവരണം.

ചന്ദ്രശേഖരന്‍കേസില്‍ സാക്ഷികളുടെ എണ്ണം നോക്കിയല്ല വിധിയെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ പ്രസ്താവന ജുഡീഷ്യറിയെയും വിധിയെയും സ്വാധീനിക്കാനുള്ളതാണ്. നിയമവിദഗ്ധരും മാധ്യമങ്ങളുമൊന്നും ഇതേക്കുറിച്ച് ഒന്നും പറയുന്നില്ല. ഈകേസില്‍ പ്രോസിക്യൂഷന്‍ കെട്ടിപ്പൊക്കിയ വാദമുഖങ്ങളെല്ലാം കോടതിമുമ്പാകെ പൊളിയുകയാണ്. ഇതിന്റെ ജാള്യം മറയ്ക്കാനാണ് കോടതിയില്‍ സാക്ഷികള്‍ സത്യം പറയുന്നത് അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് പറയുന്നത്. സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനം തടയാനുള്ള ഗുണ്ടാആക്ട് സിപിഐ എം പ്രവര്‍ത്തനം തടയാനുള്ള നിയമമാക്കി മാറ്റരുതെന്ന് കോടിയേരി പറഞ്ഞു. കണ്ണൂരില്‍ എസ്എഫ്ഐ നേതാവ് എം ഷാജറിനും ഡിവൈഎഫ്ഐ നേതാവ് ഒ കെ വിനീഷിനുമെതിരെ ഗുണ്ടാആക്ട് പ്രയോഗിക്കാനാണ് ശ്രമം. രാഷ്ട്രീയപ്രവര്‍ത്തകര്‍ക്കെതിരെ ഇത്തരം നിയമം പ്രയോഗിക്കാന്‍ അനുവദിക്കില്ലെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയരാജന്‍ സംസാരിച്ചു. സി കെ രമേശന്‍ അധ്യക്ഷനായി. ഏരിയാസെക്രട്ടറി എം സി പവിത്രന്‍ സ്വാഗതം പറഞ്ഞു.

ആഭ്യന്തരവകുപ്പിന് ഗുരുതരവീഴ്ച: പി കെ ശ്രീമതി

കൂത്തുപറമ്പ്: പിണറായി വധോദ്യമം ആഭ്യന്തര വകുപ്പിനു പറ്റിയ ഗുരുതര വീഴ്ചയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കെ ശ്രീമതി പറഞ്ഞു. പിണറായി വധോദ്യമത്തിന് പിന്നിലുള്ള ഗൂഢശക്തികളെ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് സിപിഐ എം കൂത്തുപറമ്പ് ഏരിയാ കമ്മിറ്റി നേതൃത്വത്തില്‍ നടത്തിയ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും ആഭ്യന്തരവകുപ്പും പൊലീസും ജാഗ്രത കാട്ടിയില്ല. ആയുധസഹിതം പിടികൂടിയ പ്രതിയെ മനോരോഗിയായി ചിത്രീകരിച്ച് കേസൊതുക്കാനാണ് പൊലീസ് ശ്രമിച്ചത്. പിണറായിയെപോലെയുള്ള ജനകീയ നേതാവിനെ ടി പി കേസില്‍പ്പെടുത്തി പ്രസ്ഥാനത്തെ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമം നടത്തിയ ആര്‍എംപി എന്ന പിന്തിരിപ്പന്‍ ശക്തിയാണ് കുഞ്ഞികൃഷ്ണന് പിന്നിലെന്ന് മനസ്സിലായിട്ടും ഉമ്മന്‍ചാണ്ടി ഒന്നും കണ്ടും കേട്ടും ഇല്ലെന്ന് നടിക്കുകയാണ്. എന്ത് നെറികെട്ട പണിചെയ്തും ഭരണം നിലനിര്‍ത്തുന്ന തിരക്കിലാണ് ഉമ്മന്‍ചാണ്ടി. യുഡിഎഫിലെ ഘടകകക്ഷികളുടെ പടലപ്പിണക്കവും അധികാര വടംവലിയുംമൂലം തകര്‍ന്നു താറുമാറായ കേരളത്തെ രക്ഷിക്കാനാണ് ചെന്നിത്തല യാത്ര നടത്തുന്നത്. ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് മന്ത്രി ഷിബു ബേബിജോണ്‍ നരേന്ദ്രമോഡിയെ സന്ദര്‍ശിച്ചത്. വര്‍ഗീയവാദിയായ മോഡിയെ വര്‍ക്കല ശ്രീനാരായണഗുരു സന്നിധിയിലേക്ക് ആനയിക്കുന്ന കോണ്‍ഗ്രസ് നാടിന്റെ മതേതര പാരമ്പര്യം തകര്‍ക്കാനുള്ള ശ്രമമാണ് - ശ്രീമതി പറഞ്ഞു. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങി നടക്കാനാവാത്ത ഭീകരാവസ്ഥയാണ് രാജ്യത്ത് നിലനില്‍ക്കുന്നത്. പീഡനകഥകള്‍ തുടരുമ്പോഴും തികഞ്ഞ നിസ്സംഗതയാണ് ഭരണകൂടം പുലര്‍ത്തുന്നതെന്നും ശ്രീമതി പറഞ്ഞു. വി രാജന്‍ അധ്യക്ഷനായി. മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ലീല, ടി ബാലന്‍ എന്നിവര്‍ സംസാരിച്ചു.

deshabhimani 240413

No comments:

Post a Comment