Tuesday, April 2, 2013

സര്‍ക്കാരിനെ നോക്കുകുത്തിയാക്കി ചെന്നിത്തലയുടെ ആനുകൂല്യപ്രഖ്യാപനം


ശൂരനാട്: സര്‍ക്കാരിന്റെ ആനുകൂല്യപ്രഖ്യാപനവും സഹായവാഗ്ദാനങ്ങളും കോരിച്ചൊരിഞ്ഞ് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ പട്ടികജാതി കോളനി സന്ദര്‍ശനം. ഗാന്ധിഗ്രാമം എന്ന പേരില്‍ സംസ്ഥാനത്തെ പട്ടികജാതി കോളനികള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് ചെന്നിത്തല ശനിയാഴ്ച പോരുവഴി കുറുമ്പകര കോളനിയിലും എത്തിയത്. സര്‍ക്കാര്‍ വകുപ്പുകളുടെ പേരില്‍ ആനുകൂല്യങ്ങളും സഹായങ്ങളും പ്രഖ്യാപിച്ച കോണ്‍ഗ്രസ് നേതാവ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് ജനത്തെ കബളിപ്പിക്കുകയാണെന്ന പരാതി ഉയര്‍ന്നു. കെപിസിസിയുടെ ഫണ്ടുപോലെ സര്‍ക്കാര്‍ ഖജനാവില്‍നിന്നു ധനസഹായം നല്‍കാമെന്ന കെപിസിസി പ്രസിഡന്റിന്റെ വാഗ്ദാനം വെറും രാഷ്ട്രീയമുതലെടുപ്പാണെന്ന് കോളനി നിവാസികള്‍ തിരിച്ചറിയുകയാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍കൊണ്ടുവരുമെന്നും ബന്ധപ്പെട്ട മന്ത്രിമാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്നും പറയാനുള്ള അധികാരമേ കെപിസിസി പ്രസിഡന്റിനുള്ളൂ. എന്നാല്‍, നേതാവ് ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുകയായിരുന്നു.

കുറുമ്പകര കോളനിയെ ഗാന്ധിഗ്രാമമായി ചെന്നിത്തല പ്രഖ്യാപിച്ചു. കോളനിയിലെ 161 പട്ടികജാതി വീടുകള്‍ ചെന്നിത്തല സന്ദര്‍ശിച്ചു. ഇവിടത്തെ ആറുപേര്‍ക്ക് വീടും അഞ്ചുപേര്‍ക്ക് ജോലിയും രണ്ടുപേര്‍ക്ക് ഓട്ടോറിക്ഷയും എല്ലാവര്‍ക്കും കംപ്യൂട്ടറും വാഗ്ദാനംചെയ്തു. രണ്ടുപേര്‍ക്ക് കെപിസിസിയുടെ ഗാന്ധിഗ്രാമം ഫണ്ടില്‍നിന്നാണ് വീട് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്നതത്രെ. മറ്റു മൂന്നുപേര്‍ക്ക് സര്‍ക്കാര്‍ ധനസഹായം അനുവദിക്കുമെന്നായിരുന്നു വാഗ്ദാനം. വീടില്ലാത്തവര്‍ക്ക് വീട് ലഭ്യമാക്കാന്‍ ത്രിതല പഞ്ചായത്തുകളുടെ പദ്ധതികളും പട്ടികജാതി ക്ഷേമവകുപ്പിന്റെയും പട്ടികജാതി ക്ഷേമ കോര്‍പറേഷന്റെയും ധനസഹായവുമുണ്ട്. നാലുപേര്‍ക്ക് പട്ടികജാതി മന്ത്രിയുടെ ഫണ്ടില്‍നിന്നു ചികിത്സാ ധനസഹായവും പ്രഖ്യാപിച്ചു.

സംസ്ഥാന സര്‍ക്കാര്‍ പി എന്‍ പണിക്കര്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് കുറുമ്പകര കോളനിയില്‍ ഇ-സാക്ഷരതാ പദ്ധതി ആരംഭിക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. എല്ലാ വീട്ടിലും സൗജന്യമായി കംപ്യൂട്ടറും രണ്ടു തൊഴില്‍രഹിതര്‍ക്ക് ഓട്ടോറിക്ഷയും വാങ്ങിനല്‍കുമെന്നും ചെന്നിത്തല പറഞ്ഞു. കണ്‍സ്യൂമര്‍ഫെഡിന്റെ നന്മ സ്റ്റോറില്‍ അഞ്ചുപേര്‍ക്ക് ജോലി നല്‍കുമെന്നും പ്രഖ്യാപിച്ചു. പാര്‍ടി ചെലവില്‍ ഒരു നിര്‍ധന പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കുമത്രെ. ഒരു കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍-ത്രിതല പഞ്ചായത്ത് സംവിധാനങ്ങളെ നോക്കുകുത്തിയാക്കി ചെന്നിത്തല പ്രഖ്യാപിച്ചത്. രാജ്യത്തു നടപ്പാക്കിയ ഒരു പദ്ധതിയും പട്ടികജാതി വിഭാഗത്തിന് ഗുണകരമല്ലെന്ന കുറ്റസമ്മതവും ചെന്നിത്തല നടത്തി.

deshabhimani 020413

No comments:

Post a Comment