തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള നിയമവിരുദ്ധ സംഘംചേരല്‍ ഉള്‍പ്പെടെയുള്ള വിവിധ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. ആയുധനിയമവും സ്ഫോടകവസ്തു നിയമവും അനുസരിച്ചുള്ള വകുപ്പുകളും ചേര്‍ത്തിട്ടുണ്ട്. കണ്ണൂര്‍ ഡിവൈഎസ്പി പി സുകുമാരനാണ് അന്വേഷണച്ചുമതല. കണ്ണൂര്‍ റേഞ്ച് ഐജി ജോസ് ജോര്‍ജ്, ജില്ലാ പൊലീസ് മേധാവി രാഹുല്‍ ആര്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തിലാണ് അന്വേഷണം. തീവ്രവാദബന്ധം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ഏറ്റെടുത്തേക്കുമെന്നാണ് അറിയുന്നത്. പ്രതികളില്‍നിന്ന് കണ്ടെത്തിയ വിദേശ കറന്‍സികള്‍, വിദേശ തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും അന്വേഷണം എന്‍ഐഎ ഏറ്റെടുക്കേണ്ട ആവശ്യകതയിലേക്ക് വിരല്‍ചൂണ്ടുന്നു. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്കു കൈമാറുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നാണ് ബുധനാഴ്ച സംഭവസ്ഥലം സന്ദര്‍ശിച്ച ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്.
ഒന്നാം പ്രതി പി വി അസീസ്, രണ്ടാം പ്രതി പി സി ഫഹദ് എന്നിവരടക്കം സംഘത്തിലെ മിക്കവാറും പേര്‍ കൊടുംക്രിമിനലുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കു പുറമെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയിലെയും ആഭ്യന്തര സുരക്ഷാവിഭാഗത്തിലെയും ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യംചെയ്തു. ഇതിനിടെ, കേസന്വേഷണം അട്ടിമറിക്കാനും ഉന്നതതല നീക്കമുണ്ട്. പിടിയിലായവരുടെ വിദേശ-തീവ്രവാദ ബന്ധങ്ങള്‍ ഏറെക്കുറെ സ്ഥിരീകരിക്കപ്പെട്ടതിനാല്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറുമെന്നായിരുന്നു തുടക്കംമുതലുള്ള സൂചന. കേസ് എന്‍ഐഎ അന്വേഷിച്ചാല്‍ ചില മുസ്ലിംലീഗ് നേതാക്കളുടെ തീവ്രവാദബന്ധവും പുറത്തുവന്നേക്കാമെന്ന ഭീതി പല ഉന്നതരെയും വേട്ടയാടുന്നുണ്ട്. ലീഗ് നേതൃത്വം ശക്തമായി ഇടപെട്ടതിന്റെ സൂചനകളും മറനീക്കി പുറത്തുവരികയാണ്.
പോപ്പുലര്‍ഫ്രണ്ട് കേസ് എന്‍ഐഎയ്ക്ക് വിടണം: വി എസ്
തിരു: കണ്ണൂര്‍ നാറാത്ത് പോപ്പുലര്‍ഫ്രണ്ട് കൊലപാതക പരിശീലന ക്യാമ്പ് നടത്തിയത് സംബന്ധിച്ച കേസ് എന്‍ഐഎയ്ക്ക് വിടണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പോപ്പുലര്‍ഫ്രണ്ടിന്റെ ക്രിമിനലുകളെ നാറാത്ത് ബസാറിനടുത്തുള്ള കെട്ടിടത്തില്‍ പാര്‍പ്പിച്ച് കൊലപാതക പരിശീലനം നല്‍കിയെന്നാണ് വ്യക്തമായിരിക്കുന്നത്. പരിശീലനത്തിനിടെ അറസ്റ്റിലായവരെ എന്‍ഐഎയ്ക്കു കൈമാറി വിശദമായ ചോദ്യംചെയ്യലിനു വിധേയമാക്കണം. പരിശീലന ക്യാമ്പില്‍നിന്ന് രക്ഷപ്പെട്ടവരെ മുഴുവന്‍ അറസ്റ്റ് ചെയ്യണം. ചെറുപ്പക്കാരെ റിക്രൂട്ട് ചെയ്ത് അവരില്‍ മതഭ്രാന്തും അന്യമതവിദ്വേഷവും കുത്തിവയ്ക്കുകയും തുടര്‍ന്ന് പരിശീലനം നല്‍കി ആയുധങ്ങളും പണവും നല്‍കി കലാപത്തിനയക്കുകയുമാണ് വര്‍ഗീയ തീവ്രവാദസംഘടനകള്‍. വര്‍ഗീയഭ്രാന്തന്മാരെ ഒറ്റപ്പെടുത്താന്‍ ജനങ്ങളാകെ രംഗത്തിറങ്ങണമെന്നും വി എസ് അഭ്യര്‍ഥിച്ചു.
അന്വേഷണ ഏജന്‍സിയെ മാറ്റുന്നത് പിന്നീട് തീരുമാനിക്കും: എഡിജിപി
കണ്ണൂര്‍: പോപ്പുലര്‍ഫ്രണ്ടിന്റെ ആയുധ പരിശീലനകേന്ദ്രം നാറാത്ത് കണ്ടെത്തിയതിനെക്കുറിച്ചുള്ള അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിയെ ഏല്‍പ്പിക്കണമോയെന്ന് പിന്നീട് തീരുമാനിക്കുമെന്ന് ഉത്തരമേഖലാ എഡിജിപി വി ശങ്കര്‍റെഡ്ഡി പറഞ്ഞു. സംഭവം ഗൗരവമുള്ളതാണ്. ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തില്‍ കാര്യക്ഷമമായ അന്വേഷണമാണ് നടക്കുന്നത്. പരിലിശീലനകേന്ദ്രം സന്ദര്‍ശിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനവാസകേന്ദ്രത്തില്‍ സായുധപരിശീലനം നടന്നതില്‍ പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. പ്രാഥമിക അന്വേഷണം പൂര്‍ത്തിയായാലേ മറ്റു കാര്യങ്ങള്‍ പറയാനാകൂ-ശങ്കര്‍റെഡ്ഡി പറഞ്ഞു.
No comments:
Post a Comment