Friday, April 19, 2013

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്: എംപിയുടെ പ്രഖ്യാപനം പൊളിഞ്ഞു


ഇടുക്കിയില്‍ 48 വില്ലേജുകളും പ്രധാന പട്ടണങ്ങളും പരിസ്ഥിതിലോലം

കട്ടപ്പന: മാധവ് ഗാഡ്ഗില്‍ കമീഷന്‍ റിപ്പോര്‍ട്ടിനെ കുറിച്ച് കൂടുതല്‍ പഠനം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച കസ്തൂരി രംഗന്‍ കമ്മിറ്റി പരിസ്ഥിതിലോല മേഖലയായി പ്രഖ്യാപിച്ചതില്‍ ജില്ലയിലെ 48 വില്ലേജുകളും ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളും ഉള്‍പ്പെടും. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് പുറത്തു വന്നതോടെ ഇടുക്കി എംപി ഗാഡ്ഗില്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് നടത്തിയ പ്രഖ്യാപനങ്ങള്‍ പൊളിഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ജില്ലയിലെ ജനങ്ങളുടെയും കര്‍ഷകരുടെയും ആശങ്കകള്‍ പരിഹരിക്കുന്ന റിപ്പോര്‍ട്ട് കസ്തൂരിരംഗന്‍ സമര്‍പ്പിക്കുമെന്ന് എംപി വ്യക്തമാക്കിയിരുന്നു. എംപി തന്നെ കട്ടപ്പന ടൗണ്‍ ഹാളില്‍ വിളിച്ചുചേര്‍ത്ത ഗാഡ്ഗില്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചയിലും കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന് അനുകൂലമായി ബയോഡൈവേഴ്സിറ്റി ഉദ്യോഗസ്ഥരെ കുട്ടുപിടിച്ച് നിലപാടെടുത്ത എംപി യാണ് കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെിയപ്പോള്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. മാധവ് ഗാഡ്ഗില്‍ കമ്മിറ്റി സമര്‍പ്പിച്ചിരിക്കുന്നത് അന്തിമ റിപ്പോര്‍ട്ട് അല്ലെന്നും ഇതുസംബന്ധിച്ച് അവസാന തീരുമാനം ജനപ്രതിനിധികളുമായി സംസാരിച്ചതിനു ശേഷമേ എടുക്കുകയുള്ളുവെന്നും എംപി പറഞ്ഞിരുന്നു.

എന്നാല്‍ ഈ പ്രഖ്യാപനം പൊളിക്കുന്നതാണ് കസ്തൂരിരംഗന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നാല് താലൂക്കുകളിലായി 5,100 ചതുരശ്ര കി.മീറ്ററില്‍ 4,584 ചതുരശ്ര കി.മീറ്റര്‍ പരിസ്ഥിതിലോല മേഖലയാണെന്നാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലയില്‍ തൊടുപുഴ താലൂക്കില്‍ നിന്നും നാല് വില്ലേജുകളും ഉടുമ്പന്‍ചോല 23, ദേവികുളം 13, പീരുമേട് എട്ട്, തുടങ്ങിയ 64 വില്ലേജുകളില്‍ 48 വില്ലേജുകളും പരിസ്ഥിതിലോല മേഖലയിലാണ്. കൂടാതെ ഹൈറേഞ്ചിലെ പ്രധാന പട്ടണങ്ങളായ കട്ടപ്പന, കുമളി, അടിമാലി, നെടുങ്കണ്ടം, ചെറുതോണി തുടങ്ങിയ ടൗണുകളും ഈ മേഖലയില്‍ വരും. ഇതോടെ ഈ മേഖലകളിലെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണം വരും. കുടാതെ മൂന്ന് താലൂക്കുകളില്‍ ഖനനം, ക്വാറികള്‍, മണല്‍ ഖനനം എന്നിവ സാധ്യമാകില്ല. എന്നാല്‍ ജില്ലയിലെ ഏറ്റവും പാരിസ്ഥിതിക മേഖലയും വിനോദ സഞ്ചാര മേഖലയും ഉള്‍പ്പെടുന്ന വാഗമണ്‍, ഏലപ്പാറ വില്ലേജുകള്‍ പരിസ്ഥിതിലോല മേഖലയില്‍ വന്നിട്ടില്ല.

വയനാട്ടില്‍ 60 വില്ലേജുകളില്‍ 14 വില്ലേജുകള്‍ മാത്രമാണ് പരിസ്ഥിതി ലോല മേഖലയില്‍ ഉള്‍പ്പെട്ടത്്. റിമോട്ട് സെന്‍സിങ് ഉപയോഗിച്ചാണ് ജനവാസ മേഖലയും അല്ലാത്തതും കണ്ടെത്തിയത് ഇതും ഹൈറേഞ്ചിലെ ജനവാസ മേഖലകള്‍ പരിസ്ഥിതി ലോലമേഖലയായി പ്രഖ്യാപിക്കാന്‍ കാരണമായി. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ അവസാനമായി സിറ്റിങ് നടത്തിയതു സംബന്ധിച്ച് മിനിട്സ് കാണിച്ചിരിക്കുന്നത് 2013 ഏപ്രില്‍ അഞ്ചെന്നാണ്. എന്നാല്‍ കസ്തൂരിരംഗന്‍ ഇടുക്കിയില്‍ സിറ്റിങ് നടത്തിയത് ഒന്‍പതിനാണ്. സിറ്റിങിനിടയില്‍ ജില്ലയിലെ ആവാസവ്യവസ്ഥ ബോധ്യപ്പെടാന്‍ ചില മേഖല സന്ദര്‍ശിക്കണമെന്ന ജനപ്രതിനിധികളുടെ ആവശ്യവും കസ്തൂരിരംഗന്‍ തള്ളി. പി ടി തോമസ് എംപി എല്ലാം ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നാണ് കസ്തൂരിരംഗന്‍ മറുപടി പറഞ്ഞത്്. എന്നാല്‍ എംപിയുടെ പ്രഖ്യപനങ്ങളെല്ലാം തകിടം മറിച്ചാണ് കസ്തൂരിരംഗന്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

deshabhimani 190413

No comments:

Post a Comment