Friday, April 19, 2013

വിക്ടേഴ്സ് ചാനല്‍ കിട്ടാതായി


കുട്ടികളുടെ പഠനത്തെ സഹായിക്കാന്‍ തുടങ്ങിയ വിക്ടേഴ്സ് ചാനല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കിട്ടാതായി. അടുത്തിടെ പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ഓണ്‍ലൈനായി കൗണ്‍സലിങ് ക്ലാസുകള്‍ നല്‍കാന്‍ എസ്എസ്എ ഉദ്യോഗസ്ഥര്‍ അന്വേഷിച്ചപ്പോഴാണ് ചാനല്‍ ലഭിക്കുന്നില്ലെന്ന് അറിഞ്ഞത്. സ്വകാര്യ ചാനലുകള്‍ക്ക് കടന്നുകയറാനുള്ള അവസരമൊരുക്കുന്നതിന്റെ ഭാഗമായാണ് ചാനലിന്റെ ലഭ്യത തടസ്സപ്പെടുത്തുന്നതെന്നാണ് അറിയുന്നത്.

എല്‍ഡിഎഫ് സര്‍ക്കാര്‍ 2006 ആഗസ്തിലാണ് ഐടി അറ്റ് സ്കൂളിന്റെ മേല്‍നോട്ടത്തില്‍ ചാനല്‍ ആരംഭിച്ചത്. എഡ്യൂസാറ്റ് ഉപഗ്രഹ സഹായത്തോടെ കേരളത്തിലെ എണ്ണായിരത്തോളം സര്‍ക്കാര്‍-എയ്ഡഡ് സ്കൂളുകളില്‍ വിക്ടേഴ്സ് സംപ്രേഷണം ലഭ്യമാക്കി. സ്കൂളുകളില്‍ കെല്‍ട്രോണ്‍ സ്ഥാപിച്ച ഡിജിറ്റല്‍ സെറ്റ് ഓഫ് ബോക്സുകള്‍ വഴിയും വീടുകളില്‍ കേബിള്‍ വഴിയുമാണ് വിക്ടേഴ്സ് ലഭ്യമായിരുന്നത്. വിദ്യാഭ്യാസമന്ത്രിയായിരുന്ന എം എ ബേബി 2009ല്‍ വിക്ടേഴ്സ് ചാനല്‍ എല്ലാ സ്കൂളുകളിലും ലഭ്യമാക്കാന്‍ നടപടിയെടുത്തിരുന്നു. ചാനല്‍ ലഭ്യമല്ലെന്ന പരാതിയുണ്ടായാല്‍ ഉടനടി പരിഹരിക്കാനും ശ്രമിച്ചിരുന്നു. കെല്‍ട്രോണിന്റേതല്ലാതെ 1500 രൂപ വിലവരുന്ന സാധാരണ സെറ്റ് ഓഫ് ബോക്സ് വാങ്ങി ട്യൂണ്‍ ചെയ്താലും ചാനല്‍ ലഭ്യമാവും. എന്നാലിപ്പോള്‍ ഐടി അറ്റ് സ്കൂള്‍ അധികൃതരോ വിദ്യാഭ്യാസവകുപ്പോ ഇതിനുള്ള പ്രവര്‍ത്തനം നടത്തുന്നില്ല. കേബിള്‍ ടിവി ഡിജിറ്റലൈസേഷന്റെ ഭാഗമായി കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ഇപ്പോള്‍ വിക്ടേഴ്സ് ഒഴിവാക്കിയിരിക്കുകയാണ്. ഡിജിറ്റല്‍ സെറ്റ് ഓഫ് ബോക്സ് സ്ഥാപിച്ച വീടുകളില്‍ മാത്രമാണ് എല്ലാ ചാനലുകളും ലഭ്യമാവുക. കെല്‍ട്രോണ്‍ സ്ഥാപിച്ച ആന്റിനയും സെറ്റ് ഓഫ് ബോക്സുകളും മിക്ക സ്കൂളുകളിലും പ്രവര്‍ത്തനരഹിതമായി. ഉപഗ്രഹസംവിധാനത്തിലെ മാറ്റങ്ങള്‍ക്കനുസരിച്ച് സ്കൂളുകളിലെ സെറ്റ് ഓഫ് ബോക്സുകളും സംവിധാനവും പരിഷ്കരിച്ചാല്‍ ചാനല്‍ ലഭ്യമാകുമെന്ന് കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ പറയുന്നു.

കേരളത്തിലെ വിദ്യാഭ്യാസരംഗത്ത് ശ്രദ്ധേയമായ മുന്നേറ്റമാണ് വിക്ടേഴ്സ് ചാനല്‍ നടത്തിയത്. രാവിലെ ആറുമുതല്‍ രാത്രി 11 വരെയായിരുന്നു സംപ്രേഷണം. പഠന മികവു തെളിയിച്ച മികച്ച വിദ്യാലയങ്ങളെ കണ്ടെത്തുന്ന ഹരിതവിദ്യാലയം, പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പുസ്തകങ്ങള്‍ക്കൊപ്പം, നാട്യവിസ്മയം, ഗാനമാധുര്യം തുടങ്ങി ശ്രദ്ധേയമായ പരിപാടികള്‍ ചാനല്‍ അവതരിപ്പിച്ചിരുന്നു. ഇവ ഈ വര്‍ഷം ഇല്ലാതായി. പകരം പുതിയ പരിപാടികളൊന്നും തുടങ്ങിയിട്ടുമില്ല. ചാനല്‍ ചുമതലയുള്ള ഐടി അറ്റ് സ്കൂളോ വിദ്യാഭ്യാസവകുപ്പോ ഇക്കാര്യത്തില്‍ ആത്മാര്‍ഥത കാണിക്കുന്നുമില്ല. അടുത്ത അധ്യയനവര്‍ഷംമുതല്‍ വിദ്യാഭ്യാസപരിപാടികളുമായി രണ്ട് സ്വകാര്യചാനലുകള്‍ കടന്നുവരുന്നുണ്ട്. ഇതില്‍ ഒരു ചാനല്‍ പരിപാടികളുടെ ചിത്രീകരണവും ആരംഭിച്ചതായി അറിയുന്നു. കുറഞ്ഞ മുതല്‍മുടക്കും പരിപാടികള്‍ തയ്യാറാക്കാനുള്ള ചെലവുകുറവുമാണ് സ്വകാര്യ ചാനലുകളെ ആകര്‍ഷിക്കുന്നത്. കേബിള്‍ ടിവി വഴിയും ഡിടിഎച്ച് സംവിധാനം വഴിയും ദൂരദര്‍ശന്‍ ചാനല്‍ ലഭ്യമാക്കുന്നുണ്ട്. ഇതേ രീതിയില്‍ വിക്ടേഴ്സ് ചാനല്‍ ലഭ്യമാക്കാനാവുമെന്ന് കേബിള്‍ ടിവി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
(എല്‍ദോ പി ജോണ്‍)

deshabhimani 190413

No comments:

Post a Comment