Friday, December 20, 2013

123 വില്ലേജുകളില്‍ 17ന് കര്‍ഷകച്ചങ്ങല

പശ്ചിമഘട്ടമേഖലയിലെ ജനതയുടെ പ്രശ്നങ്ങള്‍ ജനാധിപത്യപരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് വന്‍ പ്രക്ഷോഭം സംഘടിപ്പിക്കാന്‍ കേരള കര്‍ഷകസംഘം സംസ്ഥാന വര്‍ക്കിങ് കമ്മിറ്റി തീരുമാനിച്ചു. ജനുവരി 17ന് വൈകിട്ട് 4ന് പശ്ചിമഘട്ടമേഖലയിലെ 123 വില്ലേജുകളില്‍ കര്‍ഷകച്ചങ്ങല തീര്‍ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ എംഎല്‍എയും ആക്ടിങ് സെക്രട്ടറി ജോര്‍ജ് മാത്യുവും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 31ന് 14 ജില്ലകളിലെയും1000 കര്‍ഷകര്‍ പങ്കെടുക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചും നടത്തും. 17മുതല്‍ 27വരെ പ്രവര്‍ത്തകര്‍ കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച് ഒപ്പുശേഖരിക്കും. കര്‍ഷകര്‍ ഒപ്പിട്ട ഭീമഹര്‍ജി പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കും. നൂറ്റിഇരുപത്തിമൂന്ന് വില്ലേജുകളില്‍ പര്യടനം നടത്തുന്ന രണ്ട് ജാഥകള്‍ ജനുവരി മൂന്നിന് പര്യടനം തുടങ്ങും. ഇടുക്കി മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളില്‍ പര്യടനം നടത്തുന്ന തെക്കന്‍മേഖലാജാഥ ഇ പി ജയരാജന്‍ നയിക്കും. സംസ്ഥാന ആക്ടിങ് സെക്രട്ടറി ജോര്‍ജ് മാത്യു, കെ കെ രാഗേഷ്, മുരളി പെരുനെല്ലി, അഡ്വ. എസ് കെ പ്രീജ എന്നിവരാണ് അംഗങ്ങള്‍. കണ്ണൂര്‍ മുതല്‍ തൃശൂര്‍വരെ സഞ്ചരിക്കുന്ന വടക്കന്‍ജാഥ സംസ്ഥാന വൈസ്പ്രസിഡന്റ് എം വിജയകുമാര്‍ നയിക്കും. എം പ്രകാശന്‍, അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍, എം എം മണി, സി വി മാലിനി എന്നിവരാണ് അംഗങ്ങള്‍.

തെക്കന്‍ജാഥ 3ന് വൈകിട്ട് 4ന് ഉടുമ്പന്നൂരില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും വടക്കന്‍ ജാഥ കൂത്തുപറമ്പ് ചെറുവാഞ്ചേരിയില്‍ കേന്ദ്രകമ്മിറ്റിയംഗം എ വിജയരാഘവനും ഉദ്ഘാടനംചെയ്യും. നവംബര്‍ 16ന് കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം നടപ്പായാല്‍ വാണിജ്യവിളകളായ റബര്‍, ഏലം, തേയില, കാപ്പി, കുരുമുളക് എന്നിവയുടെ ഉല്‍പ്പാദന സാധ്യതതന്നെ ഇല്ലാതാകുമെന്ന് ഇ പി പറഞ്ഞു. ഗാഡ്ഗില്‍-കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുകള്‍ക്കെതിരെ വന്‍ പ്രതിഷേധമാണ് വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍. ഇടുക്കിയിലെ എല്ലാ വില്ലേജുകളും പരിസ്ഥിതി ദുര്‍ബലപ്രദേശമായാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലുള്ളത്. ജനസാന്ദ്രമായ കാര്‍ഷികമേഖലയെ സോണ്‍ ഒന്നില്‍ ഉള്‍പ്പെടുത്തിയത് അടിയന്തരമായി പുനഃപരിശോധിക്കണം. ഗ്രീന്‍ട്രിബ്യൂണലിന് മുന്നില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് മാറ്റമില്ലാതെ നടപ്പാക്കുമെന്നാണ് കേന്ദ്രഗവണ്‍മെന്റ് സത്യവാങ്മൂലം നല്‍കിയത്. ഈ കേസില്‍ കര്‍ഷകസംഘം കക്ഷിചേരും. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ഉമ്മന്‍ വി ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ട് കൂടി പരിഗണിച്ച് കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തിയാലേ ഇനി മാറ്റങ്ങള്‍ സാധ്യമാകൂ. കര്‍ഷകരുമായും ജനപ്രതിനിധികളുമായും പഞ്ചായത്തുകളുമായും ചര്‍ച്ചനടത്തി വിജ്ഞാപനത്തില്‍ മാറ്റം വരുത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ഷകസംഘം സംസ്ഥാന വൈസ്പ്രസിഡന്റ് എം വിജയകുമാറും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

മലയോര ഗ്രാമങ്ങള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്

ഇടുക്കി: കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ നടപ്പാവുമെന്ന് ഉറപ്പായതോടെ മലയോരഗ്രാമങ്ങളില്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്. മലയോര മേഖലയിലെ ആശങ്ക ആഴ്ചകള്‍ പിന്നിടുമ്പോഴേക്ക് കനത്ത സാമ്പത്തിക മാന്ദ്യമായി രൂപം പ്രാപിക്കുകയാണ്. ഭൂമി വ്യാപാരം ഏതാണ്ട് പൂര്‍ണമായി തന്നെ നിലച്ചു. വസ്തു ഈടില്‍ ധനകാര്യസ്ഥാപനങ്ങള്‍ നല്‍കിവരുന്ന വായ്പയും കുറച്ചു. ദേശസാല്‍കൃത ബാങ്കുകളും പ്രൈമറി സഹകരണ സംഘങ്ങളും വായ്പാ പരിധിയും വെട്ടിക്കുറച്ചു. വ്യാപാരമേഖലയിലേക്കും സ്തംഭനം വ്യാപിക്കുന്നതായാണ് സൂചന. കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് എന്തുവില നല്‍കിയും നടപ്പാക്കുമെന്ന് കേന്ദ്രം നിലപാടെടുത്തതോടെ ജനലക്ഷങ്ങളാണ് ഭീതിയിലായത്. ഇഎസ്എ മേഖലയിലെ 22.5 ലക്ഷം ജനതയുടെ പ്രതിഷേധത്തിന് വില കല്‍പ്പിക്കാതെ റിപ്പോര്‍ട്ട് ഊറ്റത്തോടെ നടപ്പാക്കുകയാണ് സര്‍ക്കാര്‍. റിപ്പോര്‍ട്ട് അതേപടി നടപ്പാക്കില്ലെന്നും മലയോര ജനതക്ക് ഭീതിവേണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനം കാപട്യമാണെന്നാണ് ഇതിലൂടെ തെളിയുന്നത്. റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കാമെന്ന് കേന്ദ്രം ദേശീയ ഹരിത ട്രിബ്യൂണലിനെ അറിയിച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസിന്റെയും സര്‍ക്കാരിന്റെ ജനവഞ്ചന പുറത്താവുകയാണ്.

റിപ്പോര്‍ട്ട് വിജ്ഞാപനമായതോടെ ഇഎസ്എ മേഖലയായി പ്രഖ്യാപിക്കപ്പെട്ട 123 വില്ലേജുകളിലും ശക്തമായ പ്രക്ഷോഭമാണ് ഉണ്ടായത്. പ്രതിഷേധം ശക്തമായതോടെ റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള അഭിപ്രായം സ്വരൂപിക്കാന്‍ ജൈവവൈവിധ്യ ബോര്‍ഡ് ചെയര്‍മാന്‍ പ്രൊഫ. ഉമ്മന്‍ വി ഉമ്മന്‍ കണ്‍വീനറായ സമിതിയെ ചുമതലപ്പെടുത്തി. എന്നാല്‍ സന്ദര്‍ശനവും തെളിവെടുപ്പും പ്രതിഷേധം തണുപ്പിക്കാനുള്ള പൊടിക്കൈ മാത്രമായിരുന്നുവെന്ന് വ്യക്തമാവുകയാണ്. കേന്ദ്രം നിലപാട് അറിയിച്ചപ്പോള്‍ ഡോ. ഉമ്മന്‍ വി ഉമ്മനും വാദം കേള്‍ക്കാന്‍ ഉണ്ടായിരുന്നു. വിദഗ്ധ സമിതിക്ക് റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ക്കെതിരെ നൂറുകണക്കിന് പരാതികളാണ് ലഭിച്ചത്. കസ്തൂരിരംഗന്‍ നടത്തിയ റിമോര്‍ട്ട് സെന്‍സിങ്ങില്‍ അപാകതയുണ്ടെന്നും ജനദ്രോഹപരമായ കാര്യങ്ങള്‍ ഒഴിവാക്കാനുള്ള ശുപാര്‍ശ നല്‍കുമെന്നും ഡോ. ഉമ്മന്‍ കര്‍ഷകര്‍ക്ക് ഉറപ്പ് നല്‍കി. എന്നാല്‍ റിപ്പോര്‍ട്ടില്‍ ഭേദഗതി വരുത്താതെ കൂടുതല്‍ കടുത്ത നിലപാടുമായി മുന്നോട്ടു പോവുകയാണ്. ഇതിനിടെ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് ഈ മാസം ആദ്യം പ്രത്യേക ഉത്തരവിറക്കിയിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിറ്റേദിവസം റദ്ദാക്കി. റിപ്പോര്‍ട്ട് അന്തിമമല്ലെന്നും തിരുത്തലുകള്‍ക്ക് രണ്ടുമാസം ഉണ്ടെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കെയാണ് ഉത്തരവിറക്കി റദ്ദാക്കല്‍ നാടകം.

deshabhimani

No comments:

Post a Comment