Friday, December 20, 2013

ആര്‍എംപി റെഡ് വളന്റിയര്‍മാര്‍ ധൈര്യശാലികളല്ലെന്ന് പ്രോസിക്യൂഷന്‍

ആര്‍എംപി റെഡ് വളന്റിയര്‍മാര്‍ ധൈര്യശാലികളല്ലെന്നും ജാഥകള്‍ക്കും ഘോഷയാത്രകള്‍ക്കും മോടികൂട്ടാന്‍ കാക്കിയും ചുവപ്പും യൂണിഫോം അണിഞ്ഞ് നില്‍ക്കുന്നവരാണെന്നും പ്രോസിക്യൂഷന്‍. ചന്ദ്രശേഖരന്‍ കേസില്‍ പ്രതിഭാഗം അന്തിമവാദത്തിനുള്ള മറുപടിവാദം നടത്തുന്നതിനിടെ അഡീഷണല്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയുടേതാണ് പരാമര്‍ശം. മൂന്നാംസാക്ഷി ടി പി മനീഷ്കുമാര്‍ ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടശേഷം ഭയന്ന് വീടുമാറി താമസിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ഇത് തെറ്റാണെന്ന് തെളിയിക്കാന്‍ സാക്ഷിയുടെ 2012 മെയ് അഞ്ചിന്റെ മൊബൈല്‍ ഫോണ്‍ കോള്‍ രേഖകള്‍ പ്രതിഭാഗം ഹാജരാക്കിയിരുന്നു. വടകര മുതല്‍ മെഡിക്കല്‍ കോളേജ് വരെയും തിരിച്ച് വടകര വരെയുമുള്ള രേഖകളാണ് തെളിവായുണ്ടായിരുന്നത്. ചുവന്ന യൂണിഫോമിട്ട് റെഡ് വളന്റിയറായി ചന്ദ്രശേഖരന്റെ മൃതദേഹത്തെ സാക്ഷി അനുഗമിക്കുകയായിരുന്നുവെന്ന വാദവും ഇതിനനുബന്ധമായി പ്രതിഭാഗം ഉയര്‍ത്തി.

ഇത് ഖണ്ഡിക്കാനുള്ള ശ്രമത്തിനിടെയാണ് ആര്‍എംപിയുടെ റെഡ് വളന്റിയര്‍മാര്‍ "ഷോ"യ്ക്കുവേണ്ടിയുള്ളവരാണെന്ന കുമാരന്‍കുട്ടിയുടെ പരാമര്‍ശമുണ്ടായത്. മൂന്നാം സാക്ഷിയുടെ ഭാര്യയും പ്രസ്തുത ഫോണ്‍ ഉപയോഗിക്കാറുണ്ടെന്നും സംഭവത്തിന് പിറ്റേന്ന് മൃതദേഹത്തെ സാക്ഷി അനുഗമിച്ചിട്ടില്ലെന്നും പ്രോസിക്യൂട്ടര്‍ വാദിച്ചു. സാക്ഷി റെഡ് വളന്റിയറല്ലെന്നും പ്രവര്‍ത്തകന്‍ മാത്രമാണെന്നും വാദമുണ്ടായി. സംഭവത്തിന് പിറ്റേന്ന് ഹര്‍ത്താല്‍ ദിവസം സാക്ഷിയുടെ ഭാര്യ ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടെന്നാണോ മനസ്സിലാക്കേണ്ടതെന്ന ജഡ്ജിയുടെ ചോദ്യത്തിന് അതിനും സാധ്യതയുണ്ടെന്ന മറുപടിയാണ് കുമാരന്‍കുട്ടിയില്‍നിന്നുണ്ടായത്. ഓര്‍ക്കാട്ടേരിയിലെ പൂക്കടയുടെ മഹസര്‍ തയ്യാറാക്കിയ സമയത്ത് പ്രതിചേര്‍ക്കപ്പെട്ട കെ സി രാമചന്ദ്രന്‍ കുന്നമംഗലം കോടതിയിലായിരുന്നുവെന്ന പ്രതിഭാഗം വാദത്തെപ്പറ്റിയുള്ള ജഡ്ജിയുടെ ചോദ്യത്തിന് ബാലിശമായ മറുപടിയാണുണ്ടായത്. പ്രതിഭാഗം അഭിഭാഷകര്‍ പ്രോസിക്യൂഷന്റെ കള്ളത്തെളിവുകള്‍ക്കെതിരെ നിരത്തിയ വാദമുഖങ്ങളൊന്നും ഖണ്ഡിക്കാന്‍ പ്രോസിക്യൂഷനായില്ല. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നു വന്ന വീഴ്ചകള്‍ കേസിനെ ബാധിക്കരുതെന്നാണ് പ്രോസിക്യൂട്ടര്‍ക്ക് വാദിക്കാനുണ്ടായിരുന്നത്. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ ഗോപാലകൃഷ്ണക്കുറുപ്പ്, സി ശ്രീധരന്‍നായര്‍, കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു എന്നിവര്‍ ഹാജരായി.

deshabhimani

No comments:

Post a Comment