Saturday, December 21, 2013

ചന്ദ്രശേഖരന്‍ കേസ്: വിധി ജനുവരി 22ന്

ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിധി ജനുവരി 22ന്. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടിയാണ് വിധിപ്രഖ്യാപനത്തിന്റെ തീയതി പ്രഖ്യാപിച്ചത്. കേസ് അവധി ജനുവരി 31വരെ നീട്ടുന്നതിന് നടപടിയെടുക്കുമെന്നും ജഡ്ജി അറിയിച്ചു. ഈ മാസം 31നകം വിധി പ്രസ്താവിക്കണമെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

രാഷ്ട്രീയ താല്‍പ്പര്യാര്‍ഥം അമിതാവേശത്തോടെയായിരുന്നു പൊലീസ് അന്വേഷണമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. കെ ഗോപാലകൃഷ്ണക്കുറുപ്പ് വാദിച്ചു. ദൃക്സാക്ഷികളായി പ്രോസിക്യൂഷന്‍ വിസ്തരിച്ച ഒന്നുമുതല്‍ മൂന്നുവരെ സാക്ഷികള്‍ സംശയത്തിന്റെ നിഴലില്‍നിന്ന് മുക്തരല്ല. പ്രോസിക്യൂഷന്‍ ഹാജരാക്കിയത് കള്ളത്തെളിവുകളും കള്ളരേഖകളുമാണെന്ന് പരിശോധനയില്‍ വ്യക്തമാകും. സാക്ഷികളും തെളിവുകളും കൃത്രിമമായി സൃഷ്ടിച്ചെടുത്തതാണ്. സാക്ഷിമൊഴികളെല്ലാം സ്വാഭാവികമായുള്ളതല്ല. പ്രതികള്‍ക്കെതിരെ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നും പ്രോസിക്യൂഷന്‍ വാദത്തിനുള്ള മറുപടിയില്‍ ഗോപാലകൃഷ്ണക്കുറുപ്പ് പറഞ്ഞു. പ്രോസിക്യൂഷന്‍ തെളിവുകള്‍ പരിശോധിച്ചാല്‍ സിപിഐ എമ്മിനെതിരെ ഉന്നയിച്ച ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിയും. രാഷ്ട്രീയ താല്‍പ്പര്യത്താല്‍ കെട്ടിപ്പൊക്കിയ കേസാണിത്. അന്വേഷണത്തിലെ പാളിച്ചകളുടെ ആനുകൂല്യം പ്രതിഭാഗത്തിന് അനുകൂലമായി തീരരുതെന്ന പ്രോസിക്യൂഷന്‍ വാദം നിരര്‍ഥകമാണ്. സിപിഐ എമ്മിനെ കുടുക്കാന്‍ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരായ കൃത്രിമ തെളിവുകള്‍ നിലനില്‍ക്കില്ല. പ്രതിചേര്‍ക്കപ്പെട്ടവരെ ഭീകരമായി പൊലീസ് മര്‍ദിച്ചതിന് രേഖകള്‍ ഹാജരാക്കിയത് അദ്ദേഹം കോടതിയുടെ ശ്രദ്ധയില്‍പെടുത്തി.

പ്രതിഭാഗം അഭിഭാഷകര്‍ ഉന്നയിച്ച വാദങ്ങള്‍ക്ക് പ്രോസിക്യൂഷന് കൃത്യമായ മറുപടിയുണ്ടായില്ല. സാക്ഷികളെ വിസ്തരിക്കാനുള്ള അവകാശം പ്രോസിക്യൂഷനാണെന്നും പ്രതികളുടെ തിരിച്ചറിയല്‍ പരേഡ് അന്വേഷണ ഭാഗമാണെന്നുമുള്ള വാദമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ ഉയര്‍ത്തിയത്. അഡീഷണല്‍ സ്പെഷ്യല്‍ പ്രോസക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും തുടര്‍വാദം നടത്തി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ കെ പി ദാമോദരന്‍ നമ്പ്യാര്‍, സി ശ്രീധരന്‍ നായര്‍, എം അശോകന്‍, പി വി ഹരി, കെ വിശ്വന്‍, കെ എം രാമദാസ്, വിനോദ്കുമാര്‍ ചമ്പളോന്‍, കെ അജിത്കുമാര്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍, വി ബിന്ദു, ഡി അരുണ്‍ബോസ് എന്നിവരും ഹാജരായി.

വിചാരണയ്ക്ക് 159 ദിവസം

കോഴിക്കോട്: 159 പ്രവൃത്തി ദിവസമെടുത്താണ് കോടതി ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്. ഫെബ്രുവരി 11നാണ് എരഞ്ഞിപ്പാലത്തെ പ്രത്യേക കോടതിയില്‍ വിചാരണയ്ക്ക് തുടക്കമായത്. പ്രോസിക്യൂഷന്‍ 582 രേഖകളും പ്രതിഭാഗം 66 രേഖകളും ഹാജരാക്കി. 284 പേരുടെ സാക്ഷിപ്പട്ടിക ഹാജരാക്കിയെങ്കിലും 166 പേരെയാണ് പ്രോസിക്യൂഷന്‍ വിസ്തരിച്ചത്. ഇതില്‍ 52 പേര്‍ പ്രോസിക്യൂഷന്റെ കള്ളക്കഥയ്ക്കെതിരെ മൊഴി നല്‍കി. പ്രതിഭാഗം പത്ത് സാക്ഷികളെയാണ് വിസ്തരിച്ചത്. 2012 മെയ് നാലിന് രാത്രിയാണ് ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത്. ആഗസ്ത് 13ന് വടകര ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചു. കേസ് കോഴിക്കോട്ടെ പ്രത്യേക കോടതിയിലേക്ക് മാറ്റിയശേഷം ഡിസംബര്‍ 12നായിരുന്നു പ്രഥമ വിസ്താരം.

deshabhimani

No comments:

Post a Comment