Monday, December 2, 2013

റേഷന്‍ ഗോതമ്പ് നിര്‍ത്തി; വിപണി വില 35ലെത്തി

റേഷന്‍കടകളില്‍ എപിഎല്‍, എപിഎല്‍ എസ്എസ് കാര്‍ഡുകാര്‍ക്ക് ഗോതമ്പ് വിതരണം നിര്‍ത്തിയതോടെ പൊതുവിപണിയില്‍ അന്‍പത് ശതമാനത്തിലധികം വില വര്‍ധിച്ചു. രണ്ടാഴ്ചയ്ക്കിടെ ഗോതമ്പ് വില കിലോയ്ക്ക് 22ല്‍ നിന്നും 35 രൂപയിലെത്തി. നവംബര്‍ മുതലാണ് എപിഎല്‍, എപിഎല്‍ എസ്എസ് കാര്‍ഡുകളില്‍ മാസം നല്‍കിയിരുന്ന മൂന്നുകിലോ ഗോതമ്പ് നിര്‍ത്തിയത്.

കേന്ദ്രവിഹിതം ലഭിക്കാത്തതിനെ തുടര്‍ന്ന് ഡിസംബര്‍ മാസവും ഈ കാര്‍ഡുകളില്‍ ഗോതമ്പ് നല്‍കേണ്ടെന്ന നിര്‍ദേശം സപ്ലൈ ഓഫീസുകളില്‍ ലഭിച്ചുകഴിഞ്ഞു. ഡിസംബര്‍ മുതല്‍ ബിപിഎല്ലുകാര്‍ക്കുള്ള ഗോതമ്പ് വിഹിതം കുറക്കാനും രഹസ്യനിര്‍ദേശമുണ്ട്. അഞ്ചുമാസം മുമ്പ് വരെ രണ്ടുരൂപ നിരക്കില്‍ എട്ടു കിലോ ഗോതമ്പ് ബിപിഎല്‍ കാര്‍ഡ് ഉടമകള്‍ക്ക് ലഭിച്ചിരുന്നു. പിന്നീടിത് അഞ്ചുകിലോ ആക്കി. ഇത് മൂന്നുകിലോ ആയി കുറയ്ക്കാനാണ് അധികൃതരുടെ നീക്കം. ഭാവിയില്‍ റേഷന്‍കടകളില്‍ഗോതമ്പ് വിതരണം പൂര്‍ണമായും നിര്‍ത്താനാണ് സര്‍ക്കാര്‍ നീക്കം.

റേഷന്‍ ഗോതമ്പ് നിര്‍ത്തിയത് കുടുംബ ബജറ്റുകള്‍ താളം തെറ്റിച്ചിട്ടുണ്ട്. പ്രമേഹമടക്കമുള്ള ജീവിതശൈലി രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗോതമ്പിന് ഏറെ ആവശ്യക്കാരുണ്ട്. റേഷന്‍കടകളില്‍ ഗോതമ്പ് ലഭിച്ചിരുന്നത് വലിയ ആശ്വാസമായിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്കുള്ള അരിവിഹിതവും കഴിഞ്ഞ മാസങ്ങളില്‍ കുറച്ചിരുന്നു. ബിപിഎല്ലുകാര്‍ക്ക് ഒരു രൂപ നിരക്കില്‍ 25 കിലോ അരിയാണ് ആഗസ്ത് മാസം വരെ നല്‍കിയത്. പിന്നീടുള്ള മാസങ്ങളില്‍ അത് 17-20 കിലോ വരെയാക്കി. പഞ്ചസാരയുടെ ലെവി നീക്കിയതോടെ റേഷന്‍ കടകളില്‍ പഞ്ചസാര വിതരണവും നാമമാത്രമാണ്.

deshabhimani

No comments:

Post a Comment