Monday, December 2, 2013

പിതൃസ്വത്ത് സ്ത്രീകള്‍ക്ക് അന്യം

സ്ത്രീകള്‍ക്ക് തുല്യ സ്വത്തവകാശം നല്‍കുന്ന നിയമം പാസാക്കി എട്ടു വര്‍ഷം പിന്നിടുമ്പോഴും രാജ്യത്ത് പാരമ്പര്യ സ്വത്തവകാശം ലഭിക്കുന്നത് പത്തിലൊന്ന് സ്ത്രീകള്‍ക്കുമാത്രം. ഐക്യരാഷ്ട്രസഭയ്ക്കു കീഴിലുള്ള യുഎന്‍ വിമനും സ്വത്തവകാശ നിയമങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയായ ലാന്‍ഡീസയും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. തുല്യ സ്വത്തിനുള്ള നിയമം നിലനില്‍ക്കുമ്പോഴും സ്ത്രീധനം സ്വത്തിന് പകരമാണെന്ന ധാരണയാണ് നിലനില്‍ക്കുന്നതെന്നാണ് പഠനറിപ്പോര്‍ട്ടുകള്‍. ബിഹാര്‍, മധ്യപ്രദേശ്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു പഠനം.

പിതൃസ്വത്തിന് പെണ്‍മക്കള്‍ക്കും തുല്യ അവകാശമുണ്ടെന്ന വ്യവസ്ഥയോടെ ഹിന്ദു പിന്തുടര്‍ച്ചാവകാശ നിയമം 2005 ഭേദഗതി ചെയ്തിരുന്നു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നേരത്തെതന്നെ ഭേദഗതി വന്നിരുന്നു. ശക്തമായ നിയമങ്ങളുണ്ടായിട്ടും സ്ത്രീകള്‍ക്ക് ഭൂസ്വത്തില്‍ കാര്യമായ അവകാശം കിട്ടുന്നില്ല എന്നാണ് കണക്കുകള്‍. സ്ത്രീകള്‍ക്ക് ഭൂസ്വത്തില്‍ തുല്യത ഉറപ്പ് വരുത്തി 20 വര്‍ഷംമുമ്പ് നിയമം പ്രാബല്യത്തില്‍ വന്ന ആന്ധ്രപ്രദേശില്‍ ബിഹാറിനെയും മധ്യപ്രദേശിനെയും അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ഭൂസ്വത്ത് അനുവദിക്കപ്പെടുന്നുണ്ട്്. മൂന്നിലൊന്ന് ഭാഗം സ്ത്രീകള്‍ക്ക് ഇവിടെ ഭൂസ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ സാധിക്കുമ്പോള്‍ ബിഹാറില്‍ കേവലം എട്ട് ശതമാനവും മധ്യപ്രദേശില്‍ ഏഴ് ശതമാനവും സ്ത്രീകള്‍ക്കുമാത്രമാണ് ഭൂസ്വത്തില്‍ അവകാശമുള്ളത്. സര്‍വേയില്‍ പങ്കെടുത്ത സ്ത്രീകളില്‍ പലര്‍ക്കും മാതാപിതാക്കളുടെ സ്വത്തില്‍ തങ്ങള്‍ക്കും അവകാശമുണ്ടെന്ന കാര്യത്തെക്കുറിച്ച് ധാരണയില്ല. ഇത്തരമൊരു നിയമത്തെക്കുറിച്ച് അറിയില്ലെന്ന മറുപടിയാണ് 69 ശതമാനം സ്ത്രീകളില്‍നിന്നും കിട്ടിയത്. ഭൂമിയിലുള്ള പിന്തുടര്‍ച്ചാവകാശം നല്‍കുന്നതിന് പകരമാണ് സ്ത്രീധനമെന്നാണ് പലരും ഇപ്പോഴും മനസിലാക്കിയിരിക്കുന്നത്. സ്ത്രീധനം നിയമവിരുദ്ധമാണെന്നും ഇവര്‍ക്കറിഞ്ഞുകൂടാ. സ്ത്രീധനമായി ഭൂമി നല്‍കാമെന്ന് ഉറപ്പ് കിട്ടിയവര്‍ക്കാകട്ടെ ഒരു രേഖകളും കൈമാറിയിട്ടില്ല.

സര്‍വേയില്‍ പങ്കെടുത്ത മുക്കാല്‍ ഭാഗം അമ്മമാര്‍ക്കും തങ്ങളുടെ പെണ്‍മക്കള്‍ക്ക് സ്വത്തില്‍ അവകാശമുണ്ടെന്ന കാര്യം അറിയാമെങ്കിലും നിയമത്തെക്കുറിച്ച് അജ്ഞരാണ്. പിതൃസ്വത്ത് കിട്ടണമെന്ന് ആഗ്രഹമുണ്ടായിട്ടും കുടുംബത്തില്‍ നിന്നുയരുന്ന എതിര്‍പ്പ് ഭയന്ന് അവകാശം വേണ്ടെന്നു വയ്ക്കുന്നവരുടെ എണ്ണവും കുറവല്ല. ആ ആശങ്ക ശരിവയ്ക്കുന്നതായിരുന്നു സര്‍വേയില്‍ പങ്കെടുത്ത പുരുഷന്മാരുടെ പ്രതികരണം. സഹോദരിമാര്‍ക്കും പെണ്‍മക്കള്‍ക്കും പിതാവിന്റെ സ്വത്ത് കൈമാറുന്നതിനെ എതിര്‍ക്കുമെന്നായിരുന്നു ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. പഠനത്തിന്റെ ഭാഗമായി സര്‍വേ സംഘം എത്തിയ ഓഫീസുകളില്‍ ജോലിയെടുക്കുന്നവര്‍ അധികവും പുരുഷന്മാരാണ്. ഇവര്‍ക്കാകട്ടെ നിയമത്തെക്കുറിച്ച് കാര്യമായ ധാരണയില്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

(സുജിത് ബേബി) deshabhimani

No comments:

Post a Comment