Sunday, December 1, 2013

തേജ്പാല്‍ അറസ്റ്റില്‍

പനാജി: സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ തെഹല്‍ക സ്ഥാപക എഡിറ്റര്‍ തരുണ്‍ തേജ്പാലിന്റെ (50) മുന്‍കൂര്‍ ജാമ്യാപേക്ഷ പനാജി കോടതി തള്ളി. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കുശേഷം രാത്രി എട്ടേകാലോടെയാണ് പനാജി ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ജഡ്ജി അനുജ പ്രഭുദേശായി തേജ്പാലിന്റെ ഹര്‍ജി നിരസിച്ചത്. തുടര്‍ന്ന് തേജ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി അന്തിമതീര്‍പ്പ് കല്‍പ്പിക്കുന്നതിനുമുമ്പുതന്നെ തേജ്പാല്‍ ഡോണപോളയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിയിരുന്നു. ഇവിടെ വച്ചാണ് അറസ്റ്റ് ചെയ്തത്. തേജ്പാലിന്റെയും ഗോവ പൊലീസിന്റെയും വാദം കേട്ട ജഡ്ജി വിധി വൈകിട്ടേക്ക് മാറ്റുകയായിരുന്നു. നിയമനടപടിയെ ഒരുതരത്തിലും തടസ്സപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലാത്തതിനാല്‍ തേജ്പാലിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് തേജ്പാലിന്റെ അഭിഭാഷക ഗീത ലുത്ര വാദിച്ചു. കേസ് തീരുംവരെ ഗോവയില്‍ തങ്ങാന്‍ തയ്യാറാണെന്നും പാസ്പോര്‍ട്ട് അടക്കമുള്ള രേഖകള്‍ കണ്ടുകെട്ടാമെന്നും യുവതിയുടെ താമസസ്ഥലമായ ഗോവയിലേക്ക് പോകില്ലെന്നും തേജ്പാല്‍ അഭിഭാഷക മുഖേന കോടതിയെ അറിയിച്ചു. യുവതി പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതിനാല്‍ ചോദ്യംചെയ്യാനും തെളിവ് ശേഖരിക്കാനും തേജ്പാലിനെ കസ്റ്റഡിയില്‍ വിട്ടുകൊടുക്കണമെന്നും ഓന്ത് നിറംമാറുന്നതുപോലെ തേജ്പാല്‍ നിലപാടുകള്‍ മാറ്റുകയാണെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് ലോട്ലികര്‍ വാദിച്ചു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ തേജ്പാലിനെതിരെ ശക്തമായ തെളിവാണെന്നും യുവതിയുടെ കുടുംബത്തെ തേജ്പാല്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് ഡല്‍ഹിയില്‍ കേസുണ്ടെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ പറഞ്ഞു.

ഇടക്കാല ജാമ്യം ലഭിച്ചശേഷംമാത്രമാണ് തേജ്പാല്‍ ഗോവ പൊലീസിനുമുന്നില്‍ എത്തിയതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരുദിവസത്തെ ഇടക്കാല ജാമ്യം ശനിയാഴ്ച പകല്‍ പത്തോടെ അവസാനിച്ചതിനെത്തുടര്‍ന്ന് തേജ്പാല്‍ പനാജി കോടതിയില്‍ കുടുംബസമേതമാണ് ഹാജരായത്. വെള്ളിയാഴ്ച രാത്രി ഡോണപോളയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിയ തേജ്പാല്‍ കേസിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് അറിയിച്ചു. ഒരു മണിക്കൂറോളം അദ്ദേഹത്തെ പൊലീസ് ചോദ്യംചെയ്തിരുന്നു. ശനിയാഴ്ച കോടതിയില്‍ എത്തുന്നതിനുമുമ്പും തേജ്പാല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തി. എന്നാല്‍, ശനിയാഴ്ച പകല്‍ തേജ്പാലിനെ ചോദ്യംചെയ്തില്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഗോവയിലെ പഞ്ചനക്ഷത്രഹോട്ടലിലെ ചടങ്ങിനിടെ തേജ്പാല്‍ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

deshabhimani

No comments:

Post a Comment