Sunday, December 1, 2013

"ബിയാട്രീസ് വാറി"ന് സുവര്‍ണ മയൂരം

പനാജി: കിഴക്കന്‍ തിമോറില്‍നിന്നുള്ള ആദ്യ പൂര്‍ണകഥാചിത്രം "ബിയാട്രീസ് വാറി"ന് ഗോവയില്‍ സമാപിച്ച അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ സുവര്‍ണമയൂരം പുരസ്കാരം. പോര്‍ച്ചുഗീസ്-ഇന്തോനേഷ്യന്‍ ആധിപത്യം നിലനിന്ന കിഴക്കന്‍ തിമോറില്‍ ദാരിദ്ര്യത്തിനും കഷ്ടപ്പാടുകള്‍ക്കും ഇടയില്‍ ഭര്‍ത്താവിനെ കാത്തിരിക്കുന്ന ബിയാട്രീസ് എന്ന യുവതിയുടെ ജീവിതപോരാട്ടത്തിന്റെ കഥയ്ക്കാണ് 40ലക്ഷം രൂപയുടെ പുരസ്കാരം ലഭിച്ചത്. തന്റെ രാജ്യത്തെ സിനിമ "ബിയാട്രീസ് വാറി"ലൂടെ പിച്ചവച്ചുതുടങ്ങുകയാണെന്ന് വിതുമ്പുന്ന വാക്കുകളില്‍ സംവിധായിക ബെറ്റി റീസ് പറഞ്ഞു.

ഓസ്ട്രേലിയന്‍ ചലച്ചിത്രകാരന്‍ ലൂയി അക്യുസ്റ്റോയുമായി സഹകരിച്ചാണ് ഇവര്‍ സിനിമ ഒരുക്കിയത്. ഗോവ ഗവര്‍ണര്‍ ബി വി വാന്‍ചൂ പുരസ്കാരം നല്‍കി. സത്യജിത് റേയുടെ ആദ്യചിതം "പഥേര്‍ പാഞ്ചലി"യില്‍ അപു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ബാലതാരം സുബൈര്‍ ബാനര്‍ജിയുടെ ജീവിതം ചിത്രീകരിച്ച "അപുര്‍ പാഞ്ചാലി"യിലൂടെ കൗശിക് ഗാംഗുലി മികച്ച സംവിധായകനുള്ള രജതചകോരം നേടി. 15ലക്ഷം രൂപയാണ് പുരസ്കാരം. ഇന്ത്യന്‍ സിനിമയുടെ നൂറുവര്‍ഷം പ്രമാണിച്ച് കഴിഞ്ഞവര്‍ഷം മുതല്‍ ഏര്‍പ്പെടുത്തിയ 10ലക്ഷം രൂപയുടെ ശതാബ്ദിസിനിമ പുരസ്കാരത്തിന് ബംഗാളിസിനിമ "മേഘെ ധാകെ താര" അര്‍ഹമായി. ഇന്ത്യന്‍ സമാന്തര സിനിമയുടെ ശക്തനായ വക്താവ് ഋത്വിക് ഘട്ടക്കിന്റെ അന്ത്യനാളുകള്‍ രേഖപ്പെടുത്തിയ ചിത്രം സംവിധാനം ചെയ്തത് കമലേശ്വര്‍ മുഖര്‍ജിയാണ്.

പോളിഷ് നടി മാഗ്നലേല ബൊക്സാസെ മികച്ച നടിയും (ഇന്‍ ഹൈഡിങ്). ഇസ്രയേല്‍ നടന്‍ അലന്‍ മോനി അബൗതുല്‍ മികച്ച നടനുമുള്ള പുരസ്കാരം നേടി (എ പ്ലെയ്സ് ഇന്‍ ഹെവന്‍). രജതചകോരവും 10ലക്ഷം രൂപയും വീതമാണ് പുരസ്കാരം. തുര്‍ക്കിയില്‍നിന്നുള്ള പരീക്ഷണചിത്രം "തൗ ഗിള്‍ഡ്സ്റ്റ് ദ ഈവന്‍" ജൂറിയുടെ പ്രത്യേക പുരസ്കാരത്തിന് അര്‍ഹമായി. രജതചകോരവും 10ലക്ഷം രൂപയുമാണ് പുരസ്കാരം. ഗോവയിലെ പനാജിയില്‍ മണ്ഡോവി നദീതീരത്ത് മൂന്ന് കോടി രൂപ മുടക്കി ഒരുക്കിയ താല്‍ക്കാലിക സമ്മേളനവേദിയിലാണ് ഹോളിവുഡ്-ബോളിവുഡ് താരസാന്നിധ്യത്തില്‍ പുരസ്കാരങ്ങള്‍ വിതരണം ചെയ്തത്. മല്യേഷന്‍ നടി മിഷേല്‍ യീയോഹ് മുഖ്യാതിഥിയായി. തട്ടുപൊളിപ്പന്‍ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ രോഹിത്ഷെട്ടിയെ സമാപനചടങ്ങില്‍ ഗോവന്‍സര്‍ക്കാര്‍ ആദരിച്ചു. ദക്ഷിണാഫ്രിക്കയുടെ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ ആത്മകഥ ഉപജീവിച്ചുള്ള "മണ്ടേല: ലോങ് മാര്‍ച്ച് ടു ഫ്രീഡം "ആയിരുന്നു സമാപനചിത്രം.
(ഗിരീഷ് ബാലകൃഷ്ണന്‍)

deshabhimani

No comments:

Post a Comment