ശാലു മേനോന്റെ വീട്ടില്‍ പോയതിനെ കുറിച്ച് ചില നുണകള്‍ പറഞ്ഞുവെങ്കിലും എപ്പോഴും അങ്ങനെ വിചാരിക്കാന്‍ തരമുണ്ടോ?. കെഎസ്യുക്കാര്‍ കാമ്പസിനകത്തെ കാര്യം ആദ്യം നോക്കട്ടെയെന്നായിരുന്നു ആ ബഹുമാന്യന്റെ പ്രതികരണം. ഇത് നോക്കാന്‍ എവിടെ സമയം. എന്തെല്ലാം കാര്യങ്ങള്‍ നോക്കണം. പ്രസ്താവന ഇറക്കി പേരു വരുത്തണം. ആര്‍ക്കൊക്കെ പാരവെക്കണം. പൊലീസിന്റെ സ്ഥലമാറ്റം അടക്കം തീരുമാനിക്കണം. ഇതറിഞ്ഞുകൊണ്ടാകണം വിദ്യാര്‍ഥികളും പൊലീസും തമ്മിലെന്താ കാര്യമെന്ന് തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തത്. വല്ലപ്പൊഴുമൊക്കെ കരിക്ക് കുടിക്കുമെങ്കിലും മറ്റൊരു സത്യം വിളിച്ചു പറയാനും അദ്ദേഹം മറന്നില്ല. "ഞങ്ങളുടെയൊക്കെ കാലത്ത് കേരളത്തിലെ ക്യാമ്പസുകള്‍ മൂഴുവന്‍ നീലപ്പടയായിരുന്നുവെന്നും ഇന്നത്തെ പയ്യന്മാര്‍ക്ക് അങ്ങനെയൊന്ന് ചിന്തിക്കാനാകുമോ"യെന്നുമാണ് കാരണവര്‍ തന്നെ ചോദിച്ചത്.
അരയണ പട പിന്നീട് പാവാട കെഎസ്യുവായെന്നത് ചരിത്രം. അവിടെ നിന്നായിരുന്നു വേള്‍ഡ് ട്രേഡ് സെന്ററിന്റേതുപോലുള്ള തകര്‍ച്ചയുടെ തുടക്കം. പുറത്തു നിന്നുള്ളവരായിരുന്നില്ല ഉത്തരവാദികള്‍. വിമോചന സമരത്തിന്റെ ജനന വൈകല്യത്തില്‍ തുടങ്ങി നാഗ്പൂരും പോങ്യാങും പോലുള്ള എത്രയെത്ര സംഭവങ്ങള്‍. ഇന്ന് ക്യാമ്പസുകളില്‍ മഷിയിട്ട് നോക്കിയാല്‍ കാണാന്‍ കഴിയുമോ ഇക്കൂട്ടരെ. സര്‍വകലാശാല, സെനറ്റ്, സിന്‍ഡിക്കേറ്റ് എന്നിവിടങ്ങളില്‍ ഒരാളെ കണ്ടിട്ട് എത്ര നാളായി. ഏതെങ്കിലും കോളേജില്‍ ഭാരവാഹികളുണ്ടോയെന്ന് മഷിയിട്ട് നോക്കണം. നീലപ്പട പിറന്നുവീണ ആലപ്പുഴയുടെ മണ്ണില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ചേര്‍ന്ന ജില്ലാ സമ്മേളനവും നേര് നേരായി കാണിച്ചു തന്നു. ജില്ല കേന്ദ്രീകരിച്ചുള്ള പ്രകടനത്തില്‍ ആകെ പങ്കെടുത്തത് 100 വിദ്യാര്‍ഥികള്‍. സമ്മേളനം തന്നെ എ ഗ്രൂപ്പ് ബഹിഷ്കരിച്ചു. പകുതിയും കാമ്പസ് വിട്ടവര്‍. ചേര്‍ത്തലയില്‍നിന്നൊരു കൊടിമര ജാഥ പോയി. പഠിക്കുന്ന ഒരുത്തനെയും കണ്ടില്ല. എങ്ങനെ ഇങ്ങനെയല്ലാതാകും.
ചേര്‍ത്തലയില്‍നിന്നൊരു ദേശീയ സെക്രട്ടറിയുണ്ട്. പാഠപുസ്തകം കൈവിട്ടിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞുവെങ്കിലും ഇന്നും വിദ്യാര്‍ഥി തന്നെ. പക്ഷെ പണി വേറെയാ. മാധ്യമ ഓഫീസുകളില്‍നിന്ന് മാറില്ല. സഹകരണ ബാങ്ക് പിടിത്തം. തിരക്കഥ മാറ്റാന്‍ ഇരുട്ടിന്റെ മറവില്‍ സഹകരണ ഉദ്യോഗസ്ഥന്റെ വീട്ടിലേക്ക് കല്ലെറിയാന്‍ ക്വട്ടേഷന്‍ കൊടുക്കല്‍. ഇങ്ങനെയെന്തെല്ലാം നോക്കണം. ഒടുവില്‍ ഒരു ജനകീയ നടനെ കുടുക്കാനുള്ള ശ്രമത്തില്‍ മുട്ടുമടക്കേണ്ടി വന്നുവെന്നത് പച്ച പരമാര്‍ത്ഥം. സാക്ഷാല്‍ ആന്റണിയെ തള്ളി നമ്മുടെ സരിത സഹന്റെ കൂടെ കൂടിയതോടെ കഷ്ടകാലം തുടങ്ങിയതായി കോണ്‍ഗ്രസുകാര്‍ തന്നെ പറയുന്നു. ഇതല്ലേ നേതാക്കളുടെ പണി. പിന്നെങ്ങനെ ക്യാമ്പസിലെ കാര്യം ചര്‍ച്ച ചെയ്യും.
കെഎസ്യു ജില്ലാസമ്മേളനത്തില്‍ പ്രതിനിധികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി
മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമെതിരെ കെഎസ്യു ജില്ലാ സമ്മേളനത്തില്‍ പ്രമേയം അവതരിപ്പിക്കുന്നതിനെച്ചൊല്ലി സമ്മേളനഹാളില്‍ പ്രതിനിധികള്‍ ഗ്രൂപ്പുതിരിഞ്ഞ് ഏറ്റുമുട്ടി. കായംകുളത്തെ സെന്റര്‍ പോയിന്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പ്രതിനിധി സമ്മേളനത്തിനിടയിലാണ് ജില്ലാകമ്മിറ്റിയില്‍ മേധാവിത്വമുള്ള "ഐ" ഗ്രൂപ്പ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ പ്രമേയം അവതരിപ്പിക്കാന്‍ ശ്രമിച്ചത്. ജില്ലാപ്രസിഡന്റ് ദേവദാസ് മല്ലന്‍ അവതരിപ്പിച്ച രാഷ്ട്രീയ പ്രമേയത്തിനിടയിലായിരുന്നു മുഖ്യമന്ത്രി അടക്കമുള്ള എ ഗ്രൂപ്പുമന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉള്‍പ്പെടുത്തിയത്. "ഐ" ഗ്രൂപ്പിന്റെ ഈ നീക്കം അറിഞ്ഞ എ ഗ്രൂപ്പ് പ്രതിനിധികള്‍ രംഗത്തെത്തിയതോടെ സമ്മേളനഹാള്‍ സംഘര്‍ഷത്തിലായി. ഇതിനിടയില്‍ ജില്ലാ വൈസ്പ്രസിഡന്റ് വി വിനീഷിന്റെ നേതൃത്വത്തില്‍ ജില്ലാപ്രസിഡന്റിന് നേരെ തിരിഞ്ഞതോടെ ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം കൈയ്യാങ്കളിയില്‍ കലാശിച്ചു. സമ്മേളനഹാളിലെ കസേരകള്‍ വലിച്ചെറിയുകയും ചെയ്തു. സംഘര്‍ഷത്തെ തുടര്‍ന്ന് സമ്മേളനത്തില്‍ പങ്കെടുത്തിരുന്ന ചില പ്രതിനിധികള്‍ പുറത്തേക്ക് ഓടി രക്ഷപെട്ടു. സമ്മേളനത്തില്‍ 40ല്‍ താഴെ പ്രതിനിധികള്‍ മാത്രമാണ് പങ്കെടുത്തത്. സംഘര്‍ഷം മുന്നില്‍ കണ്ട് ഇരുവിഭാഗങ്ങളും പുറത്തുനിന്നുള്ളവരെ ഹാളിന് സമീപത്തായി തയാറാക്കി നിര്‍ത്തി. ചിലരുടെ കൈവശം മാരകായുധങ്ങളുണ്ടായിരുന്നതായി പറയുന്നു. സമ്മേളനഹാളില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് ഇരുവിഭാഗം നേതാക്കളും ഇടപെട്ട് പ്രവര്‍ത്തകരെ പിന്മാറ്റി. എ ഗ്രൂപ്പിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് ജില്ലാപ്രസിഡന്റിന്റെ രാഷ്ട്രീയ പ്രമേയം പൂര്‍ണമാക്കാതെ സമ്മേളനം പിരിയുകയായിരുന്നു.
പ്രതിനിധി സമ്മേളനത്തില്‍ മുഖ്യമന്ത്രിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ രൂക്ഷവിമര്‍ശനമായിരുന്നു പ്രതിനിധികള്‍ ഉയര്‍ത്തിയത്. പൊലീസ്നയത്തെ ഒരു കാരണവശാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും വിദ്യാഭ്യാസ വകുപ്പിന്റെ പ്രവര്‍ത്തനം ഈ മേഖലയുടെ തകര്‍ച്ചയ്ക്ക് തന്നെ വഴിയൊരുക്കിയിരിക്കുകയാണെന്നും പ്രതിനിധികള്‍ ആക്ഷേപം ഉന്നയിച്ചു. സമ്മേളനത്തിന്റെ ഭാഗമായി വെള്ളിയാഴ്ച നടന്ന പ്രകടനത്തിലും പൊതുസമ്മേളനത്തില്‍ നിന്നും എ ഗ്രൂപ്പ് വിട്ടുനിന്നിരുന്നു. പൊതുസമ്മേളനത്തിന്റെ ഉദ്ഘാടകനായി തീരുമാനിച്ച കെഎസ്യു സംസ്ഥാന പ്രസിഡന്റ് പി എസ് ജോയിയെ ഒഴിവാക്കിയതിനെ ചൊല്ലിയായിരുന്നു ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കത്തിന് ഇടയാക്കിയത്. പി എസ് ജോയിയെ ഒഴിവാക്കി യൂത്ത് കോണ്‍ഗ്രസ് നേതാവ് എം ലിജുവിനെ കൊണ്ട് സമ്മേളനം ഉദ്ഘാടനം ചെയ്യിച്ചതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിച്ചത്. സമ്മേളനത്തില്‍ പങ്കെടുക്കാനായി കായംകുളത്തേക്ക് വന്ന സംസ്ഥാന പ്രസിഡന്റിനെ മടക്കി അയക്കുകയും ചെയ്തു. പ്രതിനിധി സമ്മേളനത്തിലും സംസ്ഥാന പ്രസിഡന്റ് പങ്കെടുത്തിരുന്നില്ല. പ്രകടനത്തില്‍ 50ല്‍ താഴെ പ്രവര്‍ത്തകര്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത് യോഗത്തിലും ഐ ഗ്രൂപ്പ് നേതാക്കള്‍ മാത്രമായിരുന്നു പങ്കെടുത്തത്.
deshabhimani
No comments:
Post a Comment