Sunday, December 1, 2013

സംസ്ഥാനത്ത് കടുവകളുടെ കണക്കെടുപ്പ് 16നു തുടങ്ങും

തെന്മല: കേരളത്തിലെ വനമേഖലകളില്‍ കടുവകളുടെ കണക്കെടുപ്പിന്റെ ഒന്നാംഘട്ട പ്രവര്‍ത്തനം 16 മുതല്‍ 23വരെ നടക്കും. കടുവകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കണക്കുകള്‍ ശേഖരിക്കാന്‍ ഉള്‍ക്കാടുകളിലേക്ക് കയറുന്ന ഉദ്യോഗസ്ഥസംഘങ്ങള്‍ക്കുള്ള പരിശീലനക്ലാസ് രണ്ടുമുതല്‍ ഒമ്പതുവരെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ശെന്തുരുണി വന്യജീവി സങ്കേതത്തിലെ പരിശീലനം രണ്ടിനും അച്ചന്‍കോവിലിലേത് മൂന്നിനുമാണ്. കേരളത്തില്‍ അരിപ്പ, ശെന്തുരുണി, അച്ചന്‍കോവില്‍, കോന്നി, ഇടുക്കി, തേക്കടി, കാളകെട്ടി, വടശ്ശേരിക്കര, മറയൂര്‍, തട്ടേക്കാട്, വാഴച്ചാല്‍, പറമ്പിക്കുളം, മൂന്നാര്‍, നിലമ്പൂര്‍, മുക്കാലി, ഒലവക്കോട്, നെന്മാറ, പീച്ചി, ആറളം, മാനന്തവാടി, മുത്തങ്ങ, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരിശീലനം നല്‍കുന്നത്.

ആദ്യഘട്ടം എട്ട് ദിവസം ഉള്‍ക്കാട്ടില്‍ കടുവകളെ തേടിയിറങ്ങുന്നതിനായി കേരള വനപ്രദേശങ്ങളെ അഗസ്ത്യമല, പെരിയാര്‍, നിലമ്പൂര്‍, പറമ്പിക്കുളം, വയനാട് എന്നിങ്ങനെ ലാന്റ്സ്കേപ്പുകള്‍ തിരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ നിര്‍ദേശപ്രകാരം കേരളത്തില്‍ പെരിയാര്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനാണ് കടുവാ കണക്കെടുപ്പിന് നേതൃത്വം നല്‍കുന്നത്. ഓരോ ബ്ലോക്കിലും മൂന്ന് വനപാലകര്‍ ഉള്‍പ്പെടുന്ന സംഘമാണ് കടുവകളെത്തേടി കാട്കയറുക. വനംവകുപ്പിലെ സോഷ്യല്‍ ഫോറസ്ട്രി, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ കണക്കെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിരീക്ഷകരാകും. 2006ലും 2010ലും കണക്കെടുപ്പ് നടത്തിയിരുന്നു. 2006ല്‍ 46 കടുവകള്‍ ഉള്ളതായാണ് രേഖപ്പെടുത്തിയത്. പെരിയാറില്‍ 23ഉം പറമ്പിക്കുളത്ത് എട്ടും വയനാട്ടില്‍ 13ഉം കടുവകളുണ്ടെന്നാണ് കണ്ടെത്തിയത്. 2010ല്‍ 112 ഉണ്ടെന്ന് കണ്ടെത്തി. പെരിയാറില്‍ 38, പറമ്പിക്കുളത്ത് 34, വയനാട് 40 എന്ന ക്രമത്തിലായിരുന്നു കടുവകള്‍്. ഇത്തവണഎണ്ണം 200 കവിയുമെന്നാണ് അധികൃത പ്രതീക്ഷ.
(അരുണ്‍ മണിയാര്‍)

deshabhimani

No comments:

Post a Comment