Friday, December 20, 2013

ഫോര്‍ഡ് ഫൗണ്ടേഷന്റെ പണം കൈപ്പറ്റിയെന്ന് കെജ്രിവാള്‍

അമേരിക്കന്‍പണം പറ്റിയിട്ടുണ്ടെന്ന് ആം ആദ്മി പാര്‍ടി നേതാവ് അരവിന്ദ് കെജ്രിവാള്‍. കെജ്രിവാളും മനീഷ് സിസോദിയയും നടത്തിയ "കബീര്‍" എന്ന സംഘടന അമേരിക്കയിലെ ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് വന്‍തോതില്‍ പണം പറ്റിയിട്ടുണ്ടെന്ന് അരുന്ധതി റോയ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. തുടക്കത്തില്‍ ഇത് നിഷേധിച്ച കെജ്രിവാള്‍ ദേശീയ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് നിലപാട് മാറ്റിയത്. ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് തന്റെ സംഘടനയ്ക്ക് പണം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, രണ്ടുവര്‍ഷമായി പണം ലഭിക്കുന്നില്ലെന്നും കെജ്രിവാള്‍ പറഞ്ഞു. എന്നാല്‍, ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളുമായി ഇതിനെ ബന്ധപ്പെടുത്തുന്നതില്‍ അര്‍ഥമില്ല. ഫോര്‍ഡ് ഫൗണ്ടേഷന്‍ മോശമാണെങ്കില്‍ നിരോധിക്കുകയാണ് വേണ്ടത്- കെജ്രിവാള്‍ പറഞ്ഞു.

കെജ്രിവാളിന്റെ സംഘടനയ്ക്ക് പണം നല്‍കിയിട്ടുണ്ടെങ്കിലും അഴിമതിവിരുദ്ധമെന്ന പേരില്‍ അവര്‍ തുടങ്ങിയ പ്രസ്ഥാനവുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്ന് ഫോര്‍ഡ് ഫൗണ്ടേഷന്റെ ഇന്ത്യന്‍ പ്രതിനിധി സ്റ്റീവന്‍ സോള്‍നിക്ക് പറഞ്ഞു. 2010 ലാണ് കെജ്രിവാളിന് ഒടുവില്‍ പണം നല്‍കിയത്. 2005 ല്‍ 1,72,000 ഡോളറും 2008 ല്‍ 1,97000 ഡോളറും നല്‍കിയിട്ടുണ്ട്. 2013 ലും പണം നല്‍കാന്‍ സന്നദ്ധത അറിയിച്ചിരുന്നു- സോള്‍നിക്ക് പറഞ്ഞു. എന്നാല്‍ 2010 ല്‍ എത്ര പണം കൈമാറിയെന്ന് സോള്‍നിക്ക് വെളിപ്പെടുത്തിയില്ല. ഫോര്‍ഡ് ഫൗണ്ടേഷന്റെ വെബ്സൈറ്റില്‍ പണം പറ്റിയ സംഘടനകളുടെ പട്ടികയില്‍നിന്ന് കെജ്രിവാളിന്റെ "കബീര്‍" എന്ന സര്‍ക്കാരിതര സംഘടനയുടെ പേര് നീക്കിയിട്ടുണ്ട്. കെജ്രിവാളിന് പണം നല്‍കിയത് വിവരാവകാശ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണെന്ന് ഫോര്‍ഡ് ഫൗണ്ടേഷന്‍ പ്രതിനിധി അവകാശപ്പെട്ടു.

വിദേശ മൂലധന കടന്നുകയറ്റത്തിന് വഴിയൊരുക്കാനാണ് കെജ്രിവാളിനും സഹായി മനീഷ് സിസോദിയക്കും അണ്ണാ ഹസാരെ സംഘാംഗമായ കിരണ്‍ ബേദിക്കും ഫോര്‍ഡ് പണം നല്‍കിയിട്ടുള്ളതെന്ന് അരുന്ധതി പറഞ്ഞു. ഫോര്‍ഡിനു പുറമെ റോക്ക്ഫെല്ലര്‍ ഫൗണ്ടേഷനും ഇവര്‍ക്ക് പണം നല്‍കിയതായി അരുന്ധതി ആരോപിച്ചു. കെജ്രിവാള്‍ കൊണ്ടുവന്നിട്ടുള്ള ജന്‍ലോക്പാല്‍ ബില്ലില്‍ നിന്ന് കോര്‍പറേറ്റ് സ്ഥാപനങ്ങളെ ഒഴിവാക്കിയിട്ടുള്ളത് ഇതിന്റെ ഭാഗമായാണെന്നും അരുന്ധതി പറഞ്ഞു.

deshabhimani

No comments:

Post a Comment