കേന്ദ്രത്തിനടുത്ത് പോയാലൊന്നും കിട്ടില്ലെന്നറിയാവുന്നതിനാലാണ് മദ്യസല്‍ക്കാരം നടത്തിയത്. സാമ്പത്തികരംഗത്ത് അരാജകത്വത്തിലേക്ക് നയിക്കയാണ് സര്‍ക്കാര്‍. എല്ലാരംഗത്തും കെടുകാര്യസ്ഥതയാണ്. ധൂര്‍ത്തും അഴിമതിയുമാണ് സാമ്പത്തികപ്രതിസന്ധിക്ക് കാരണം. ഈ അരാജകത്വത്തിന് മുഖ്യഉത്തരവാദി താനാണെന്ന് മുഖ്യമന്ത്രി സമ്മതിച്ചുകഴിഞ്ഞു. ഇടതുമുന്നണി ഭരണമൊഴിയുമ്പോള്‍ ട്രഷറിയില്‍ 3,000 കോടി രൂപ മിച്ചമുണ്ടായിരുന്നു. എന്നാലിപ്പോള്‍ ട്രഷറി പൂട്ടാന്‍പോകയാണ്. സംസ്ഥാനചരിത്രത്തിലാദ്യമായി ക്രിസ്മസിന് ഗവ. ജീവനക്കാര്‍ക്ക് മുന്‍കൂറായി ഒരുമാസത്തെ ശമ്പളം നല്‍കാനായില്ല. പങ്കാളിത്തപെന്‍ഷന്റെ ഭാഗമായി ഗവ. ജീവനക്കാരുടെ വിഹിതവും സര്‍ക്കാര്‍ അടച്ചില്ല. ഭാഗ്യക്കുറിയും മദ്യവും വിറ്റാണ് ദൈനംദിനചെലവ് കഴിക്കുന്നത്.
നികുതി പിരിവില്‍ വലിയ കുടിശികയാണ്. കരാറുകാര്‍ക്ക് കോടികള്‍ നല്‍കാത്തതിനാല്‍ നിര്‍മ്മാണപ്രവൃത്തികളും മുടങ്ങുന്നു.പദ്ധതിയിതര ചെലവുകള്‍ കൂടുന്നു. മന്ത്രിമാര്‍ ഓരോരുത്തരും തോന്നിയ പദ്ധതികള്‍ പ്രഖ്യാപിക്കുന്നു. ചെറുകിടകരാറുകാരെ ഈ മേഖലയില്‍ നിന്നൊഴിവാക്കി വന്‍കിടക്കാരുടെ സാമ്രാജ്യമാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍.യന്ത്രസാമഗ്രികള്‍ വാടകക്കെടുത്ത് പണിനടത്തുന്നത് അനുവദിക്കാത്തതും മറ്റും കുത്തകകളെ സഹായിക്കാനാണ്. പ്രവൃത്തികള്‍ വിഭജിച്ച് ചെറുകരാറുകാര്‍ക്ക് അനുവദിക്കണം. റോഡ്പണിതശേഷം വേഗം പൊളിഞ്ഞാല്‍ കരാറുകാരെ മാത്രം കുറ്റക്കാരാക്കുന്ന സ്ഥിതി ശരിയല്ല. പണിക്ക് മേല്‍നോട്ടംവഹിക്കുന്ന ഉദ്യോഗസ്ഥരിലും ഉത്തരവാദിത്തം നിക്ഷിപ്തമാക്കണം.കരാര്‍വ്യവസ്ഥകളില്‍ സമൂലമാറ്റം വരുത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.സമ്മേളനത്തില്‍ വി കെ സി മമ്മത്കോയ അധ്യക്ഷനായി.
ധനകമീഷന് സര്‍ക്കാര്‍ മദ്യം വിളമ്പി; സല്‍ക്കാരം മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍
ധനകമീഷന്‍ അംഗങ്ങള്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ സര്‍ക്കാര്‍ വക മദ്യസല്‍ക്കാരം. കേരളത്തിന്റെ ആവശ്യങ്ങളൊന്നും ഗൗരവത്തോടെ കമീഷന് സമര്‍പ്പിക്കാന്‍പോലും കഴിയാത്ത സര്‍ക്കാരാണ് ചൊവ്വാഴ്ച വൈകിട്ട് നക്ഷത്ര ഹോട്ടലായ താജ് വിവാന്റയില്‍ ധനകമീഷന്‍ അംഗങ്ങള്‍ക്ക് ഇറക്കുമതി ചെയ്ത മദ്യം അത്താഴത്തോടൊപ്പം വിളമ്പിയത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ കെ എം മാണി, കെ സി ജോസഫ്, കെ ബാബു എന്നിവര്‍ പങ്കെടുത്ത, താജ് വിവാന്റയുടെ നീന്തല്‍കുളത്തിന് സമീപം ഒരുക്കിയ അത്താഴവിരുന്നിലായിരുന്നു മദ്യസല്‍ക്കാരം.
വൈകിട്ട് ധനകമീഷന്‍ അംഗങ്ങള്‍ക്ക് സാംസ്കാരികവിരുന്ന് ഒരുക്കുന്നുവെന്നപേരിലാണ് തലിസ്കര്‍, അബ്സല്യൂട്ട് വോഡ്ക എന്നിവയുള്‍പ്പെടെ വന്‍തുകയുടെ മദ്യം എത്തിച്ചത്. മുന്‍ വര്‍ഷങ്ങളിലൊന്നും ധനകമീഷന്‍ കേരളം സന്ദര്‍ശിച്ചപ്പോള്‍ ഇത്തരം ധൂര്‍ത്ത് വിരുന്നിന് സര്‍ക്കാര്‍ മുതിര്‍ന്നിരുന്നില്ല. ഇത്തവണ സാമ്പത്തികഞെരുക്കത്തിന്റെ പേരില്‍ ജീവനക്കാര്‍ക്ക് ക്രിസ്മസ് ശമ്പളം 25 ശതമാനമായി വെട്ടിക്കുറയ്ക്കുകയും പണമില്ലാത്തതിനാല്‍ നിത്യോപയോഗസാധനങ്ങള്‍ നല്‍കുന്ന ക്രിസ്മസ് ചന്തകള്‍പോലും ഒരിടത്തും തുറക്കാതിരിക്കുയും ചെയ്തപ്പോഴാണ് ധനകമീഷന്‍ അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ മദ്യം വിളമ്പിയത്. അത്താഴവിരുന്ന് നടക്കുന്നതിനുമുമ്പ് കലാപരിപാടികള്‍ ആരംഭിച്ചപ്പോഴേ മദ്യം വിളമ്പിത്തുടങ്ങിയിരുന്നു. ഡിജിപി കെ എസ് ബാലസുബ്രഹ്മണ്യം ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. വാണിജ്യ, നികുതി വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍പോലും ധനകമീഷന്‍ അംഗങ്ങള്‍ക്കൊപ്പം മദ്യം അകത്താക്കി.
deshabhimani
No comments:
Post a Comment