Friday, July 30, 2010

പുതിയ 56 വ്യാപാരകരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കും

പാര്‍ലമെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടരുതെന്ന് കര്‍ഷകസംഘടനകള്‍. യൂറോപ്യന്‍ യൂണിയനടക്കം 56 രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പിടാനുള്ള കേന്ദ്രതീരുമാനം രാജ്യത്തെ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ വട്ടമേശ സമ്മേളനം വിലയിരുത്തി.

ലോകവ്യാപാര സംഘടനയെക്കുറിച്ചും ഇന്ത്യന്‍ കര്‍ഷകരില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ധവളപത്രം ഇറക്കുക, സ്വതന്ത്രവ്യാപാര കരാര്‍ വിഷയത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളുടെ വിശദാംശം പുറത്തുവിടുക, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷകപ്രതിനിധികള്‍, വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.

യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ഇസ്രയേല്‍ എന്നീ രാജ്യങ്ങളുമായടക്കം ഒപ്പുവയ്ക്കാന്‍ ഒരുങ്ങുന്ന 56 സ്വതന്ത്രകരാര്‍ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന് കിസാന്‍സഭ അധ്യക്ഷന്‍ എസ് രാമചന്ദ്രന്‍പിള്ള സമ്മേളനത്തില്‍ പറഞ്ഞു. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ക്ക് ദോഷകരമായ ആസിയന്‍ കരാറിനു പിന്നാലെയാണ് പുതിയ കരാറിനൊരുങ്ങുന്നത്. ലോകവ്യാപാര കരാറിനായുള്ള ദോഹവട്ടം ചര്‍ച്ചകള്‍ വിജയത്തിലെത്താത്ത പശ്ചാത്തലത്തിലാണ് പുതിയ കരാറുകളിലേക്ക് സര്‍ക്കാര്‍ നീങ്ങുന്നത്. അമേരിക്കയും യൂറോപ്യന്‍ യൂണിയനുമടക്കമുള്ള വികസിത രാഷ്ട്രങ്ങളും ഇന്ത്യയിലെ ഭരണവര്‍ഗവുമാണ് ഇതിന് താല്‍പ്പര്യം പ്രകടിപ്പിക്കുന്നതെന്നും എസ് ആര്‍ പി പറഞ്ഞു.

യൂറോപ്യന്‍ യൂണിയനുമായി ഒപ്പുവയ്ക്കുന്ന കരാര്‍ പക്ഷപാതപരമാണെന്ന് സമ്മേളനം വിലയിരുത്തി. കരാര്‍ നടപ്പാകുന്നതോടെ 90 ശതമാനം കാര്‍ഷിക ഉല്‍പ്പന്നങ്ങളും തീരുവരഹിതമായി ഇറക്കുമതി ചെയ്യേണ്ടിവരും. നിലവില്‍ യൂറോപ്പില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടെ ശരാശരി തീരുവ 114 ശതമാനമാണ്. കയറ്റുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങളുടേതാവട്ടെ 15.9 ശതമാനം മാത്രമാണ്. യൂറോപ്പിലേക്ക് ഇന്ത്യ കയറ്റുമതിചെയ്യുന്ന ഉല്‍പ്പന്നങ്ങളില്‍ 30 ശതമാനവും ഇപ്പോള്‍ത്തന്നെ തീരുവരഹിതമാണ്. അതുകൊണ്ട് സ്വതന്ത്രകരാര്‍ യൂറോപ്പിലെ കാര്‍ഷികമേഖലയ്ക്ക് ദോഷകരമല്ല. ഇറക്കുമതി തീരുവരഹിതമാകുന്നതോടെ യൂറോപ്പിലെ സബ്സിഡി ഉല്‍പ്പന്നങ്ങള്‍ ഇന്ത്യന്‍ വിപണിയിലേക്ക് ഒഴുകും. മത്സരത്തില്‍ ഇന്ത്യന്‍ കര്‍ഷകര്‍ പിന്തള്ളപ്പെടും. ഗോതമ്പ്, ക്ഷീരകര്‍ഷകര്‍ക്കാവും കടുത്ത മത്സരം നേരിടേണ്ടി വരിക. ബൌദ്ധികസ്വത്തവകാശ വിഷയത്തില്‍ ട്രിപ്സ് പ്ളസ് വ്യവസ്ഥകള്‍ നിലവില്‍ വരുന്നതോടെ കര്‍ഷകര്‍ക്ക് വിത്തുകള്‍ക്കു മേലുള്ള അവകാശം നഷ്ടപ്പെടും. കുറഞ്ഞ നിരക്കില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാകാത്ത അവസ്ഥയും വരും- സമ്മേളനം വിലയിരുത്തി.

അഖിലേന്ത്യാ കിസാന്‍സഭ ജനറല്‍സെക്രട്ടറി കെ വരദരാജന്‍, കര്‍ഷകസംഘടനാ നേതാക്കളായ സി കെ ചന്ദ്രപ്പന്‍, അതുല്‍കുമാര്‍ അഞ്ജന്‍, ബീര്‍സിങ് മഹാതോ, രാജേഷ്കുമാര്‍ രാജു എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.

ദേശാഭിമാനി 30072010

1 comment:

  1. പാര്‍ലമെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും അനുമതിയില്ലാതെ മറ്റ് രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറുകളില്‍ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടരുതെന്ന് കര്‍ഷകസംഘടനകള്‍. യൂറോപ്യന്‍ യൂണിയനടക്കം 56 രാജ്യങ്ങളുമായി സ്വതന്ത്രവ്യാപാര കരാറില്‍ ഒപ്പിടാനുള്ള കേന്ദ്രതീരുമാനം രാജ്യത്തെ കാര്‍ഷികമേഖലയെ തകര്‍ക്കുമെന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന ഇടതുപക്ഷ കര്‍ഷകസംഘടനകളുടെ വട്ടമേശ സമ്മേളനം വിലയിരുത്തി.

    ലോകവ്യാപാര സംഘടനയെക്കുറിച്ചും ഇന്ത്യന്‍ കര്‍ഷകരില്‍ അത് സൃഷ്ടിക്കുന്ന പ്രത്യാഘാതത്തെക്കുറിച്ചും ധവളപത്രം ഇറക്കുക, സ്വതന്ത്രവ്യാപാര കരാര്‍ വിഷയത്തില്‍ നടന്നുവരുന്ന ചര്‍ച്ചകളുടെ വിശദാംശം പുറത്തുവിടുക, സംസ്ഥാന സര്‍ക്കാരുകള്‍, കര്‍ഷകപ്രതിനിധികള്‍, വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവരുമായി കൂടിയാലോചനകള്‍ നടത്തുക എന്നീ ആവശ്യങ്ങളും സമ്മേളനം മുന്നോട്ടുവച്ചു.

    ReplyDelete